India - 2025
ചെല്ലാനത്തെ തീരദേശ ജനതയ്ക്കു സഹായവുമായി 'കാസ'
പ്രവാചക ശബ്ദം 23-07-2020 - Thursday
കൊച്ചി: രൂക്ഷമായ കടലാക്രമണവും കോവിഡ് ഭീതിയും മൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനത്തെ തീരദേശ ജനതയ്ക്കു സഹായവുമായി ക്രിസ്ത്യൻ സംഘടനയായ കാസ (ക്രിസ്ത്യൻ അസോസിയേഷൻ ആന്‍ഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ). തീരദേശ ജനതയ്ക്കു അരിയും, പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കാസ എത്തിച്ചു നൽകി. ട്രോളിങ്, ട്രിപ്പിൾ ലോക് ഡൗൺ എന്നിവ മൂലം ഒരു മാസത്തോളം ജോലിയും വരുമാന മാര്‍ഗങ്ങളും ഇല്ലാതിരിക്കുന്ന ചെല്ലാനത്തുകാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് 'കാസ' സഹായവുമായി രംഗത്ത് ഇറങ്ങിയത്. ചെല്ലാനത്തെ ശോചനീയാവസ്ഥ പുറംലോകത്തെ അറിയിക്കുവാനുള്ള കാസയുടെ ക്യാമ്പയിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. കടൽ ഭിത്തി നിർമാണം ഉൾപ്പെടെ ചെല്ലാനം നിവാസികളുടെ എല്ലാവിധ ആവശ്യങ്ങൾക്കും കാസ ഒപ്പമുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
