India - 2025

പരിസ്ഥിതിലോല മേഖല വനാതിര്‍ത്തിയില്‍ നിലനിര്‍ത്തണമെന്ന് മലബാര്‍ മെത്രാന്‍ സമിതി

പ്രവാചക ശബ്ദം 11-12-2020 - Friday

കോഴിക്കോട്: കേരളത്തില്‍ ഒന്നൊന്നായി കരടുവിജ്ഞാപനം വഴി പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന വന്യജീവിസങ്കേതങ്ങള്‍ക്കു ചുറ്റുമുള്ള പരിസ്ഥിതിലോല മേഖല (ഇഎസ്ഇസഡ്) പൂര്‍ണമായും വനാതിര്‍ത്തിയില്‍ നിലനിര്‍ത്തണമെന്ന് മലബാര്‍ മെത്രാന്‍ സമിതി ആവശ്യപ്പെട്ടു. കേരളത്തിലെ വന്യജീവി സങ്കേതങ്ങള്‍ക്കു ചുറ്റുമുള്ള പരിസ്ഥിതി സംവേദക മേഖല ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ അടങ്ങുന്ന റവന്യൂ ഭൂമിയിലേക്ക് വ്യാപിപ്പിക്കാനുള്ള സര്‍ക്കാരിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നടപടിക്രമങ്ങളില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങണമെന്ന് സംയുക്തയോഗം ആവശ്യപ്പെട്ടു.

അതോടൊപ്പം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അനുസരിച്ചുള്ള ഇഎസ്എ അന്തിമ വിജ്ഞാപനം കേരളത്തിലെ 92 വില്ലേജുകളിലെ നിലവിലുള്ള വനമേഖലയില്‍ മാത്രമായി നിജപ്പെടുത്തണം. ആ വില്ലേജുകളില്‍ ഉള്‍പ്പെട്ട ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കി മാത്രം വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 16. 6. 2018ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റിസര്‍വ് ഫോറസ്റ്റ് മാത്രമേ ഇഎസ്എ യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്ന് അവകാശപ്പെടുമ്പോള്തോന്നെ പ്രസ്തുത വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങള്‍ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച ജിയോ കോഓര്‍ഡിനേറ്റ് മാപ്പില്‍ ഉള്‍പ്പെട്ടതായി കാണുന്നു.

ഈ തെറ്റ് അടിയന്തരമായി തിരുത്തി ഒരോ വില്ലേജിലും ഉള്ള റവന്യൂഭൂമിയെ റവന്യൂ വില്ലേജ് എന്നും ഫോറസ്റ്റ് ഭൂമിയെ ഫോറസ്റ്റ് വില്ലേജെന്നും രണ്ടായി തിരിച്ച് ഫോറസ്റ്റ് വില്ലേജുകളെ മാത്രം ഇഎസ്എ വില്ലേജുകളായി രേഖപ്പെടുത്തി പുതിയ റിപ്പോര്‍ട്ട് നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ്, താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, സഹായമെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ സ്വാഗത പ്രസംഗം നടത്തി. ഡോ. ചാക്കോ കാളംപറമ്പില്‍ വിഷയാവതരണം നടത്തി. റവ.ഡോ. ജോസഫ് കളരിക്കല്‍ നന്ദി പറഞ്ഞു.

More Archives >>

Page 1 of 363