Arts - 2025
മരത്തടിയില്‍ ക്രിസ്തുവിന്റെ രൂപം? ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറൽ
പ്രവാചക ശബ്ദം 20-07-2020 - Monday
ഇറ്റാക്വിറൈ: ബ്രസീലിലെ തെക്ക്-പടിഞ്ഞാറന്‍ സംസ്ഥാനമായ മാറ്റോ ഗ്രോസ്സോ ഡോ സുളില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടെ തടിയില്‍ പ്രത്യക്ഷപ്പെട്ട രൂപം സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. മുനിസിപ്പാലിറ്റി തൊഴിലാളികള്‍ നടപ്പാതക്ക് വേണ്ടി മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടയില്‍ വില്ലോമരത്തിന്റെ കഷണത്തില്‍ പ്രത്യക്ഷപ്പെട്ട യേശുക്രിസ്തുവിന്റെ രൂപമെന്ന് തോന്നിപ്പിക്കുന്ന മരത്തടി ഭാഗത്തിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. മാറ്റോ ഗ്രോസ്സോ ഡോ സുള്ളിലെ ഇറ്റാക്വിറൈ പട്ടണത്തിലെ മോണ്ടെ കാസ്റ്റെല്ലോ അവെന്യൂവിലെ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനിടയിലാണ് ഈ അത്ഭുതദൃശ്യം തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
പിന്നീട് പണികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന റോഡ് വര്‍ക്സ് ഡയറക്ടര്‍ ഒഡിമര്‍ സോസ ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരിന്നു. ഇത് വൈറലായി. ആദ്യം മരംമുറിക്കുന്ന യന്ത്രത്തിന്റെ ചെയിന്‍ പൊട്ടിയതിനാല്‍ തങ്ങള്‍ക്കത് ഒരു ചിത്രശലഭത്തിന്റെ രൂപം പോലെയാണ് തോന്നിയതെന്നും പൊട്ടിയ ചെയിന്‍ മാറ്റി മരം പൂര്‍ണ്ണമായും മുറിച്ചു കഴിഞ്ഞപ്പോഴാണ് റിയോ ഡി ജെനീറോയിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ രൂപത്തോട് സാമ്യമുള്ള യേശുവിന്റെ വ്യക്തമായ രൂപം പ്രകടമായതെന്നും പ്രാദേശിക മാധ്യമമായ ‘ഗ്ലോബോ’യോട് ഒഡിമര്‍ സോസ വെളിപ്പെടുത്തി. തച്ചന്റെ മകനായ യേശുക്രിസ്തുവിന്റെ രൂപം മരത്തടിയില്‍ പ്രത്യക്ഷപ്പെട്ടത് ഒരു ദൈവീക വെളിപ്പെടുത്തലാണെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇതിനോട് സഭാനേതൃത്വം യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക