News - 2025
ആർച്ച് ബിഷപ്പ് ഡൊമിനിക് ജാലയെ അനുസ്മരിച്ച് മേഘാലയ മുഖ്യമന്ത്രി
പ്രവാചക ശബ്ദം 13-10-2020 - Tuesday
ഷില്ലോംഗ്: അന്തരിച്ച ഷില്ലോംഗ് ആർച്ച് ബിഷപ്പ് ഡൊമിനിക് ജാലയുടെ ഒന്നാം ചരമവാർഷികത്തില്‍ അനുസ്മരണവുമായി മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ. ഒക്ടോബർ പത്തിന് തലസ്ഥാന നഗരിയായ ഷില്ലോംഗിൽ സ്ഥാപിച്ച ആർച്ച് ബിഷപ്പിന്റെ പ്രതിമ അനാവരണം ചെയ്ത മുഖ്യമന്ത്രി, ആർച്ച് ബിഷപ്പ് ജാല അനേകരുടെ ഹൃദയങ്ങളെ സ്പർശിച്ചിരിന്നുവെന്ന് പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ ദിവസം അമേരിക്കയിൽ നടന്ന കാറപകടത്തിലാണ് ആർച്ച് ബിഷപ്പ് മരണമടഞ്ഞത്. ഷില്ലോംഗിനു സമീപമുള്ള ലൈത്തും ഖ്‌റായിലെ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ നാമത്തിലുള്ള കത്തീഡലിൽവെച്ച് പരേതന്റെ ആത്മശാന്തിക്കായി വിശുദ്ധ കുർബാന സംഘടിപ്പിക്കപ്പെട്ടിരിന്നു. വിശുദ്ധ കുർബാനയിൽ കോൺറാഡ് സാംഗ്മയും പങ്കെടുത്തിരുന്നു.
സംസ്ഥാനത്തിന് ആർച്ച് ബിഷപ്പ് നൽകിയ സംഭാവന ബൃഹത്തായിരുന്നുവെന്നും അനേകരുടെ ജീവിതങ്ങളെ ധന്യമാക്കിയ അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരപൂർവും ഓർക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പിതാവിന്റെ ജീവിതവും സന്ദേശങ്ങളും നമ്മെ തുടർന്നും ഉത്തേജിപ്പിക്കട്ടെ. അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ പറ്റിയത് തന്നെ വലിയ കാര്യമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, പിതാവിന്റെ എളിമയും ജ്ഞാനവുമാണ് അദ്ദേഹത്തെ അനശ്വരനാക്കുന്നതെന്നും കൂട്ടിച്ചേർത്തു. തന്റെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് ആർച്ച് ബിഷപ്പിനെ ക്ഷണിക്കുവാൻ പോയ കാര്യവും അദ്ദേഹം അനുസ്മരിച്ചു. കുർബാനക്ക് ശേഷം ജീവിതത്തിലെ വിവിധ തുറകളിൽ പെട്ട ആളുകൾ ആര്‍ച്ച് ബിഷപ്പ് ജാലയുടെ ശവകുടീരത്തിൽ പുഷ്പങ്ങൾ അർപ്പിക്കുവാന്‍ എത്തിയിരിന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബർ പത്തിന് അമേരിക്കയിലെ കാലിഫോർണിയയിലെ ക്ലിയർ ലേക്കിലേക്കു പോകുമ്പോള്‍ ഓക്‌ലാൻഡ് കൊലുസാ കൗണ്ടിയിൽവെച്ച് ബിഷപ്പും സംഘവും സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരിന്നു. ആര്‍ച്ച് ബിഷപ്പ് ജാലയെ കൂടാതെ മലയാളി വൈദികനും മൂവാറ്റുപുഴ രണ്ടാർ സെയ്ന്റ് മൈക്കിൾസ് ഇടവകാംഗവുമായ ഫാ. മാത്യു വെള്ളാങ്കലും മരണമടഞ്ഞിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക