India - 2025
കേന്ദ്രസര്‍ക്കാര്‍ കര്‍ഷക അനുകൂല നിലപാട് സ്വീകരിക്കണം: കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
പ്രവാചക ശബ്ദം 12-12-2020 - Saturday
തിരുവല്ല: കേന്ദ്രസര്‍ക്കാര്‍ കര്‍ഷക അനുകൂല നിലപാട് സ്വീകരിക്കണമെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധ സമരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല എസ്സിഎസ് ജംഗ്ഷനില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഭക്ഷ്യസുരക്ഷ നിലനിര്‍ത്തുന്ന കര്‍ഷകര്‍ ഉന്നയിക്കുന്നത് രാജ്യത്തിന്റെ മുഴുവന്‍ രോദനമാണെന്ന് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. കൊടും തണുപ്പില്‍ മരണം നേരിടേണ്ടി വന്നിട്ടും സമരഭൂമിയില്‍ ശക്തമായി നിലകൊള്ളുന്ന കര്‍ഷക സമൂഹത്തെ അഭിവാദ്യം ചെയ്യുന്നതായും ലോക സമൂഹം മുഴുവന്‍ ആകാംക്ഷയോടെ നോക്കിക്കാണുന്ന സമരത്തിന് എല്ലാ പിന്തുണയും നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ സമരം അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പ്രഫ. ഫിലിപ്പ് എന്‍. തോമസ്, റവ.രാജു പി. ജോര്‍ജ്, ഫാ.ജോസ് കരിക്കം, റവ. ലാല്‍ ചെറിയാന്‍, റവ. ടി.ടി.സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.