Life In Christ - 2025

സിറിയയിലെ 'ശരിയത്ത്' അടിച്ചമര്‍ത്തലിൽ ക്രൈസ്തവർക്ക് സാന്ത്വനമായി ഫ്രാന്‍സിസ്കന്‍ വൈദികർ

പ്രവാചക ശബ്ദം 19-10-2020 - Monday

ഇഡ്ലിബ് (സിറിയ): പടിഞ്ഞാറന്‍ സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഇഡ്ലിബ് പ്രവിശ്യയിലെ ക്നായെ, യാക്കൊബിയെ ഗ്രാമങ്ങളില്‍ ഇസ്ലാമിക സംഘടനകളുടെ നിയന്ത്രണത്തില്‍ 'ശരിയത്ത്' നിയമങ്ങള്‍ക്ക് വിധേയരായി അടിച്ചമര്‍ത്തപ്പെട്ട് കഴിഞ്ഞുവരുന്ന നിസ്സഹായരായ ക്രൈസ്തവർക്കിടയിൽ നിസ്തുല സേവനവുമായി ഫ്രാന്‍സിസ്കന്‍ സന്യാസികൾ. കര്‍ക്കശമായ ഇസ്ലാമിക ശരിയത്ത് നിയമങ്ങളും, ക്രൂരമായ പീഡനങ്ങളും സഹിച്ചുകൊണ്ട് ഇവിടെ നിലനിൽപ്പിനായി പൊരുതുന്ന വിവിധ സഭകളില്‍പ്പെട്ട മുന്നൂറോളം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ആശ്വാസവും, പ്രതീക്ഷയും പകര്‍ന്നുകൊണ്ട് ഫാ. ലുആയി ബ്ഷാരത്ത് (40), ഫാ. ഹന്നാ ജല്ലൌഫ് (67) എന്നീ ഫ്രാന്‍സിസ്കന്‍ വൈദികരാണ് കര്‍മ്മനിരതരായിരിക്കുന്നത്. ഫ്രാന്‍സിസ്കന്‍ സഭയുടെ സിറിയ-ലെബനോന്‍-ജോര്‍ദ്ദാന്‍ മേഖല ഉള്‍പ്പെടുന്ന സെന്റ്‌ പോള്‍ പ്രവിശ്യയുടെ മേല്‍നോട്ടക്കാരനായ ഫാ. ഫിറാസ് ലുഫ്തിയാണ് അടിച്ചമർത്തപ്പെട്ട ക്രൈസ്തവർക്കിടയിൽ തങ്ങൾ നടത്തുന്ന സേവനങ്ങളെക്കുറിച്ച് വിവരിച്ചത്.

മത, രാഷ്ട്രീയ, വര്‍ഗ്ഗ, വംശ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്ക് വേണ്ട പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുവാന്‍ ഈ വൈദികർ എപ്പോഴും സന്നദ്ധരാണെന്ന് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’നു നല്‍കിയ അഭിമുഖത്തില്‍ ഫാ. ഫിറാസ് പറഞ്ഞു. മേഖലയില്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്നപ്പോള്‍ ഈ വൈദികരുടെ ആശ്രമം നിരവധി മുസ്ലീം കുടുംബങ്ങള്‍ക്ക് അഭയകേന്ദ്രമായിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ മേഖലയില്‍ തുടരുന്നത് അപകടമാണെന്നറിഞ്ഞിട്ടുപോലും അതൊരു ഉപേക്ഷിക്കപ്പെടേണ്ട മേഖലയല്ലെന്ന തോന്നലാണ് അവിടെ പിടിച്ചു നിര്‍ത്തിയതെന്നു ഫാ. ഫിറാസ് പറയുന്നു. വിശുദ്ധ പൗലോസ് തന്റെ സുവിശേഷ പ്രഘോഷണ യാത്ര ആരംഭിച്ച അന്ത്യോക്യയ്ക്ക് സമീപമാണ് ഈ പ്രദേശമെന്നത് മറ്റൊരു കാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖല ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ നിയന്ത്രണത്തിലായതിന് ശേഷമാണ് സ്ഥലത്തെ ക്രൈസ്തവരുടെ ജീവിതം ദുരിതപൂര്‍ണ്ണമായത്.

ക്രൈസ്തവരുടെ സ്വത്തുവകകള്‍ പിടിച്ചടക്കിയ തീവ്രവാദികള്‍ ശരിയത്ത് നിയമം പ്രാബല്യത്തില്‍ വരുത്തുകയും, സ്വന്തം ഗ്രാമങ്ങളില്‍ പോലും ക്രൈസ്തവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. സ്ത്രീകള്‍ പര്‍ദ്ദ ധരിച്ചിരിക്കണമെന്നതു അടക്കമുള്ള കര്‍ശന നിയമങ്ങള്‍ക്ക് പുറമേ, പീഡനവും, അക്രമങ്ങളും പതിവായിരുന്നു. ക്രൈസ്തവരിൽ ചിലര്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫാ. ഫിറാസ് വിവരിച്ചു. 2013-ല്‍ ഫാ. ഫ്രാങ്കോയിസ് മുറാദ്വാസിനെ തലയറുത്ത് കൊലപ്പെടുത്തിയ കാര്യവും, സമീപകാലത്ത് ക്രിസ്ത്യന്‍ സ്കൂള്‍ അദ്ധ്യാപികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷിയിറക്കുവാനും, ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുവാനും മറ്റുള്ള കാര്യങ്ങൾക്കും സ്വാതന്ത്ര്യമില്ലാതെ നിസ്സഹായ അവസ്ഥയില്‍ കഴിയുന്ന ക്രിസ്ത്യന്‍ സമൂഹത്തിന് ഈ വൈദികർ നല്‍കുന്ന സഹായങ്ങള്‍ അനേകരുടെ കണ്ണീരൊപ്പുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 50