India - 2025
വചന തിരുമണിക്കൂര്‍ ആചരിക്കുവാന്‍ ചങ്ങനാശേരി അതിരൂപത
പ്രവാചക ശബ്ദം 15-10-2020 - Thursday
ചങ്ങനാശേരി: അതിരൂപത ബൈബിള്‍ അപ്പസ്തോലേറ്റ് കുടുംബകൂട്ടായ്മ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതയിലെ മുഴുവന്‍ ഇടവകകളും വചനാധിഷ്ഠിത ആത്മീയ ശുശ്രൂഷയായ വചന തിരുമണിക്കൂര്‍ നവംബര്‍ 29ന് രാത്രി ഏഴുമുതല്‍ എട്ടുവരെ നടത്തും. അതിരൂപതയുടെ ഔദ്യോഗിക യൂട്യുബ് ചാനലായ മാക് ടിവി യുമായി സഹകരിച്ച് കോവിഡ് 19 എന്ന മഹാമാരിയില്‍നിന്നും ദൈവവചനത്തിന്റെ ശക്തിയാല്‍ എല്ലാവരും മോചനം നേടുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉത്പത്തി മുതല്‍ വെളിപാടുവരെയുള്ള വിശുദ്ധ ബൈബിളിലെ പുസ്തകങ്ങള്‍ അതിരൂപതയില്‍ നാം ഒരു കുടുംബം എന്ന ആദര്‍ശവാക്യം ദൈവവചനത്തിന്റെ ചുവടുപിടിച്ചുകൊണ്ടു 365 പേര്‍ ചേര്‍ന്ന് ഒരു മണിക്കൂര്‍കൊണ്ട് പാരായണം ചെയ്യും.
ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ പിതാക്കന്മാര്‍, വികാരിജനറാള്‍ മോണ്‍. തോമസ് പാടിയത്ത്, ഫൊറോനാ വികാരിമാര്‍, ബൈബിള്‍ അപ്പൊസ്തലേറ്റ് ഫൊറോനാ ഡയറക്ടര്‍മാര്‍, അനിമേറ്റര്‍മാര്‍, കൂട്ടായ്മ ലീഡര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. അതിരൂപത ഡയറക്ടര്‍ ഫാ. ജെന്നി കായംകുളത്തുശേരി, ജനറല്‍ കണ്‍വീനര്‍ ജോബ് ആന്റണി പവ്വത്തില്‍, സെക്രട്ടറി ടോമി ആന്റണി കൈതക്കളം, ബ്രദര്‍ അനുകൂല്‍ കറുകപ്പറന്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഇതിന്റെ ആദ്യഘട്ട ഒരുക്കം പൂര്‍ത്തിയായതായി ബൈബിള്‍ അപ്പസ്തോലേറ്റ് സഹരക്ഷാധികാരി വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത് അറിയിച്ചു.