Life In Christ - 2025

13 പുതിയ പ്രോലൈഫ് വനിതകള്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ ജീവന്റെ സംരക്ഷകര്‍ വര്‍ദ്ധിക്കുന്നു

പ്രവാചക ശബ്ദം 06-11-2020 - Friday

വാഷിംഗ്ടണ്‍ ഡി‌സി: ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പ്രോലൈഫ് അനുകൂലികളായ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍ വിജയം. അടുത്ത അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രോലൈഫ് അനുകൂലികളായ 13 പുതിയ റിപ്പബ്ലിക്കന്‍ പ്രോലൈഫ് വനിതകള്‍ ഉണ്ടാകുമെന്നാണ് ‘ദി സൂസന്‍ ബി. അന്തോണി ലിസ്റ്റ്’ എന്ന മുന്‍നിര പ്രോലൈഫ് സംഘടന ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രോലൈഫ് സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചുകൊണ്ട് ഏതാണ്ട് 5.2 കോടി ഡോളര്‍ നിക്ഷേപിച്ച പ്രോലൈഫ് സംഘടന ഇതിനോടകം തന്നെ തങ്ങളുടെ വിജയം ആഘോഷിച്ചു തുടങ്ങി. ഗര്‍ഭഛിദ്ര അനുകൂലിയായ നാന്‍സി പെലോസിക്കും അവരുടെ ഭ്രൂണഹത്യ അജണ്ടക്കുമേറ്റ കനത്ത തിരിച്ചടിയാണെന്നു സംഘടനയുടെ പ്രസിഡന്റ് മാര്‍ജോരി ഡാന്നെഫെല്‍സര്‍ പ്രതികരിച്ചു.

ഇതുവരെയുള്ള ഫലങ്ങള്‍ വെച്ചുനോക്കുമ്പോള്‍ യു.എസ് കോണ്‍ഗ്രസ്സിന്റെ അധോസഭയായ ജനപ്രതിനിധി സഭയിലെ പ്രോലൈഫ് പ്രവര്‍ത്തകരുടെ എണ്ണം ഇരട്ടിയായി കഴിഞ്ഞുവെന്നും ഗര്‍ഭഛിദ്ര അനുകൂലികള്‍ കയ്യടക്കിവെച്ചുകൊണ്ടിരുന്ന ഏഴു സീറ്റുകളില്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് അട്ടിമറി വിജയം നേടാനായെന്നും ഡാന്നെഫെല്‍സര്‍ പറഞ്ഞു. ലോവയില്‍ നിന്നും ജോനി ഏര്‍ണസ്റ്റ്, വെസ്റ്റ്‌ വിര്‍ജീനിയയില്‍ നിന്നും ഷെല്ലി മൂര്‍ കാപിറ്റോ, മിസ്സിസ്സിപ്പിയില്‍ നിന്നും സിന്‍ഡി ഹൈഡ് സ്മിത്ത് എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍, വ്യോമിംഗില്‍ നിന്നും സിന്തിയ ലുമ്മിറ്റ്സ് തിളക്കമാര്‍ന്ന വിജയത്തിലൂടെ ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്.

ഫ്ലോറിഡയില്‍ നിന്നും മരിയ സാലസാറും, ന്യൂമെക്സിക്കോയില്‍ നിന്നും വെറ്റെ ഹെറെല്‍, മിന്നസോട്ടയില്‍ മിഷേല്‍ ഫിഷ്‌ബാച്ച്, സൗത്ത് കരോളിനയില്‍ നിന്നും നാന്‍സി മെയ്സ്, ഒക്ലഹോമയില്‍ നിന്നും സ്റ്റെഫാനി ബൈസ്, ലോവയില്‍ നിന്നും ആഷ്ലി ഹിന്‍സണ്‍, ന്യൂയോര്‍ക്കില്‍ നിന്നും നിക്കോള്‍ മല്ലിയോടാകിസ് എന്നിവരാണ് ജനപ്രതിനിധി സഭയില്‍ അട്ടിമറി വിജയം കൈവരിച്ച ജീവന്റെ സംരക്ഷകര്‍.

ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്കും അമ്മമാര്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ പ്രോലൈഫ് വനിതകളുടെ വിജയത്തില്‍ അഭിമാനം കൊള്ളുന്നുവെന്നും, ഇവരുടെ സംഖ്യ ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘടന പറയുന്നു. യു.എസ് ഹൗസ് അബോര്‍ഷന്‍ അനുകൂലികളുടെ നിയന്ത്രണത്തിലാണെങ്കിലും അവരുടെ ഭൂരിപക്ഷം കുറയുന്നു എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

More Archives >>

Page 1 of 52