News

ഇന്ന് ഡിസംബര്‍ 12 ഗ്വാഡലൂപ്പ തിരുനാള്‍ ദിനത്തില്‍ ദണ്ഡവിമോചനം നേടാന്‍ അവസരം പ്രഖ്യാപിച്ച് മാർപാപ്പ

പ്രവാചക ശബ്ദം 12-12-2020 - Saturday

റോം: ഇന്ന് ഡിസംബര്‍ 12 ഗ്വാഡലൂപ്പ തിരുനാള്‍ ദിനത്തില്‍ ഭവനങ്ങളില്‍ ഇരിന്നുകൊണ്ട് ദണ്ഡവിമോചനം നേടാനുള്ള അവസരം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. ഗ്വാഡലൂപ്പ മാതാവിന്റെ കിരീടധാരണത്തിന്റെ 125 വാർഷികം പ്രമാണിച്ചാണ് ഡിസംബർ പന്ത്രണ്ടാം തീയതി ഭവനങ്ങളിൽ ഇരുന്നുകൊണ്ട് തന്നെ പൂർണ ദണ്ഡവിമോചനത്തിനുളള അവസരം മാർപാപ്പ പ്രഖ്യാപിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ മൂലം മെക്സിക്കോയിലെ ഗ്വാഡലൂപ്പ മാതാവിന്റെ ബസിലിക്ക അടച്ചിട്ട സാഹചര്യത്തിൽ ഏതാനും നിബന്ധനകൾ പാലിച്ചാൽ വിശ്വാസികൾക്ക് ദണ്ഡവിമോചനം ലഭിക്കുമെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.

ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് മെക്സിക്കോ സിറ്റി കർദ്ദിനാളായ കാർലോസ് അഗേർ റെറ്റസ് കത്ത് പ്രസിദ്ധീകരിച്ചു. കത്തിനൊപ്പം വത്തിക്കാന്റെ അപ്പസ്തോലിക്ക് പെനിറ്റൻഷറിയുടെ തലവനായ കർദ്ദിനാൾ മൗറോ പിയാസെൻസയുടെ ഔദ്യോഗിക പ്രഖ്യാപനവുമുണ്ട്. പൂർണ ദണ്ഡവിമോചനം പ്രാപിക്കാൻ വേണ്ടിയുള്ള നിബന്ധനകൾ താഴെ;

1. ഗ്വാഡലൂപ്പ മാതാവിനോട് പ്രാർത്ഥിക്കാൻ വേണ്ടി പ്രത്യേകമാം വിധം ഭവനങ്ങളിൽ സ്ഥലം ഒരുക്കുക. (ഗ്വാഡലൂപ്പ ചിത്രം പ്രതിഷ്ഠിക്കുക).

2. ഗ്വാഡലൂപ്പ ബസിലിക്കയിൽ ഇന്ന് ഡിസംബർ പന്ത്രണ്ടാം തീയതി നടക്കുന്ന വിശുദ്ധ കുർബാനയിൽ മാധ്യമങ്ങളിലൂടെ പങ്കെടുക്കുക.

ലൈവ് സ്ട്രീം ലഭ്യമാകുന്ന യൂട്യൂബ് ചാനൽ ലിങ്ക്

3. കുമ്പസാരിച്ച് വിശുദ്ധ കുർബാനയിൽ പങ്കുകൊള്ളുക. ദിവ്യകാരുണ്യം സ്വീകരിക്കുക.

4. മാർപാപ്പയുടെ നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കുക.

കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിൽ മാത്രം മൂന്ന് നിബന്ധനകൾ പാലിച്ചാൽ മതിയെന്ന് വത്തിക്കാന്റെ നിർദേശമുണ്ട്. ലോകത്തിലെവിടെയുള്ളവർക്കും ദണ്ഡ വിമോചനം പ്രാപിക്കാമെന്നും, എന്നാൽ അമേരിക്കക്കാർക്കും, ഫിലിപ്പീൻസിൽ ഉള്ളവർക്കും ഗ്വാഡലൂപ്പ മാതാവിനോട് പ്രത്യേക ഒരു ഭക്തിയുള്ളതെന്നും കർദ്ദിനാൾ കാർലോസ് റെറ്റസ് പറഞ്ഞു. മറ്റ് രാജ്യങ്ങളിലേക്കും ഗ്വാഡലൂപ്പ മാതാവിനോടുള്ള ഭക്തി പ്രചരിച്ചതിനാലാണ് മാർപാപ്പ എല്ലാവർക്കുമായി ദണ്ഡവിമോചനം നൽകാമെന്ന തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും ഈ അവസരം വിനിയോഗിക്കണമെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 2019ൽ ആരംഭിച്ച ഗ്വാഡലൂപ്പ മാതാവിന്റെ ജൂബിലി വർഷം ഒക്ടോബർ 12, 2021 വരെ അപ്പസ്തോലിക്ക് പെനിറ്റൻഷറി നീട്ടിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ മൂലം ആളുകൾക്ക് ബസിലിക്ക ദേവാലയത്തിൽ സന്ദർശനം നടത്താൻ സാധിക്കാത്ത സാഹചര്യം നില നിന്നതിനാലാണ് ഈ വർഷം ഒക്ടോബർ 12 ആം തീയതി അവസാനിക്കേണ്ടിയിരുന്ന ജൂബിലി വർഷം നീട്ടിവെക്കാൻ തീരുമാനമായത്. ഇന്നു ഡിസംബർ പന്ത്രണ്ടാം തീയതി ശനിയാഴ്ച ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാൾ ദിനം ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കും.

1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »