News - 2025

നൈജീരിയയിലെ ക്രൈസ്തവ നരഹത്യയില്‍ 'മത'ത്തിനുള്ള പങ്ക് വിശകലനം ചെയ്ത് അമേരിക്കന്‍ കമ്മീഷന്‍

പ്രവാചക ശബ്ദം 06-10-2020 - Tuesday

അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രൈസ്തവ വിശ്വാസികള്‍ക്കെതിരെ തീവ്ര ഇസ്ളാമിക നിലപാടുള്ള മുസ്ലീം ഭൂരിപക്ഷ ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ നടത്തിവരുന്ന ആക്രമണങ്ങളുടെ വര്‍ദ്ധനവിന് പിന്നില്‍ മതത്തിനുള്ള പങ്കിനെക്കുറിച്ച് വിശകലനം ചെയ്യുന്ന പുതിയ റിപ്പോര്‍ട്ട് പുറത്ത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ വിഷയത്തില്‍ വൈറ്റ്ഹൗസിനേയും, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനേയും, കോണ്‍ഗ്രസിനും ‘വിവരങ്ങള്‍ കൈമാറുന്ന യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം’ (യു.എസ്.സി.ഐ.ആര്‍.എഫ്) ഇക്കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പ്രത്യേകിച്ച് നൈജീരിയയില്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതിന്റെ പിന്നില്‍ മതം വഹിക്കുന്ന പങ്കിനെക്കുറിച്ചു വിശകലനം ചെയ്തിരിക്കുന്നത്.

കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ ആക്രമണങ്ങള്‍ നടത്തി നിരപരാധികളെ കൊന്നൊടുക്കുകയും, വീടുകള്‍ അഗ്നിക്കിരയാക്കി, വീട്ടില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നും അവരെ പുറത്താക്കുന്നത് വ്യാപിച്ച സാഹചര്യത്തിലാണ് ഇതിന്റെ പിന്നില്‍ മതത്തിനുള്ള പങ്കിനെക്കുറിച്ച് പരിശോധിക്കുവാന്‍ യു.എസ്.സി.ഐ.ആര്‍.എഫ് തീരുമാനിച്ചത്. തീവ്ര ഇസ്ലാമിക സ്വഭാവമുള്ള ഫുലാനി സമുദായങ്ങളാണ് ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളെന്ന്‍ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്. ആക്രമണങ്ങളെ തുടര്‍ന്നു ആയിരകണക്കിന് ക്രൈസ്തവര്‍ ഭവനരഹിതരാവുകയും, കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കാലിവളര്‍ത്തല്‍ തൊഴിലാക്കിയ ഏറ്റവും വലിയ നാടോടി ഗോത്രവര്‍ഗ്ഗമായിട്ടാണ് ഫുലാനികള്‍ കണക്കാക്കപ്പെടുന്നത്. എന്നാല്‍ തീവ്ര ഇസ്ലാമിക നിലപാടുള്ളവരാണ് ഫുലാനികളില്‍ ഭൂരിഭാഗവും.

“നിങ്ങളുടെ ഭൂമി അല്ലെങ്കില്‍ നിങ്ങളുടെ രക്തം” എന്നതാണ് ഇവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. സാഹേല്‍, പടിഞ്ഞാറന്‍ ആഫ്രിക്ക മേഖലയിലെ ഒരു ഡസനിലധികം രാജ്യങ്ങളിലായി ദശലക്ഷ കണക്കിന് ഫുലാനികളാണ് വ്യാപിച്ച് കിടക്കുന്നത്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തുന്ന ഫുലാനികള്‍ ക്രൈസ്തവരുടെ സ്വത്തും സ്ഥലവും കയ്യടക്കുകയും അവരെ കൊന്നൊടുക്കുകയുമാണ്‌ പതിവ്. ഇതിന് ഇവര്‍ പിന്തുടരുന്ന മതം സ്വാധീനം ചെലുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്. നേരത്തെ നൈജീരിയയില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയെ അപലപിച്ചു അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നൈജീരിയന്‍ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുമായി സംസാരിച്ചിരിന്നു. ഇക്കാര്യം അടുത്ത നാളില്‍ മുഹമ്മദ് ബുഹാരി സ്ഥിരീകരിച്ചിരിന്നു. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് യു.എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷ്ണല്‍ റിലീജിയസ് ഫ്രീഡം പുറത്തുവിട്ടിരിക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 589