News - 2024

ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കുമെന്ന് അസർബൈജാൻ പ്രസിഡന്‍റിന്റെ ഉറപ്പ്

പ്രവാചക ശബ്ദം 16-11-2020 - Monday

യെരെവാന്‍: അർമേനിയ-അസർബൈജാൻ സമാധാന കരാറിന്റെ ഭാഗമായി അർമേനിയക്കാർ വസിക്കുന്ന തർക്ക പ്രദേശം അസർബൈജാനു വിട്ടു നൽകുമ്പോൾ അവിടെയുള്ള ക്രൈസ്തവ ദേവാലയങ്ങൾ തങ്ങൾ സംരക്ഷിക്കുമെന്ന് അസർബൈജാൻ പ്രസിഡന്റിന്റെ ഉറപ്പ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി നടത്തിയ ടെലഫോൺ സംഭാഷണത്തിലാണ് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. നാഗാര്‍ണോ കരാബാക് എന്ന പ്രദേശത്തെ ചൊല്ലി അർമേനിയയും, അസർബൈജാനും തമ്മിൽ ആറാഴ്ച നീണ്ടുനിന്ന സംഘർഷത്തിന് ഒടുവിലാണ് സമാധാന കരാർ രൂപം കൊണ്ടിരിക്കുന്നത്. വിവാദ സ്ഥലവും സമീപ സ്ഥലങ്ങളും, 1994ൽ നടന്ന ഒരു യുദ്ധത്തിൽ അർമേനിയൻ സേന കീഴടക്കിയിരുന്നു.

എന്നാൽ ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തില്‍ ഇത് പിടിച്ചെടുക്കാൻ അസർബൈജാൻ ശക്തമായ സൈനിക ആക്രമണം നടത്തി. സമാധാന കരാർ പ്രകാരം നാഗാർനോ- കാരബാക്കിന്റെ ഒരു ഭാഗവും, പ്രാന്തപ്രദേശങ്ങളും അസർബൈജാനു ലഭിക്കും. അർമേനിയൻ അപ്പസ്തോലിക്ക് ചർച്ചിന്റെ ഡാഡിവാങ്ക് എന്ന പ്രശസ്ത സന്യാസ ആശ്രമം സ്ഥിതി ചെയ്യുന്ന കൽബജാർ എന്ന പ്രദേശം ഞായറാഴ്ച അർമേനിയ അസർബൈജാനു കൈമാറി. കഴിഞ്ഞദിവസം സന്യാസ ആശ്രമത്തിലെ ജീവനക്കാർ ഇവിടെ നിന്നും അനവധി വിശുദ്ധ വസ്തുക്കൾ നീക്കം ചെയ്തിരുന്നു.

95 ശതമാനം ഇസ്ലാംമത വിശ്വാസികൾ പൗരന്മാരായുള്ള അസർബൈജാൻ തങ്ങളുടെ കൈവശമുണ്ടായിരുന്ന പ്രദേശങ്ങൾ കൈവശപ്പെടുത്തുമ്പോൾ ക്രൈസ്തവ ദേവാലയങ്ങൾ നശിപ്പിക്കപ്പെടാനോ, തകർക്കപ്പെടാനോ സാധ്യതയുണ്ടെന്ന് അർമീനിയക്കാർ ഭയപ്പെടുന്നു. എന്നാൽ ക്രൈസ്തവ ദേവാലയങ്ങൾ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയായി കരുതുന്നുവെന്നാണ് ഇൽഹാം അലിയേവിന്റ് ഓഫീസ് പറയുന്നത്. ദേവാലയങ്ങൾ സന്ദർശിക്കാനും ക്രൈസ്തവ വിശ്വാസികൾക്ക് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സെപ്റ്റംബറിൽ ആരംഭിച്ച സംഘർഷത്തിൽ, ഇരുരാജ്യങ്ങളുടെയും നൂറുകണക്കിന് പട്ടാളക്കാരും, പൗരന്മാരാണ് കൊല്ലപ്പെട്ടത്.

More Archives >>

Page 1 of 600