Arts - 2024

അന്താരാഷ്ട്ര ഭൂതോച്ചാടക സംഘടനയുടെ പുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് വിശ്വാസികളിലേക്ക്

പ്രവാചക ശബ്ദം 10-08-2020 - Monday

റോം: പൈശാചിക ബാധയൊഴിപ്പിക്കല്‍ സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ ഭൂതോച്ചാടകരുടെ അന്താരാഷ്ട്ര സംഘടനയായ 'ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്' (ഐ.എ.ഇ) തയ്യാറാക്കിയ പുതിയ ലഘു ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കുന്നു. “ഗൈഡ് ലൈന്‍സ് ഫോര്‍ ദി മിനിസ്ട്രി ഓഫ് എക്സോര്‍സിസം” എന്ന പേര് നല്‍കിയിരിക്കുന്ന പുസ്തകം വത്തിക്കാന്റെ പുനപരിശോധനക്ക് ശേഷം ഈ വര്‍ഷം അവസാനത്തോടേയോ, അടുത്ത വര്‍ഷം ആരംഭത്തിലോ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതിന്റെ ഇറ്റാലിയന്‍ പതിപ്പ് മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. മെത്രാന്മാരാല്‍ പ്രത്യേകം തെരെഞ്ഞെടുക്കപ്പെട്ട വൈദികര്‍ക്ക് മാത്രമേ ഭൂതോച്ചാടന കര്‍മ്മം ചെയ്യുവാന്‍ അധികാരമുള്ളൂവെന്ന് അസോസിയേഷന്‍ പുസ്തകത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.

നിലവില്‍ സംഘടനയില്‍ അംഗങ്ങളായ വൈദികര്‍ക്ക് വേണ്ടി മാത്രമായി തിരുസഭ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ ഭൂതോച്ചാടന കര്‍മ്മങ്ങള്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈനിലൂടെ പ്രസിദ്ധീകരിച്ചിരുന്ന ഈ പുസ്തകം, നിരവധി മെത്രാന്‍മാരുടേയും വൈദികരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് പൊതുവായി പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചതെന്ന് അസോസിയേഷന്റെ നിലവിലെ പ്രസിഡന്റായാ ഫാ. ഫ്രാന്‍സെസ്കോ ബാമോന്റെ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പത്രമായ അവനീറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പൈശാചിക ബാധയൊഴിപ്പിക്കല്‍ സംബന്ധിച്ച ചില തെറ്റിദ്ധാരണകളും, ആശയകുഴപ്പങ്ങളും ദൂരീകരിക്കുവാനും പുസ്തകം വഴി കഴിയുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പിശാച് ബാധയൊഴിപ്പിക്കല്‍ വെറും പ്രാര്‍ത്ഥന ഉരുവിടല്‍ മാത്രമല്ലെന്നും ഭൂതോച്ചാടന ശുശ്രൂഷയെ അസോസിയേഷന്‍ വ്യക്തമാക്കുന്നുണ്ട്. അന്ധവിശ്വാസം, മന്ത്രവാദം തുടങ്ങിയ കാര്യങ്ങള്‍ ആളുകളെ പിശാചിന്റെ സ്വാധീനത്തില്‍ പെടുത്തുന്നുണ്ടെന്ന്‍ അസോസിയേഷന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. റോമിലെ സുപ്രസിദ്ധ ഭൂതോച്ചാടകനായിരുന്ന ഫാ. ഗബ്രിയേല്‍ അമോര്‍ത്താണ് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന് രൂപം നല്‍കിയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 19