India - 2025

മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91ാം വയസിലേക്ക്

13-08-2020 - Thursday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷനും ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റുമായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ നാളെ 91ാം വയസിലേക്കു പ്രവേശിക്കുന്നു. 1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യ സ്വീകരിച്ചു.

1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി നിയമിതനായി. 1972 ഫെബ്രുവരി 13ന് റോമിലായിരുന്നു മെത്രാഭിഷേകം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി നിയമിതനായി. 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായ അദ്ദേഹം 1986 ജനുവരി 17 മുതല്‍ 2007 മാര്‍ച്ച് 19വരെ അതിരൂപതയെ നയിച്ചു. 1993മുതല്‍ 96വരെ കെസിബിസി ചെയര്‍മാന്‍, 1994 മുതല്‍ 98വരെ സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007-ല്‍ ആണ് അദ്ദേഹം വിരമിച്ചത്.

നാളെ രാവിലെ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ മാര്‍ പവ്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ആഘോഷങ്ങളുണ്ടാവില്ല. സന്ദര്‍ശനവും ഒഴിവാക്കിയിട്ടുണ്ട്. ജന്മദിനമാഘോഷിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് കത്തോലിക്കാ സഭയുടെ സഭൈക്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ കുര്‍ട്ട് കോഹ് ആശംസ നേര്‍ന്നു.


Related Articles »