India - 2025
വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉത്കണ്ഠയുമായി കെസിബിസി
30-09-2020 - Wednesday
കൊച്ചി: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉത്കണ്ഠയുമായി കെസിബിസി വിദ്യാഭ്യാസ കമ്മീഷനും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയും രംഗത്ത്. കഴിഞ്ഞ ദിവസം കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സര്‍ക്കാരിന്റെ വിദ്യാഭ്യാസനയങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി. 2016 മുതല്‍ നിയമനാംഗീകാരം കാത്തുനില്‍ക്കുന്ന മൂവായിരത്തിലധികം അധ്യാപകര്‍ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷമായി ശമ്പളം നല്‍കിയിട്ടില്ല. വിദ്യാഭ്യാസവകുപ്പില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ വിമുഖത പ്രകടിപ്പിക്കുകയാണ്.
വിട്ടുവീഴ്ചാമനോഭാവത്തോടെ മാനേജുമെന്റുകള്‍ മുന്നോട്ടുവച്ച ക്രിയാത്മക നിര്‍ദേശങ്ങള്‍പോലും സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഭരണഘടന അനുവദിക്കുന്ന വിദ്യാഭ്യാസ അവകാശങ്ങളെ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. വണ്‍ടൈം സെറ്റില്‍മെന്റിലൂടെ സംരക്ഷിത അധ്യാപകരെ സ്വീകരിക്കാമെന്ന മാനേജുമെന്റ് വാഗ്ദാനത്തോടുള്ള സര്‍ക്കാരിന്റെ മെല്ലെപ്പോക്കു സമീപനമാണ് ആശങ്കയുളവാക്കുന്നത്.
2014 മുതലുള്ള ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ ഏഴാമത്തെ അധ്യയനവര്‍ഷത്തിലേക്ക് പ്രവേശിച്ചിട്ടും തസ്തികനിര്‍ണയവും ശമ്പളവിതരണവും നടപ്പിലാക്കിയിട്ടില്ല. കേന്ദ്രവിദ്യാഭ്യാസ അവകാശനിയമങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസരിച്ച് ഗുണനിലവാരം മെച്ചപ്പെടുത്താന്‍ മാറ്റം വരുത്തിയ അധ്യാപക വിദ്യാര്‍ഥി അനുപാതം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ല. സുപ്രീം കോടതിയും കേരള ഹൈക്കോടതിയും അംഗീകരിച്ചിട്ടുള്ള അധ്യാപക വിദ്യാര്‍ത്ഥി അനുപാതം മാറ്റുന്നത് പ്രതിഷേധാര്‍ഹമാണ്.
ഉന്നതവിദ്യാഭ്യാസരംഗത്ത് കോളജ് അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള സ്വയംഭരണാധികാരമുള്ള സര്‍വകലാശാലകളുടെ അധികാരം ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകനിയമനങ്ങള്‍ അംഗീകരിക്കാനുള്ള അധികാരം വിദ്യാഭ്യാസ ഓഫീസര്‍മാരില്നിളന്ന് ഏറ്റെടുക്കുകയാണ്. ദേശീയ വിദ്യാഭ്യാസനയത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് അധികാരകേന്ദ്രീകരണം നടത്തുന്നു എന്ന് ആക്ഷേപിക്കുന്നവര്തവന്നെ സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് അധികാര കേന്ദ്രീകരണം നടപ്പിലാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ എയ്ഡഡ് വിദ്യാഭ്യാസമേഖലയോടുള്ള അവഗണനയ്ക്കെതിരെ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങാനും വിദ്യാഭ്യാസകമ്മീഷന്റെയും ടീച്ചേഴ്സ് ഗില്‍ഡിന്റെയും സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. ഒക്ടോബര്‍ രണ്ടാം വാരത്തില്‍ സംസ്ഥാനത്തെ 32 രൂപതാസമിതികളുടെയും നേതൃത്വത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു പ്രതിഷേധസദസുകള്‍ നടത്തും. വിവിധ രൂപതനേതൃത്വവും ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികളും പങ്കെടുക്കും.