News - 2025

ചൈനീസ് ഭരണകൂടത്തിന്റെ അപമാനം സഹിക്കാനാവാതെ കത്തോലിക്ക സന്യാസിനികള്‍: കോണ്‍വെന്റ് ഉപേക്ഷിച്ചു

പ്രവാചക ശബ്ദം 05-11-2020 - Thursday

ബെയ്ജിംഗ്: ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നിരന്തര അപമാനവും ശല്യവും സഹിക്ക വയ്യാതെ വടക്കന്‍ പ്രവിശ്യയായ ഷാന്‍സിയിലെ എട്ടു കത്തോലിക്ക കന്യാസ്ത്രീകള്‍ തങ്ങളുടെ കോണ്‍വെന്റ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. “അപകടകാരികള്‍” എന്ന്‍ മുദ്രകുത്തി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളെ നിരന്തരം അപമാനിച്ചിരുന്നുവെന്ന്‍ കന്യാസ്ത്രീമാരില്‍ ഒരാള്‍ പറഞ്ഞതായി ചൈനയിലെ മനുഷ്യാവകാശ-മതസ്വാതന്ത്ര്യ ലംഘനങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ബിറ്റര്‍വിന്ററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശങ്ങളില്‍ താമസിച്ചിട്ടുള്ള കാരണവും, സര്‍ക്കാര്‍ അംഗീകൃത പാട്രിയോട്ടിക് അസോസിയേഷനില്‍ ചേരാന്‍ വിസമ്മതിച്ചതിനാലും കന്യാസ്ത്രീകള്‍ വളരെക്കാലമായി സര്‍ക്കാരിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കോണ്‍വെന്റ് ഉപേക്ഷിച്ച കന്യാസ്ത്രീകള്‍ ഇപ്പോള്‍ എവിടെയാണുള്ളതെന്ന കാര്യം വ്യക്തമല്ല.

തങ്ങള്‍ ചെയ്തിരുന്ന കാര്യങ്ങള്‍ പേപ്പറില്‍ രേഖപ്പെടുത്തുവനും, കഴിഞ്ഞ കുറച്ച് മാസങ്ങളായി തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികള്‍ വിവരിക്കുവാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുവെന്നും, തങ്ങള്‍ യാത്ര ചെയ്ത വാഹനങ്ങളുടെ നമ്പര്‍ വരെ ഓര്‍മ്മിച്ചുവെക്കാന്‍ ആവശ്യപ്പെട്ടുവെന്നും ഒരു കന്യാസ്ത്രീ വിവരിച്ചു. തങ്ങളെ നിരീക്ഷിക്കുവാന്‍ സര്‍ക്കാര്‍ ചിലരെ വാടകക്കെടുത്തിരിക്കുകയാണെന്നും രാത്രിയില്‍ പോലും ഇവര്‍ ശല്യം ചെയ്തിരുന്നുവെന്നും അവര്‍ പ്രതികരിച്ചു. ഒരു പോലീസ് ഓഫീസറേയും, രണ്ട് പ്രാദേശിക ഉദ്യോഗസ്ഥരേയുമാണ് കന്യാസ്ത്രീമാരെ നിരീക്ഷിക്കുവാന്‍ നിയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കന്യാസ്ത്രീമാരേയും അവരെ സന്ദര്‍ശിക്കുന്നവരേയും നിരീക്ഷിക്കുവാന്‍ നാലു ക്യാമറകളും കോണ്‍വെന്റില്‍ സ്ഥാപിച്ചിരുന്നു. ഇതിനുപുറമേ കുരിശ്, വിശുദ്ധ രൂപങ്ങള്‍ പോലെയുള്ള മതപരമായ ചിഹ്നങ്ങള്‍ കോണ്‍വെന്റില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍ കോണ്‍വെന്റ് ഇടിച്ചുനിരത്തുമെന്ന സര്‍ക്കാരിന്റെ ഭീഷണിയും കോണ്‍വെന്റ് ഉപേക്ഷിക്കുവാന്‍ കന്യാസ്ത്രീമാരെ പ്രേരിപ്പിച്ച മറ്റൊരു കാരണമാണെന്ന് ബിറ്റര്‍വിന്റര്‍ പറയുന്നു. ത്യാഗത്തിന്റെ അടയാളമാണ് കുരിശെന്നും അത് നീക്കം ചെയ്യുക എന്നാല്‍ സ്വന്തം മാംസം മുറിച്ച് മാറ്റുന്നപോലെയാണെന്ന് ഒരു കന്യാസ്ത്രീ പറഞ്ഞു. വീടുകളിലെ മതപരമായ ചിത്രങ്ങള്‍ മാറ്റി മാവോയുടേയോ, ഷി ജിന്‍പിംഗിന്റേയോ ചിത്രങ്ങള്‍ വെക്കുവാന്‍ ആളുകളെ ഷാന്‍സിയിലെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയാണെന്നും, അല്ലാത്ത പക്ഷം കൊറോണ കാലത്തെ സാമ്പത്തിക സഹായം ലഭിക്കില്ലെന്നും സര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷം ദേവാലയങ്ങളില്‍ നിന്നും പത്തുകല്‍പ്പനകള്‍ നീക്കം ചെയ്ത് പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തത്വങ്ങള്‍ പ്രതിഫലിപ്പിക്കുന്ന വാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സര്‍ക്കാര്‍ അംഗീകാരത്തോടെ തിരുത്തല്‍ വരുത്തിയ ബൈബിള്‍ പതിപ്പ് പ്രസിദ്ധീകരിക്കുമെന്ന പ്രഖ്യാപനവും ഭരണകൂട വൃത്തങ്ങളില്‍ നിന്ന്‍ പുറത്തുവന്നിട്ടുണ്ട്. മരിച്ചിട്ട് വര്‍ഷങ്ങളായവരുടെ സ്മരണയ്ക്കു പോലും അവസരമില്ലാത്ത സ്ഥിതിയാണ് ചൈനയില്‍ ഉള്ളത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ 20 സ്വീഡന്‍ സ്വദേശികളായ മിഷ്ണറിമാരുടെ ശവക്കല്ലറകളിലെ ശിലാ ഫലകങ്ങള്‍ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തിരുന്നു. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടവര്‍ പോലും ഇതിലുണ്ടെന്നാണ് ബിറ്റര്‍ വിന്ററിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 597