Arts - 2024

ഹോളിവുഡ് താരത്തിന്റെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള യാത്രയെ കേന്ദ്രീകരിച്ച് ഡോക്യുമെന്ററി ചിത്രം

പ്രവാചക ശബ്ദം 05-07-2020 - Sunday

കാലിഫോര്‍ണിയ: പ്രമുഖ ഹോളിവുഡ് താരം ടിസി സ്റ്റാലിങ്സ് അടിയുറച്ച ക്രൈസ്തവ വിശ്വാസിയായി മാറിയ കഥ ഡോക്യുമെന്ററി രൂപത്തില്‍ പുറത്തിറങ്ങി. '24 കൗണ്ടർ: ദ സ്റ്റോറി ബിഹൈൻഡ് ദി റൺ' എന്ന പേരിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ഫുട്ബോള്‍ ഭ്രമവും ധനസമ്പാദനത്തിന് വേണ്ടിയുള്ള ആഗ്രഹവും കൊണ്ട് ജീവിതം തള്ളിനീക്കി ഒടുവില്‍ ക്രൈസ്തവ വിശ്വാസത്തെ പുല്‍കിയ താരത്തിന്റെ കഥയാണ് ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മയക്കുമരുന്നും, ഗുണ്ടാ സംഘങ്ങളും സുലഭമായ നാട്ടിലാണ് സ്റ്റാലിങ്സ് ജനിക്കുന്നത്. ഒരു ഫുട്ബോൾ താരം ആകണമെന്ന ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നതിനാൽ, അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ കാൽപന്തുകളിയിലായിരുന്നു. ഫുട്ബോൾ സ്റ്റാലിങ്സിന്റെ ദൈവമായി മാറി. അതിലൂടെ നല്ലൊരു കോളേജിൽ പ്രവേശനം നേടാമെന്നും, കുടുംബത്തിനുവേണ്ടി പണം സമ്പാദിക്കാമെന്നും, നല്ലൊരു കരിയർ പടുത്തുയർത്താമെന്നും താൻ കരുതിയിരുന്നതായി ടിസി സ്റ്റാലിങ്സ് പറയുന്നു. കോളേജിൽ പ്രവേശനം ലഭിച്ചെങ്കിലും, ജീവിതത്തിൽ ഏറ്റവും പ്രാധാന്യം ദൈവത്തിനാണെന്ന് അവിടെ വച്ച് അദ്ദേഹം മനസിലാക്കുകയായിരിന്നു.

24 COUNTER: The Story BEHIND The Run from Team TC Productions on Vimeo.



അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാനുള്ള ഉപകരണമായി കാൽപന്തുകളിയെ ദൈവം മാറ്റി. ദൈവമാണ് നമ്മുടെ ജീവിതത്തിന്റെ ഉടയവനെന്നും ഫുട്ബോൾ അല്ല മറിച്ച് പരിശുദ്ധാത്മാവാണ് നമ്മുടെ പ്രവർത്തികളെ നിയന്ത്രിക്കേണ്ടതെന്നും അക്കാലഘട്ടത്തിൽ മനസ്സിലാക്കാൻ സാധിച്ചതായി സ്റ്റാലിങ്സ് വിശദീകരിച്ചു. പുതിയ പദ്ധതികൾക്കു തുടക്കമായി ഡോക്യുമെന്ററി മാറുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. ആളുകൾ പറയുന്നത് കേട്ടല്ല, മറിച്ച് ദൈവം പറയുന്നത് കേട്ടാണ് താൻ ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കുന്നതെന്നും എല്ലാ ക്രൈസ്തവരും അപ്രകാരമായിരിക്കണം ജീവിതത്തിൽ മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Archives >>

Page 1 of 17