India - 2025
'ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത് മനുഷ്യവകാശ ലംഘനം'
പ്രവാചക ശബ്ദം 13-10-2020 - Tuesday
കൊച്ചി: ജെസ്യൂട്ട് പുരോഹിതന്‍ സ്റ്റാന്‍ സ്വാമിയെ ജയിലില്‍ നിന്ന് ഉടന്‍ വിട്ടയയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഐക്യദാര്‍ഢ്യ സമ്മേളനം ആവശ്യപ്പെട്ടു. ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെ തെറ്റായ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത് മനുഷ്യവകാശ ലംഘനമാണെന്നു ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യവേ സീറോ മലങ്കരസഭ മേജര്‍ ആര്ച്ച്ബി ഷപ് കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. ഇന്ത്യ എന്ന മഹത്തായ രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ടത് 'സത്യമേവ ജയതേ'എന്ന മുദ്രാവാക്യത്തിന്റെ അടിത്തറയിലാണ്. സത്യം ജയിക്കുന്നതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നു കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു.
ഒരധര്‍മവും ന്യായീകരിക്കപ്പെടരുതെന്ന ഭാരതത്തിന്റെ പാരമ്പര്യവും പശ്ചാത്തലവും മറന്നുകൊണ്ടാണ് ഫാ. സ്റ്റാന്‍ സ്വാമിയെ തടങ്കലിലാക്കിയിട്ടുള്ളതെന്ന് എഴുത്തുകാരനും നോവലിസ്റ്റുമായ സി. രാധാകൃഷ്ണന്‍ പറഞ്ഞു. ജനങ്ങളുടെ മനഃസാക്ഷി സംശയരഹിതമായി ഫാ. സ്റ്റാന്‍ സ്വാമിയോടൊപ്പമുണ്ട്. അദ്ദേഹം ആര്‍ക്ക് എന്ത് ദ്രോഹം ചെയ്തെന്നു വെളിപ്പെടുത്തുവാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യഭ്യാസ, ആരോഗ്യ മേഖലകളില്‍ പത്തൊന്‍പതാം നൂറ്റാണ്ടു മുതല്‍ ഈശോസഭാംഗങ്ങള്‍ ആദിവാസി ഗ്രാമങ്ങളില്‍ ചെയ്തുവരുന്ന സാമൂഹിക ഇടപെടലുകളുടെ തുടര്‍ച്ചയായാണ് ഫാ. സ്റ്റാന്‍ സ്വാമി ചെയ്തു വരുന്നതെന്നു കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല ചൂണ്ടിക്കാട്ടി.
ആഗോള ഈശോ സഭയുടെ പ്രതിനിധി ഫാ. എം.കെ. ജോര്‍ജ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പിള്ളി, കേരള ജസ്യൂട്ട് പ്രൊവിന്‍ഷ്യാള്‍ ഫാ. ഇ.പി. മാത്യു, മുന്‍ കേന്ദ്രമന്ത്രിമാരായ പ്രഫ. കെ.വി. തോമസ്, പി.സി. തോമസ്, മുന്‍ എംപി തമ്പാന്‍ തോമസ്, ഷാജി ജോര്‍ജ്, ജോസഫ് ജൂഡ്, പി.കെ. ജോസഫ്, അഡ്വ. ബിജു പറയനിലം, അഡ്വ. ഷെറി ജെ. തോമസ്, ജെയിന്‍ ആന്‍സില്‍, കെ.എം. മാത്യു, ജോയി ഗോതുരുത്ത്, ക്രിസ്റ്റി ചക്കാലയ്ക്കല്‍, ഫാ. പ്രിന്‍സ് ക്ലാരന്‍സ്, സാബു ജോസ്, ഫാ. ബിനോയ് പിച്ചളക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു