Life In Christ - 2025

ഗോനി ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സ് ജനതയ്ക്കു ആശ്രയവും അഭയവുമായി കത്തോലിക്കാ ദേവാലയങ്ങള്‍

പ്രവാചക ശബ്ദം 06-11-2020 - Friday

മനില: ഫിലിപ്പീന്‍സിലെ ലുസോണിന്റെ തെക്ക് ഭാഗത്തുള്ള ബിക്കോളില്‍ ദുരന്തം വിതച്ചുകൊണ്ട് ആഞ്ഞടിച്ച ഗോനി ചുഴലിക്കാറ്റിനെ തുടര്‍ന്നു പെരുവഴിയിലായ ആയിരങ്ങള്‍ക്ക് കത്തോലിക്ക ദേവാലയങ്ങള്‍ അഭയകേന്ദ്രമാകുന്നു. പുതപ്പ്, ഭക്ഷണം, മരുന്ന്‍, തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണവുമായി വിവിധ കത്തോലിക്കാ ഇടവകകള്‍ സജീവമാണ്. കാരിത്താസ് ഇന്റര്‍നാഷ്ണല്‍ ശൃംഖലയുടെ ഭാഗമായ സി.ആര്‍.എസ് സര്‍ക്കാര്‍ അനുവാദത്തോടെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്ന ആയിരത്തിലധികം കുടുംബങ്ങള്‍ക്കിടയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുമായി അത്മായ കത്തോലിക്കാ സംഘടനയും സജീവമാണ്. സോര്‍സൊഗോണ്‍ രൂപതാ ദേവാലയം ദുരന്തബാധിതര്‍ക്കുള്ള ദുരിതാശ്വാസകേന്ദ്രമാക്കി മാറ്റിയതിന്റെ ചിത്രങ്ങള്‍ ഫിലിപ്പീന്‍സ് മെത്രാന്‍ സമിതി നേരത്തെ ട്വീറ്റ് ചെയ്തിരിന്നു. പ്രമുഖ കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസും പതിനായിരങ്ങള്‍ക്ക് സാന്ത്വനവും സഹായവുമായി സജീവമായി രംഗത്തുണ്ട്. ‘കാരിത്താസ് ഫിലിപ്പീന്‍സ്’ സംഘടനയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിച്ച് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്തുവരികയാണെന്ന്‍ സംഘടനയുടെ തലവനായ ബിഷപ്പ് ജോസ് ബാഗാഫോറോ പറഞ്ഞു.

സാമ്പത്തിക സഹായം ആവശ്യമുള്ള രൂപതകള്‍ക്ക് വേണ്ട ധനസഹായം നല്‍കുവാനും കാരിത്താസ് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ചുഴലിക്കാറ്റ് കാരണം ഭവനരഹിതരായവര്‍ക്കായി തന്റെ ഇടവക ഒരു സൂപ്പ് കിച്ചന്‍ യ്യാറാക്കിയിട്ടുണ്ടെന്ന്‍ സോര്‍സൊഗോണ്‍ രൂപതയിലെ പുരോഹിതനായ ഫാ. ട്രെബ് ഫുടോള്‍ പറഞ്ഞു. കാറ്റന്‍ഡുവാനെസ്, ആല്‍ബെ പ്രവിശ്യകളിലെ ചിലഭാഗങ്ങള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നശിച്ചുവെന്നാണ് ബാള്‍ട്ടിമോര്‍ ആസ്ഥാനമായുള്ള കത്തോലിക്കാ റിലീഫ് സര്‍വീസസിന്റെ പ്രോഗ്രാമിംഗ് ഓഫീസറായ കാരെന്‍ ജാനെസ് പറയുന്നത്. ഭക്ഷണവും, വെള്ളവും, കിടപ്പാടവുമില്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ ഏറെയാണെന്നും ഒരു പട്ടണത്തില്‍ മാത്രം 180നു അടുത്ത് കുടുംബങ്ങളാണ് ഉരുള്‍പ്പൊട്ടലില്‍ കിടപ്പാടമില്ലാതായതെന്നും ജാനെസ് കൂട്ടിച്ചേര്‍ത്തു.

കൊറോണ നിയന്ത്രണങ്ങള്‍ കാരണം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതിയുണ്ടെങ്കിലും, തങ്ങളുടെ പ്രാദേശിക പങ്കാളികള്‍ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളവരാണെന്നും ജാനെസ് പറഞ്ഞു. റോളി എന്ന് ഫിലിപ്പീന്‍സില്‍ അറിയപ്പെടുന്ന ഗോനി ചുഴലിക്കാറ്റ് ഇക്കൊല്ലം ഫിലിപ്പീന്‍സില്‍ വീശിയടിച്ച ചുഴലിക്കാറ്റുകളില്‍ ഏറ്റവും ശക്തമായ ഒന്നായിരിന്നു. മണിക്കൂറില്‍ 140 മൈല്‍ വേഗത്തില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഇതുവരെ 20 പേരാണ് മരണമടഞ്ഞത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ശക്തമായ ഉരുള്‍പ്പൊട്ടലിനും ചുഴലിക്കാറ്റ് കാരണമായി. മൂന്ന്‍ പട്ടണങ്ങളുടെ 50-90 ശതമാനംവരെയാണ് ചുഴലിക്കാറ്റ് കാരണം തുടച്ചുനീക്കപ്പെട്ടത്. അതേസമയം മണ്ണിടിച്ചിലില്‍ നിരവധി പേര്‍ മണ്ണിനടിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Related Articles »