News - 2025
അനുദിനം നൈജീരിയയിൽ 5 ക്രൈസ്തവർ വീതം കൊല്ലപ്പെടുന്നു: പുതിയ റിപ്പോർട്ട് പുറത്ത്
പ്രവാചക ശബ്ദം 04-11-2020 - Wednesday
അബൂജ: ദിവസേന നൈജീരിയിൽ 5 ക്രൈസ്തവർ വീതം കൊല്ലപ്പെടുന്നുവെന്നും, ഇത് വംശഹത്യയിലേക്ക് നയിച്ചേക്കാമെന്നും സർക്കാരിതര സംഘടനയായ ഇന്റർ സൊസൈറ്റിയുടെ പുതിയ റിപ്പോർട്ട്. നൈജീരിയയുടെ, ഉത്തര, മധ്യ പ്രദേശങ്ങളിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ എണ്ണം കുതിച്ചുയരുകയാണെന്നും, ദേവാലയങ്ങളും, സുവിശേഷ പ്രഘോഷകരും അതിന്റെ ഇരകളാണെന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു. അപ്രഖ്യാപിത ജിഹാദാണ് രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്നതെന്ന് നൈജീരിയൻ സുവിശേഷ പ്രഘോഷകനായ ഹസൻ ജോൺ അഭിപ്രായപ്പെട്ടു.
എന്തിനുവേണ്ടിയാണ് തീവ്രവാദികൾ കൈസ്തവ ആരാധനാലയങ്ങളെയും, നേതാക്കന്മാരെയും ആക്രമിക്കുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി. പല ഗ്രാമങ്ങളുടേയും പണ്ടുമുതൽ ഉണ്ടായിരുന്ന പേരുകൾ മാറ്റി ഇസ്ലാമിക പേരുകൾ നൽകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നതെന്നും, ഇത് സംഘടിതമായി നടക്കുന്ന ഒന്നാണെന്നും ഹസൻ ജോൺ കൂട്ടിച്ചേർത്തു. 2010 മുതലേ ക്രൈസ്തവ ഗ്രാമങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, 2020ലാണ് ആദ്യമായി മാരകമായ ആധുനിക ആയുധങ്ങളുപയോഗിച്ച് ഫുലാനി മുസ്ലിം ഗോത്രവർഗക്കാർ ക്രൈസ്തവരെ ഉപദ്രവിക്കുന്നതു ആരംഭിച്ചത്. തീവ്രവാദത്തിനെതിരെ നടപടിയെടുക്കാൻ തലപ്പത്തിരിക്കുന്നവരെ ഉപകരണമാക്കി തീർക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് ഹസൻ ജോൺ വിശ്വാസികൾക്ക് ആഹ്വാനം നൽകി. ഗ്ലോബൽ ടെററിസം ഇൻഡക്സ് കണക്കുകൾ പ്രകാരം 2018 മാത്രം ഫുലാനി ഗോത്രവർഗ്ഗക്കാർ രണ്ടായിരത്തിലധികം ആളുകളെ കൊലപെടുത്തിയിട്ടുണ്ട്. ക്രൈസ്തവ വിരുദ്ധ പീഡനം നിരീക്ഷിക്കുന്ന സംഘടനയായ റിലീസ് ഇൻറർനാഷണൽ നൈജീരിയയിൽ നടക്കുന്ന മത പീഡനങ്ങളിൽ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.