News - 2024

നിയുക്ത പ്രസിഡന്റ് ജോ ബൈഡനു അഭിനന്ദനം അറിയിച്ച് അമേരിക്കൻ മെത്രാൻ സമിതി

പ്രവാചക ശബ്ദം 09-11-2020 - Monday

വാഷിംഗ്ടണ്‍ ഡി‌.സി: പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനു അഭിനന്ദനം അറിയിച്ച് അമേരിക്കൻ മെത്രാൻ സമിതി. പൊതു നന്മയെ കരുതി വിട്ടുവീഴ്ചകളും, സംവാദങ്ങളും സാധ്യമാക്കണമെന്ന് മാധ്യമങ്ങളിലെ പ്രസിഡന്‍ഷ്യല്‍ വിജയത്തെ കുറിച്ചുള്ള പ്രഖ്യാപനത്തിനുശേഷം അമേരിക്കൻ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ആർച്ച് ബിഷപ്പ് ജോസ് ഗോമസ് പ്രസ്താവനയില്‍ പറഞ്ഞു. ജോൺ എഫ് കെന്നഡിക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ കത്തോലിക്ക പ്രസിഡന്റാണ് ബൈഡനെന്ന് ആർച്ച് ബിഷപ്പ് ഗോമസ് സ്മരിച്ചു.

കത്തോലിക്ക വിശ്വാസികളും, അമേരിക്കൻ പൗരന്മാരും എന്ന നിലയിൽ നമ്മുടെ ലക്ഷ്യങ്ങളും, നമ്മൾ പ്രാധാന്യം നൽകേണ്ട കാര്യങ്ങളും വ്യക്തമാണ്. ക്രിസ്തുവിനെ അനുഗമിക്കാനും ക്രിസ്തു സ്നേഹത്തിനു സാക്ഷ്യം നൽകാനും, ദൈവരാജ്യം സ്ഥാപിക്കാനുമായാണ് നാമിവിടെ ആയിരിക്കുന്നത്. സമാധാനവും, സാഹോദര്യവും, പരസ്പര ധാരണയും സമൂഹത്തിൽ വളർത്താൻ കത്തോലിക്കാ വിശ്വാസികൾക്ക് കടമ ഉണ്ടെന്നും ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു. ഒരു ജനാധിപത്യവ്യവസ്ഥയിൽ ജീവിക്കുമ്പോൾ നിയമപരമായ കാര്യങ്ങളിലും, മറ്റ് പൊതു കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ തന്നെ മറ്റുള്ളവരെ ബഹുമാനത്തോടെ കാണുകയും, അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുകയും ചെയ്യണമെന്ന് ആർച്ച് ബിഷപ്പ് ഗോമസ് പറഞ്ഞു.

മിഷ്ണറിമാരും, ഭരണഘടനാ ശിൽപികളും ദർശിച്ച, എല്ലാ മനുഷ്യജീവനും, മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുന്ന, ഒരു ദൈവത്തിന് കീഴിലുള്ള ഒരു ജനതയായി മാറാൻ പരിശുദ്ധ കന്യകാമറിയം രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പെൻസിൽവാനിയ, നെവാഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലീഡ് നില മെച്ചപ്പെടുത്തിയതോടുകൂടിയാണ് ബൈഡനെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി ശനിയാഴ്ച മാധ്യമങ്ങൾ പ്രഖ്യാപിച്ചത്. ഗര്‍ഭഛിദ്ര അനുകൂല നിലപാടുള്ള ജോ ബൈഡനെതിരെ സഭാനേതൃത്വത്തില്‍ നിന്ന്‍ നേരത്തെ വിമര്‍ശനമുയര്‍ന്നിരിന്നു. ഇതിന്റെ പേരില്‍ ദിവ്യകാരുണ്യം വരെ അദ്ദേഹത്തിന് നിഷേധിച്ചിട്ടുണ്ട്.

എന്നാൽ പ്രസിഡന്റ് പദവിയിലിരുന്ന സമയത്ത് ഭ്രൂണഹത്യ വിരുദ്ധ നിലപാടുകളെടുത്ത ഡൊണാൾഡ് ട്രംപിനെ മെത്രാൻ സമിതി പിന്തുണ നല്‍കിയിരിന്നു. മത സ്വാതന്ത്ര്യം സംരക്ഷിക്കാൻ വേണ്ടി ട്രംപ് എടുത്ത നിലപാടുകളും അമേരിക്കൻ മെത്രാൻ സമിതിയുടെ പ്രശംസ പിടിച്ചുപറ്റി. അടുത്തിടെയാണ് ആമി കോണി ബാരറ്റ് എന്ന പ്രോലൈഫ് നിലപാടുകളുള്ള വനിതയെ ഡൊണാൾഡ് ട്രംപ് സുപ്രീംകോടതിയിലേക്ക് നാമനിർദേശം ചെയ്തത്. എന്നാൽ രാജ്യത്തേക്ക് വരുന്ന അഭയാർത്ഥികളെ നിയന്ത്രിക്കുന്ന വിഷയത്തിലും, തടവ് പുള്ളികൾക്ക് വധശിക്ഷ നൽകുന്ന വിഷയത്തിലും മെത്രാൻ സമിതി ട്രംപിന്റെ നിലപാടിനെ തള്ളിക്കളഞ്ഞിരിന്നു.

കത്തോലിക്ക സഭാംഗമായ നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന് ക്രിസ്തീയ ധാര്‍മ്മികത മുറുകെ പിടിക്കാനും സത്യവിശ്വാസത്തിന് വേണ്ടി നിലകൊള്ളാനും ക്രിസ്തീയ മൂല്യങ്ങളിലൂടെ ലോകത്ത് സമാധാനം സ്ഥാപിക്കാനും കര്‍ത്താവ് ശക്തി നല്‍കട്ടെയെന്ന് നമ്മുക്ക് ആശംസിക്കാം, പ്രാര്‍ത്ഥിക്കാം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »