News - 2025

രണ്ടാം ലോക്ക്ഡൗണില്‍ പൊതു കുര്‍ബാനകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തരുത്: സര്‍ക്കാരിനോട് ബ്രിട്ടീഷ് മെത്രാന്‍ സമിതി

പ്രവാചക ശബ്ദം 03-11-2020 - Tuesday

ലണ്ടന്‍: കോവിഡ് പകര്‍ച്ചവ്യാധി തുടര്‍ന്നുക്കൊണ്ടിരിക്കുന്നതിനാല്‍ രണ്ടാം ലോക്ക്ഡൗണ്‍ ആരംഭിക്കുവാനിരിക്കുന്ന സാഹചര്യത്തില്‍ പൊതു കുര്‍ബാനകള്‍ക്കു വിലക്കേര്‍പ്പെടുത്തരുതെന്നു അഭ്യര്‍ത്ഥിച്ച് ബ്രിട്ടീഷ് മെത്രാന്‍ സമിതി രംഗത്ത്. രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ 4 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചത്. അതേസമയം പൊതു കുര്‍ബാനകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയില്‍ ഇതുവരെ അയ്യായിരത്തോളം പേരാണ് ഒപ്പിട്ടിരിക്കുന്നത്.

ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം പുറത്തുവന്ന അന്ന് തന്നെ വിശ്വാസീ പങ്കാളിത്തത്തോടെയുള്ള പൊതു കുര്‍ബാനകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ശക്തമായ ജനരോഷം നേരിടേണ്ടി വരുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ്‌ വെയില്‍സ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സും, വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോനും മുന്നറിയിപ്പ് നല്‍കിയിരിന്നു. സര്‍ക്കാരിന് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്ന് തങ്ങള്‍ക്കറിയാമെന്നും, എന്നാല്‍ പൊതു ആരാധനകള്‍ക്ക് നിരോധനമേര്‍പ്പെടുത്തക്ക രീതിയിലുള്ള യാതൊരു ശുപാര്‍ശകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇരുവരും ചൂണ്ടിക്കാട്ടി.

വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള ബലിയര്‍പ്പണത്തിന് നിരോധനമേര്‍പ്പെടുത്തുന്നത് ന്യായീകരിക്കാവുന്ന എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഹാജരാക്കട്ടേയെന്നും മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. പൊതു കുര്‍ബാനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ചുകൊണ്ട് അത്മായ സംഘടനയായ കത്തോലിക്കാ യൂണിയനും രംഗത്തെത്തിയിട്ടുണ്ട്. വിശുദ്ധ കുര്‍ബാനയര്‍പ്പണം തുടരത്തക്ക രീതിയില്‍ നവംബര്‍ 5 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് ലീഡ്സ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ക്കസ് സ്റ്റോക്ക്‌ ആവശ്യപ്പെട്ടു. ജൂലൈ 4ന് പൊതു കുര്‍ബാനകള്‍ പുനരാരംഭിച്ചതിനു ശേഷം ദേവാലയങ്ങളില്‍ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, അതിനാല്‍ ദേവാലയങ്ങള്‍ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 597