Life In Christ - 2025
ഇടവക വൈദികനായി സേവനം ചെയ്യാന്‍ അമേരിക്കന്‍ ബിഷപ്പിന്റെ തീരുമാനം
പ്രവാചക ശബ്ദം 31-10-2020 - Saturday
ബ്രൂക്ലിന്‍: പതിനാലു വര്‍ഷക്കാലത്തോളം അമേരിക്കയിലെ ബ്രൂക്ലിന്‍ രൂപതയെ നയിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച സഹായ മെത്രാന്‍ ഒക്ടാവിയോ സിസ്നെറോസ് ഇടവക വൈദികനായി സേവനം ചെയ്യാന്‍ തീരുമാനിച്ചു. ബ്രൂക്ലിന്‍ രൂപതയാണ് ഇക്കാര്യം പുറത്തുവിട്ടത്. 75 വയസ്സ് തികഞ്ഞ രൂപതാ മെത്രാന്മാര്‍ മാര്‍പാപ്പയ്ക്കു രാജിക്കത്ത് നല്‍കണമെന്ന കാനോന്‍ നിയമമനുസരിച്ച് സിസ്നെറോസ് മെത്രാന്‍ സമര്‍പ്പിച്ച രാജി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് സിസ്നെറോസ് മെത്രാന് 75 തികഞ്ഞത്. ക്യൂബന്‍ സ്വദേശിയായ സിസ്നെറോസ് 2006 ജൂണ്‍ 6നാണ് ബ്രൂക്ലിന്‍ രൂപതയുടെ സഹായ മെത്രാനായി നിയമിതനാകുന്നത്.
തന്റെ 14 വര്‍ഷത്തെ മെത്രാന്‍ ശുശ്രൂഷയ്ക്കു ശേഷം വീന്‍സിലെ റിച്ച്മോണ്ട്ഹില്ലിലെ ഹോളി ചൈല്‍ഡ് ജീസസ്, സെന്റ് ബെനഡിക്ട് ജോസഫ് ലാബ്രെ എന്നീ ഇടവകകളുടെ വികാരിയായും, സ്പാനിഷ് ഭാഷ സംസാരിക്കുന്ന ഹിസ്പാനിക്കുകളുടെ വികാരിയായുള്ള തന്റെ സേവനം അദ്ദേഹം തുടരുമെന്നു ഡിമാര്‍സിയോ പറഞ്ഞു. രൂപതയ്ക്കായി അദ്ദേഹം ചെയ്ത സേവനങ്ങള്‍ക്ക് ബ്രൂക്ളിന്‍ മെത്രാന്‍ നിക്കോളാസ് ഡിമാര്‍സിയോ നന്ദി പറഞ്ഞു. പൗരോഹിത്യത്തിന്റെ പൂര്‍ണ്ണത തനിക്ക് സമ്മാനിച്ചതിന് ഫ്രാന്‍സിസ് പാപ്പക്കും, മെത്രാന്‍ ഡിമാര്‍സിയോക്കും അദ്ദേഹം നന്ദി അറിയിച്ചു.
1945-ല്‍ ക്യൂബയില്‍ ജനിച്ച സിസ്നെറോസ് അമേരിക്കയിലെത്തുകയും, ബ്രൂക്ലിന്‍ രൂപതയില്‍വെച്ച് 1971-ല്‍ പൗരോഹിത്യപ്പട്ടം സ്വീകരിക്കുകയും ചെയ്തു. കിഴക്കന്‍ ബ്രൂക്ലിന്‍ വികാരിയത്തിന്റെ എപ്പിസ്കോപ്പല്‍ വികാര്‍ ആയും, ഡഗ്ലാസ്റ്റോണിലെ കത്തീഡ്രല്‍ സെമിനാരിയുടെ റെക്ടറായും മെത്രാന്‍മാരുടെ ആരാധനാക്രമ കമ്മിറ്റിയിലും, പാസ്റ്റേഴ്സ് അഡ്വൈസറി കമ്മിറ്റിയിലും, നോര്‍ത്ത്-ഈസ്റ്റ് കത്തോലിക്കാ സെന്‍റര്‍ ഫോര്‍ ഹിസ്പാനിക്കിലും, നാഷ്ണല്‍ ഹിസ്പാനോ ഡെ ലിറ്റര്‍ജിയായിലും സേവനം ചെയ്തതിന് പുറമേ, സ്പാനിഷ് അപ്പസ്തോലേറ്റിന്റെ രൂപതാതല ഡയറക്ടര്‍ സമിതിയുടേയും, ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ സെമിനാരിയുടെ ബോര്‍ഡ് ഗവര്‍ണര്‍മാരുടേയും പ്രസിഡന്റായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
ഇടവക വൈദികനായി സേവനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ അത്ഭുതത്തോടെയാണ് വിശ്വാസി സമൂഹം നോക്കികാണുന്നത്. ബിജ്‌നോര്‍ രൂപതയുടെ മെത്രാന്‍ സ്ഥാനത്തുനിന്നു വിരമിച്ച മാര്‍ ജോണ്‍ വടക്കേലും സേലം രൂപതയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിച്ച ബിഷപ്പ് സെബാസ്റ്റ്യനപ്പൻ സിംഗരായനും ഇതിന് സമാനമായി ഇടവക വൈദികനായി സേവനം ചെയ്യാന്‍ ആരംഭിച്ചിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക