India - 2025
മത്തായിയുടെ കുടുംബത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പൂര്‍ണ പിന്തുണ: മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍
13-08-2020 - Thursday
പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച കര്‍ഷകന്‍ പി.പി. മത്തായിയുടെ കുടുംബത്തിനു നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. മത്തായിയുടെ വീടിനു മുന്പില്‍ കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് നടത്തിയ ഐക്യദാര്‍ഢ്യ ഉപവാസസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോര കര്‍ഷകര്‍ക്ക് ഭീതിയോടെ മാത്രമേ വനപാലകരെ കാണാന്‍ കഴിയൂ. മത്തായിയുടെ കേസില്‍ നീതി ഉറപ്പാക്കണം, കുടുംബത്തിനു സംരക്ഷണം ലഭിക്കണം. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചേ മതിയാകൂവെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
വ്യക്തമായ തെളിവുകളുണ്ടായിട്ടും വനപാലകര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് മടിക്കുന്നത് ഭരണതലത്തിലെ സ്വാധീനം മൂലമാണ്. നിയമനടപടികള്‍ വൈകിപ്പിക്കാനാണ് ഭാവമെങ്കില്‍ പതിനായിരക്കണക്കിന് കര്‍ഷകര്‍ അണിനിരക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ക്കൊപ്പമാണ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എത്തിയത്.
മത്തായിയുടെ ഭാര്യ ഷീബാമോളെയും മക്കളെയും മാതാവിനെയും സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്തുകയും തങ്ങളുടെ പൂര്‍ണ പിന്തുണ ബിഷപ്പുമാര്‍ അറിയിക്കുകയും ചെയ്തു. പി.സി. ജോര്‍ജ് എംഎല്‍എ, മുന്‍ എംപി കെ. ഫ്രാന്‍സിസ് ജോര്‍ജ്, ഷെവ. വി.സി. സെബാസ്റ്റ്യന്‍, താമരശേരി രൂപത ചാന്‍സലര്‍ ഫാ. ബെന്നി മുണ്ടാട്ട്, പത്തനംതിട്ട ഫൊറോന വികാരി ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. ജോസഫ് കുരുമ്പിലേത്ത്, ഫാ. അജി അത്തിമൂട്ടില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഉപവാസ സമരത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവ.അഡ്വ.വി.സി. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. റവ. ബസലേല്‍ റന്പാന്‍, സംസ്ഥാന കണ്വീസനര്‍ ജോയി കണ്ണംചിറ, കിസാന്‍ മഹാസംഘ് ജനറല്‍ സെക്രട്ടറി അഡ്വ. ബിനോയ് തോമസ്, ദേശീയ കോ ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.യുഡിഎഫ് സെക്രട്ടറി ജോണി നെല്ലൂര്‍ മത്തായിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു.