Life In Christ - 2025

അമേരിക്കന്‍ ചരിത്രത്തിലെ പതിനൊന്നാമത് മെത്രാന്‍ സഹോദരന്മാരാകാന്‍ പാര്‍ക്സ് സഹോദരങ്ങള്‍

പ്രവാചക ശബ്ദം 02-09-2020 - Wednesday

സെന്റ്‌ പീറ്റേഴ്സ്ബര്‍ഗ്: ആദ്യം പാര്‍ക്സ് സഹോദരന്മാര്‍, പിന്നീട് പാര്‍ക്സ് ഫാദേഴ്സ്, അധികം താമസിയാതെ പാര്‍ക്സ് മെത്രാന്‍മാര്‍. വരുന്ന സെപ്റ്റംബര്‍ 23ന് സാവന്ന രൂപതയുടെ മെത്രാനായി ഫാ. സ്റ്റീഫന്‍ പാര്‍ക്സ് അഭിഷിക്തനാകുന്നതോടെ അമേരിക്കന്‍ സഹോദര മെത്രാന്‍ ചരിത്രത്തിലേക്ക് പുതിയ ഒരേടു കൂടി. ഏതാണ്ട് അഞ്ചു ലക്ഷത്തോളം വിശ്വാസികളുള്ള സെന്റ്‌ പീറ്റേഴ്സ്ബര്‍ഗ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഗ്രിഗറി പാര്‍ക്സിനു പിന്നാലെയാണ്, സഹോദരന്‍ ഫാ. സ്റ്റീഫന്‍ പാര്‍ക്സും മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. അമേരിക്കന്‍ കത്തോലിക്ക സഭ ചരിത്രത്തില്‍ മെത്രാന്മാരാവുന്ന പതിനൊന്നാമത്തെ സഹോദരങ്ങളാണ് ഇരുവരും.

വിശ്വാസം നിറഞ്ഞ ഒരു കുടുംബത്തിലാണ് തങ്ങള്‍ ജനിച്ചു വളര്‍ന്നതെന്നു ബിഷപ്പ് ഗ്രിഗറി പാര്‍ക്സ് പറയുന്നു. ഇതൊരു മഹത്തായ ദൈവാനുഗ്രഹമാണെന്ന്‍ നിയുക്ത ബിഷപ്പ് സ്റ്റീഫന്‍ പാര്‍ക്സും പറഞ്ഞു. ഗ്രിഗറി പാര്‍ക്സ് ഫ്ലോറിഡ സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയപ്പോള്‍ സഹോദരന്‍ ഫാ. സ്റ്റീഫന്‍ പാര്‍ക്സ് തെക്കന്‍ ഫ്ലോറിഡ സര്‍വ്വകലാശാലയില്‍ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ്‌ മാര്‍ക്കറ്റിംഗ് ബിരുദം സ്വന്തമാക്കി. എന്നാല്‍ ദൈവവിളിയ്ക്കു ആദ്യം പ്രത്യുത്തരം നല്‍കിയത് അനിയനായ ഫാ. സ്റ്റീഫനാണ്. അദ്ദേഹം 1998-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. ബിഷപ്പ് ഗ്രിഗറി പിറ്റേ വര്‍ഷം 1999-ലാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്.

ഒര്‍ലന്‍റോ മേഖലയില്‍ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹം ആദ്യം പെന്‍സാക്കൊള-ടള്ളഹാസീ രൂപതയുടേയും പിന്നീട് സെന്റ്‌ പീറ്റേഴ്സ്ബര്‍ഗ് രൂപതയുടെയും മെത്രാനായി നിയമിതനാവുന്നത്. ഫാ. സ്റ്റീഫന്‍ 22 വര്‍ഷക്കാലം വൈദികനായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ഇപ്പോള്‍ മെത്രാനായി അഭിഷിക്തനാകുന്നത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുവാന്‍ കഴിവതും ശ്രമിച്ചിട്ടുണ്ടെന്ന് ഈ സഹോദരങ്ങള്‍ പറയുന്നു. കഴിഞ്ഞ രണ്ടു പാപ്പമാരും തന്റെ ഉയരത്തെക്കുറിച്ച് ചോദിച്ചിട്ടുണ്ടെന്ന് ആറടി എട്ടിഞ്ച് ഉയരക്കാരനായ ബിഷപ്പ് ഗ്രിഗറി പറഞ്ഞു. അനിയന്‍ സ്റ്റീഫനും ആറടിക്കടുത്ത് ഉയരമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കഷ്ടതകളും, ബുദ്ധിമുട്ടും നിറഞ്ഞ ഒരു വര്‍ഷമാണെങ്കിലും, തങ്ങളില്‍ ഏല്‍പ്പിക്കപ്പെട്ട ദൗത്യം വഴി ജനങ്ങള്‍ക്ക് പ്രത്യാശയും പ്രചോദനവും പകരുവാനുള്ള തയ്യാറെടുപ്പിലാണ് ഈ സഹോദരന്മാര്‍.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 46