News - 2025
തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിത വിവാഹത്തിന് ഇരയായ പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് മോചനം
പ്രവാചക ശബ്ദം 08-12-2020 - Tuesday
ലാഹോര്‍: പാക്കിസ്ഥാനിലെ അഹമദാബാദില്‍ നിന്നും തട്ടിക്കൊണ്ടുപോയി മതംമാറ്റി നിര്‍ബന്ധിച്ച് വിവാഹം ചെയ്ത പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടി അഞ്ചു മാസങ്ങള്‍ക്ക് ശേഷം മോചിതയായി. ഫാറാ ഷഹീന്‍ എന്ന പെണ്‍കുട്ടിയ്ക്കാണ് ദുരിതകയത്തിന് നടുവില്‍ നിന്ന്‍ മോചനം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഫാറായെ പോലീസ് ഫൈസലാബാദ് ജില്ലാ കോടതി മുന്‍പാകെ ഹാജരാക്കിയതിനെ തുടര്‍ന്നു പെണ്‍കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുവാന്‍ കോടതി പോലീസിനോട് ഉത്തരവിടുകയായിരിന്നു. ജൂണ്‍ 25നാണ് അഹമദാബാദിലെ വീട്ടില്‍ നിന്നും മൂന്നുപേരടങ്ങുന്ന മുസ്ലീം സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സംഘത്തില്‍ ഉള്‍പ്പെട്ട ഖിസാര്‍ അഹമദ് അലി എന്ന നാല്‍പ്പത്തിയഞ്ചുകാരന്‍ തങ്ങളുടെ മകളെ നിര്‍ബന്ധപൂര്‍വ്വം മതപരിവര്‍ത്തനം ചെയ്ത് വിവാഹം ചെയ്തുവെന്നാണ് ഷഹീന്റെ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
പിന്നീട് ചര്‍ച്ചകള്‍ക്ക് ശേഷം മോചിപ്പിച്ച പെണ്‍കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ അവളുടെ കണങ്കാലുകളിലും പാദത്തിലും മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന്‍ സാമൂഹ്യ പ്രവര്‍ത്തകനായ ലാലാ റോബിന്‍ ഡാനിയല്‍ യു.സി.എ ന്യൂസിനോട് വെളിപ്പെടുത്തി. പോലീസ് സ്റ്റേഷനില്‍ വെച്ചാണ് മുറിവുകളില്‍ മരുന്നുവെച്ചു കെട്ടിയതെന്നും, കടുത്ത മാനസികാഘാതത്തിലായിരുന്ന പെണ്‍കുട്ടിക്ക് തനിക്കേല്‍ക്കേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് വിവരിക്കുവാന്‍ പോലും കഴിഞ്ഞില്ലെന്നും ഡാനിയല്‍ പറയുന്നു. വിവാഹവും, നിര്‍ബന്ധിത മതപരിവര്‍ത്തനവും, മുറിവേറ്റ പാദങ്ങളും അവള്‍ നേരിട്ട ഭീകരതയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പോലീസും, നീതിന്യായ വ്യവസ്ഥയും, ദുര്‍ബ്ബലമായ നിയമങ്ങളും പാവപ്പെട്ട മാതാപിതാക്കളെ പരിഹസിക്കുകയാണെന്നു ഡാനിയല്‍ സമൂഹമാധ്യമത്തില്‍ പിന്നീട് കുറിച്ചു.
അന്താരാഷ്‌ട്ര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10നു പാക്ക് ക്രിസ്ത്യാനികള്‍ കരിദിനമായി ആചരിക്കണമെന്നും ഡാനിയല്‍ ആഹ്വാനം ചെയ്തു. ‘കനേഡിയന്‍ എയിഡ് റ്റു പേഴ്സെക്യൂട്ടഡ് ക്രിസ്റ്റ്യന്‍സ്’ന്റെ പ്രസിഡന്റായ നദീം ഭാട്ടിയും പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കണമെന്നും തട്ടിക്കൊണ്ടുപോകല്‍ സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്. സെന്റര്‍ ഫോര്‍ സോഷ്യല്‍ സ്റ്റഡീസിന്റെ 2013-2020 കാലയളവിലെ കണക്കനുസരിച്ച് പഞ്ചാബ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ (52 ശതമാനം) നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നത്. സിന്ധ് പ്രവിശ്യയാണ് (44 ശതമാനം) തൊട്ടു പിന്നില്‍.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക