India - 2025

എട്ടുനോമ്പാചരണം തീക്ഷ്ണമായി ആചരിക്കണം: കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി

പ്രവാചക ശബ്ദം 24-08-2020 - Monday

കൊച്ചി: കോവിഡിന്റെ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മഹാമാരിയെ അതിജീവിക്കുക എന്ന നിയോഗത്തില്‍ സഭയില്‍ എല്ലാവരും ഈ വര്‍ഷത്തെ എട്ടുനോമ്പ്‌ തീക്ഷ്ണമായി അനുഷ്ഠിക്കണമെന്ന്‌ സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. നോമ്പിനിടയിലുള്ള നാലാം തീയതി വെള്ളിയാഴ്ച സാധിക്കുന്ന എല്ലാവരും ഉപവാസം അനുഷ്ഠിക്കേണ്ടതാണെന്നും അന്നേ ദിവസം സഭയിലെ മെത്രാന്മാരും, രൂപതക്കാരും സമര്‍പ്പിതരുമായ എല്ലാ വൈദികരും ഈ മഹാമാരിയെ അതിജീവിക്കുന്നതിന്‌ ദൈവകരുണ യാചിച്ചുകൊണ്ടു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെന്നും ഇന്നു പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

"സീറോ മലബാർ സിനഡ് തീരുമാനമനുസരിച്ച് സെപ്റ്റമ്പര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും നോമ്പ്‌ ആചരിക്കേണ്ടതാണ്‌. ഈ ദിവസങ്ങളില്‍ പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള അതിജീവനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടരണം. നോമ്പുദിവസങ്ങളില്‍ മാംസവും മത്സ്യവും വര്‍ജിക്കണമെന്നു പറയേണ്ടതില്ലല്ലോ. ആ വിശുദ്ധ കുര്‍ബാനയില്‍ ജനങ്ങളെല്ലാവരും ഏതെങ്കിലും രീതിയില്‍ സംബന്ധിക്കുവാന്‍ പരിശ്രമിക്കണം. അങ്ങനെ നമ്മുടെ സഭ മുഴുവന്‍ ഒരേ ദിവസം ഒന്നിച്ച്‌ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവസന്നിധിയില്‍ അത്‌ കൂടുതല്‍ സ്വീകാര്യമാകുമല്ലോ. എട്ടാം തീയതി പരിശുദ്ധ അമ്മയുടെ ജനനത്തിരുനാള്‍ നമുക്ക്‌ സമുചിതമായി ആഘോഷിക്കാം." പ്രസ്താവനയിൽ പറയുന്നു.

More Archives >>

Page 1 of 341