India - 2025
ഫാ. ഷിന്റോ ഇപ്പോള്‍ അടുക്കളയിലാണ്
ദീപിക 14-08-2020 - Friday
മൂന്നാര്‍: കോവിഡ് മഹാമാരി കാരണം ദേവാലയ അള്‍ത്താരയില്‍ ദിവ്യബലിയര്‍പ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ഇല്ലാതായപ്പോള്‍ ഫാ.ഷിന്റോ അടുക്കളയിലെത്തി. ആപത്ഘട്ടങ്ങളില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണമൊരുക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ ഭക്ഷണമൊരുക്കുന്നത് പെട്ടിമുടിയിലെ ദുരന്ത മേഖലയില്‍ പ്രതികൂല കാലാവസ്ഥയില്‍ അക്ഷീണം യത്‌നിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കായിട്ടാണ്. കഴിഞ്ഞ മൂന്നു മാസമായി വിജയപുരം രൂപതയുടെ കീഴിലുള്ള മൂന്നാര്‍ ഇന്റഗ്രല്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ മിസ്റ്റിന്റെ ഡയറക്ടറായ ഇദ്ദേഹം പുതിയൊരു ദൗത്യത്തിലാണ്.
കിടപ്പുരോഗികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുവാനുള്ള ദൗത്യം അച്ചന്‍ ഏറ്റെടുക്കുകയായിരുന്നു. അച്ചന്റെ നേതൃത്വത്തില്‍ ഭക്ഷണം തയാറാക്കി വീടുകളില്‍ എത്തിച്ചു നല്‍കി. 2018 ലെ പ്രളയ സമയത്ത് വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാന്പില്‍ കഴിഞ്ഞിരുന്ന സുബ്രഹ്മണ്യന്‍ മരിച്ചതോടെ സംസ്‌കാരം നടത്താന്‍ പള്ളി സെമിത്തേരിയില്‍ സ്ഥലം നല്‍കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്നാറിന്റെ പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായ അച്ചന്‍ ഇപ്പോള്‍ പള്ളിവാസല്‍ സെന്റ് ആന്‍സ് ഇടവക വികാരിയായും സേവനമനുഷ്ടിച്ചു വരുന്നു.