Arts
റഷ്യന്‍ സിറിയന്‍ സൈനികരുടെ സാന്നിധ്യത്തില്‍ 'പുതിയ ഹാഗിയ സോഫിയ'യ്ക്കു തറക്കല്ലിട്ടു
പ്രവാചക ശബ്ദം 06-09-2020 - Sunday
ഡമാസ്ക്കസ്: പുരാതന ക്രിസ്ത്യന്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മോസ്ക്കാക്കി പരിവര്‍ത്തനം ചെയ്ത തുര്‍ക്കിയോടുള്ള പ്രതിഷേധമെന്ന നിലയില്‍ സിറിയന്‍ ഭരണകൂടം ഹാഗിയ സോഫിയയുടെ ചെറു പതിപ്പ് നിര്‍മ്മിക്കുവാന്‍ തറക്കല്ലിട്ടു. സിറിയയുടെ പ്രധാന സഖ്യകക്ഷിയായ റഷ്യയുടെ സഹായത്തോടെ ഹാമായിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് ഭൂരിപക്ഷ നഗരമായ അല്‍-സുക്കൈലാബിയയിലാണ് ഇന്നലെ തറക്കല്ലിടല്‍ ചടങ്ങ് നടത്തിയത്.
ഓർത്തഡോക് സഭാ നേതൃത്വത്തിന്റെയും റഷ്യൻ, സിറിയൻ സൈനിക പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരിന്നു മിനി ഹാഗിയ സോഫിയയുടെ തറക്കല്ലിടല്‍. ഗ്രീക്ക് ഓർത്തഡോക്‌സ് ബിഷപ്പ് നിക്കോളാസ് ബാൽബക്കി പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് കാർമികത്വം വഹിച്ചു. സിറിയയിലെ റഷ്യൻ സായുധ സേനാ സംഘത്തിന്റെ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ അലക്സാണ്ടർ ചൈക്കോ ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തു. ഭൂതകാല വർത്തമാന, ഭാവിയിലെ ആത്മീയവുമായ ധാർമ്മിക പാരമ്പര്യങ്ങൾ തമ്മിലുള്ള ചരിത്രപരമായ പാലമായിരിക്കും ദേവാലയമെന്ന് അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിലുള്ള എതിര്‍പ്പിനെ വകവെക്കാതെ ഇസ്താംബൂളിലെ പുരാതന ബൈസന്റൈന്‍ ദേവാലയമായ ഹാഗിയ സോഫിയയില്‍ ജൂലൈ 24നാണ് ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ നടത്തുവാന്‍ ആരംഭിച്ചത്. ഹാഗിയ സോഫിയയുടെ മേലുള്ള തുര്‍ക്കിയുടെ കടന്നുകയറ്റത്തിന് പിന്നാലെ സിറിയന്‍ ഭരണകൂടത്തെ അനുകൂലിക്കുന്ന പോരാളികളുടെ തലവനായ നബിയുല്‍ അല്‍-അബ്ദുള്ള എന്ന വ്യക്തിയാണ് ആശയം മുന്നോട്ട് വെച്ചു നിര്‍മ്മാണത്തിനു വേണ്ട സ്ഥലം സംഭാവന ചെയ്തത്. ഇതിനു സിറിയന്‍ ഭരണകൂടം പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരിന്നു. ലഡാക്കിയയിലെ ഹമെയിമിംമിലുള്ള റഷ്യന്‍ സൈനിക കേന്ദ്രത്തിലെ സംഘമാണ് നിര്‍മ്മാണത്തിനു ചുക്കാന്‍ പിടിക്കുന്നതെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക