News - 2025
ക്രിസ്തുവിനെ സ്നേഹിക്കുന്നവരെ ലോകം ദ്വേഷിക്കും: ഫിലിപ്പീന്‍സ് കർദ്ദിനാൾ ടാഗിൾ
സ്വന്തം ലേഖകന്‍ 24-07-2018 - Tuesday
മനില: ക്രിസ്തുവിനെ സ്നേഹിക്കുന്നവരെ ലോകം ദ്വേഷിക്കുമെന്നും കത്തോലിക്ക വിശ്വാസികള്‍ ആക്രമണത്തിന് വിധേയരാകാന്‍ ഒരുങ്ങണമെന്നും മനില ആർച്ച് ബിഷപ്പും കർദ്ദിനാളുമായ ലൂയിസ് അന്റോണിയോ ടാഗിളിന്റെ ഓര്‍മ്മപ്പെടുത്തല്‍. ജൂലൈ പതിനാറിന് കര്‍മ്മല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് മനില സെന്‍റ് സെബാസ്റ്റ്യൻ മൈനർ ബസിലിക്കയിൽ നടന്ന ദിവ്യബലിയിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ദൈവമായി സ്വയം അവതരിക്കുന്നവരുടെ ഇടയിൽ ക്രിസ്തുവിന്റെ പാത പിന്തുടരുക ക്ലേശകരമാണെന്നും മറ്റുള്ളവരെ ആകർഷിക്കും വിധം ദൈവമെന്ന സങ്കല്പത്തെ വളച്ചൊടിക്കുന്നവർക്ക് അനേകം അനുഗാമികളെ ലഭിക്കുന്നതായും അദ്ദേഹം വിലയിരുത്തി.
സഭയ്ക്കു നേരെ നടക്കുന്ന ആക്രമണങ്ങളിൽ വിശ്വാസികൾ പതറരുത്. നമ്മള്‍ ക്രിസ്തുവിന് ഉള്ളവരാണെന്ന ബോധ്യത്തില്‍ സംയമനം പാലിക്കണം. ക്രിസ്തുവിനെ ക്രൂശിച്ച ലോകം ക്രിസ്ത്യാനികളെയും ഉപദ്രവിക്കുമെന്നത് തീർച്ചയാണ്. നിങ്ങളുടെ ഇടവക വൈദികര്‍ക്ക് പ്രോത്സാഹനം നല്‍കുക. വ്യാജ വാഗ്ദാനങ്ങളാൽ അന്ധമായ വിഭാഗമാണ് തെറ്റായ ദൈവ സങ്കല്പങ്ങളെ ആരാധിക്കുന്നതെന്നും ക്രിസ്തു അനുയായികൾ കുരിശുകൾ ചുമക്കാൻ തയ്യാറാകണമെന്നും കർദ്ദിനാൾ ടാഗിൾ പറഞ്ഞു. സെന്‍റ് സെബാസ്റ്റ്യൻ ദേവാലയത്തെ കർമ്മലമാതാവിനു പ്രതിഷ്ഠിച്ചതിന്റെ നാനൂറാമത് വാർഷികമെന്ന നിലയിൽ ഇത്തവണത്തെ തിരുനാൾ വിപുലമായ രീതിയിലാണ് ആഘോഷിച്ചത്.