Wednesday Mirror

കന്ധമാലിലെ താരശൂന്യ ക്രിസ്‌തുമസിലെ തീവ്രസാക്ഷ്യം | ലേഖന പരമ്പര - ഭാഗം 17

ആന്‍റോ അക്കര / പ്രവാചക ശബ്ദം 16-12-2020 - Wednesday

കന്ധമാല്‍ ക്രൈസ്തവ കൂട്ടക്കുരുതി: ഗൂഢാലോചനയില്‍ വിരിഞ്ഞ കലാപം ‍ ലേഖന പരമ്പരയുടെ ആദ്യഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി തീപ്പന്തമായ കർഷകൻ ‍ ലേഖന പരമ്പരയുടെ രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പാറക്കല്ലുകൊണ്ട് കൊല്ലപ്പെട്ട പാസ്റ്റർ - കന്ധമാലിലെ വിശുദ്ധ എസ്തപ്പാനോസ് ‍ ലേഖന പരമ്പരയുടെ മൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാല്‍ കൂട്ടക്കൊലയിലെ പ്രഥമ രക്തസാക്ഷി രസാനന്ദും യേശുവിലുള്ള വിശ്വാസത്തെ പ്രതി മരണം വരിച്ച കന്തേശ്വരും ‍ ലേഖന പരമ്പരയുടെ നാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

വിശ്വാസം വെടിയാതെ വീരമൃത്യു പ്രാപിച്ച പാസ്റ്ററും രക്തസാക്ഷിയായ ഫാ. ബെര്‍ണാഡും ‍ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അഗ്നിനാളങ്ങളെ അതിജീവിച്ച വൈദികൻ ‍ ലേഖന പരമ്പരയുടെ ആറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിലാദ്രി കൺഹർ - കന്ധമാലിലെ വിശുദ്ധ പൗലോസ് ‍ ലേഖന പരമ്പരയുടെ ഏഴാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"യേശു എന്നെ രക്ഷിച്ചു": വെടിയുണ്ട പേറുന്ന പോലീസുകാരൻ ‍ ലേഖന പരമ്പരയുടെ എട്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ക്രിസ്തുവിനെപ്രതി പീഡിതനായ ചെല്ലനച്ചൻ ‍ ലേഖന പരമ്പരയുടെ ഒന്‍പതാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ വിധവകളുടെയും സന്യാസിനികളുടെയും വിശ്വാസത്തിന് പാറയുടെ ഉറപ്പ് ‍ ലേഖന പരമ്പരയുടെ പത്താം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

നിരക്ഷരയെങ്കിലും യേശുവിലുള്ള വിശ്വാസത്തില്‍ അചഞ്ചലയായ വിധവ ‍ ലേഖന പരമ്പരയുടെ പതിനൊന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലില്‍ ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീന ‍ ലേഖന പരമ്പരയുടെ പന്ത്രണ്ടാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ കൂട്ട ബലാല്‍സംഘത്തിന് മുന്‍പും ശേഷവും സിസ്റ്റര്‍ മീന നേരിട്ട പീഡനത്തിന്റെ തീവ്രത ഞെട്ടിപ്പിക്കുന്നത് ‍ ലേഖന പരമ്പരയുടെ പതിമൂന്നാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

അരി ക്രിസ്ത്യാനികളല്ല, അറിഞ്ഞു വിശ്വസിക്കുന്നവര്‍ ‍ ലേഖന പരമ്പരയുടെ പതിനാലാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

മരിക്കേണ്ടി വന്നാലും യേശുവിനെ തള്ളി പറയില്ലെന്ന് തറപ്പിച്ചു പറഞ്ഞ കന്ധമാല്‍ ക്രൈസ്തവര്‍ ‍ ലേഖന പരമ്പരയുടെ പതിനഞ്ചാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

കന്ധമാലിലെ ക്രൈസ്തവര്‍ നേരിട്ട പുനര്‍പരിവര്‍ത്തനത്തിന്റെ ഭീകരത ‍ ലേഖന പരമ്പരയുടെ പതിനാറാം ഭാഗം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

"അവൾ തന്റെ കടിഞ്ഞൂൽ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞു പുൽത്തൊട്ടിയിൽ കിടത്തി. കാരണം, സത്രത്തിൽ അവർക്ക് സ്ഥലം ലഭിച്ചില്ല" (ലൂക്കാ. 2:7) ഭവനരഹിതരായ അഭയാർത്ഥികൾ സജ്ജമാക്കിയ പുൽക്കൂടിനു മുമ്പിൽ കത്തിച്ച മെഴുകുതിരി കൈയിലേന്തി മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ ആ സ്ത്രീയുടെ കവിൾത്തടങ്ങളിലൂടെ കണ്ണീർകണങ്ങൾ ഉരുണ്ടിറങ്ങി. നുവാഗാമിലുള്ള അഭയാർത്ഥി കേന്ദ്രത്തിൽ, 2008-ലെ ക്രിസ്‌മസ്‌ ശുശ്രൂഷയിൽ പ്രാർത്ഥനാനിമഗ്നരായിരുന്ന നിരവധി അഭയാർത്ഥികളുണ്ടായിരുന്നു ക്രിസ്മസ് ശുശ്രൂഷയ്ക്കിടയ്ക്ക് കാർമ്മികൻ ഉണ്ണി യേശുവിന്റെ രൂപം ഉയർത്തിയപ്പോൾ, അഭയാർത്ഥികളുടെ മിഴികൾ ഈറനണിഞ്ഞു.

കത്തോലിക്കാ പുരോഹിതർ നയിച്ച ഈ ക്രിസ്‌മസ്‌ ശുശ്രൂഷ മൂന്നു മണിക്കൂർ ദീർഘിച്ചു കൊടുംതണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യത്തിന് കമ്പിളി വസ്ത്രങ്ങളില്ലാതിരുന്ന, വിവിധ സഭാവിഭാഗങ്ങളിൽപെട്ട 2,000-ഓളം വിശ്വാസികൾ പ്രാർത്ഥനാനിർഭരരായി അതിൽ പങ്കെടുത്തു. ആഗസ്റ്റ് അവസാനത്തിൽ വീടുവിട്ട് ഓടിപ്പോയതിനുശേഷം അവർ പങ്കെടുത്ത ആദ്യത്തെ പ്രാർത്ഥനാസമ്മേളനമായിരുന്നു അത്. ആ ക്രിസ്‌മസ്‌ ആഘോഷം ഭവനരഹിതരായ ക്രൈസ്തവരുടെ അചഞ്ചലമായ വിശ്വാസം സാക്ഷ്യപ്പെടുത്താനുള്ള ഒരവസരമായി.

വീടില്ലാതെ നക്ഷത്രമില്ലാതെ ക്രിസ്‌മസ്‌ ആഘോഷിക്കേണ്ടിവന്നതിൽ നിരാശയുണ്ടോ എന്നു ചോദിച്ചപ്പോൾ, മുന്ദരോഗം ഗ്രാമവാസിയായ സുധീർ നായകിന്റെ മ്ലാനമുഖം പെട്ടെന്ന് പ്രകാശിതമായി. അദ്ദേഹം തിരിച്ചു ചോദിച്ചു: "എന്തിനാണ് സാർ ഞങ്ങൾ നിരാശപ്പെടുന്നത്? ക്രിസ്‌മസ്‌ എന്താണെന്ന് ഞങ്ങൾ യഥാർത്ഥത്തിൽ അനുഭവിച്ചത് ഇപ്പോഴാണ്. സ്വന്തം വീടില്ലാതെ യേശു കാലിത്തൊഴുത്തിൽ ഭൂജാതനായി. ഞങ്ങളും ഇപ്പോൾ ഭവനരഹിതരാണ്."

"യേശുവിന്റെ അതേ അനുഭവത്തിലൂടെ ഞങ്ങൾ ഇപ്പോൾ കടന്നു പോവുകയാണ്. വേദനാജനകമാണെങ്കിലും അത് മറക്കാനൊക്കാത്ത ഒരു അനുഭവമല്ലേ?" ദൈവശാസ്ത്രജ്ഞന്മാരെ പോലും അത്ഭുതപ്പെടുത്തുമാറ് സുധീർ വീണ്ടും ചോദിച്ചു. ഭാര്യയും മൂന്ന് മക്കളുംകൂടി നാലുമാസമായി നുവാഗാമിലെ അഭയാർത്ഥി കേന്ദ്രത്തിൽ കഴിയുകയായിരുന്ന കൂലിപ്പണിക്കാരനായ അദ്ദേഹം കൂട്ടിച്ചേർത്തു. "ഒരു പക്ഷേ, ഞങ്ങളും അതെ അനുഭവത്തിനു വിധേയരാകണമെന്ന് യേശു ആഗ്രഹിച്ചിരിക്കും."

നിറംമങ്ങിയ ക്രിസ്‌മസ്‌ ‍

തീവെച്ച് നശിപ്പിക്കപ്പെട്ട ദിവ്യജ്യോതി പാസ്റ്ററൽ സെന്ററിൽ, ക്രിസ്‌മസ്‌ പുലരിയിൽ സദ്യ തയ്യാറാക്കുകയായിരുന്നു സാഗർ കുമാർ ഡിഗർ എന്ന പെന്തക്കോസ്ത സഭാംഗം. "ഇത് ക്രിസ്‌മസ്‌ കാലമാണ്. എങ്കിലും കന്ധമാലിൽ ഒരു നക്ഷത്രം കാണാൻ കഴിയുമോ? ഇവിടത്തെ ജനങ്ങളുടെ ഭയം എത്ര വലുതാണെന്ന് ഇതു വ്യക്തമാക്കുന്നു," അദ്ദേഹം ചൂണ്ടിക്കാട്ടി. അഭയാർത്ഥി കേന്ദ്രത്തിലെ ക്രിസ്‌മസ്‌ ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിക്കുവാൻ കന്ധമാലിന്റെ ഭരണകൂടം ചീനാത്ത് മെത്രാപ്പോലീത്തയുടെ അനുവാദത്തോടെ, മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

ക്രിസ്‌മസ്‌ ആഘോഷത്തിന് ക്യാമ്പുകളിൽ വർണശബളമായ പന്തലുകൾ ഇട്ടിരുന്നു. പീഡിത ക്രൈസ്തവർ തങ്ങളുടെ ദുഃഖങ്ങൾ ഉള്ളിലൊതുക്കി ബലൂൺ കെട്ടുകയും പുൽക്കൂടുകൾ തയ്യാറാക്കുകയും ചെയ്‌തു. 2008 ക്രിസ്‌മസിന്‌ സംഘപരിവാർ ക്രൈസ്തവർക്കെതിരെ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നതാണ്. പക്ഷേ, സർക്കാർ, കർശനമായ സുരക്ഷിതത്വ നടപടികൾ കൈക്കൊണ്ടിരുന്നതിനാൽ എട്ട് അഭയാർത്ഥി കേന്ദ്രങ്ങളിലും താമസിച്ചിരുന്ന 8,000-ലേറെ ക്രൈസ്തവർ, നിർഭയരായി ക്രിസ്‌മസ്‌ കൊണ്ടാടി.

അഭയാർത്ഥി കേന്ദ്രങ്ങൾ, ദൈവാലയങ്ങൾ, ക്രിസ്‌തീയ ഗ്രാമങ്ങൾ എന്നിവയ്ക്ക് ചുറ്റും കേന്ദ്രസൈന്യത്തിനു പുറമെ, ആയിരക്കണക്കിന് പോലീസുകാരേയും സർക്കാർ വിന്യസിച്ചു. വാഹനങ്ങൾക്ക് പ്രത്യേകം പാസ് ഏർപ്പെടുത്തിയ അധികാരികൾ വാഹനങ്ങൾ പരിശോധിക്കുന്നതിന് നിരവധി ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിരുന്നു. സാമൂഹ്യപ്രവർത്തകരും ഞാനുൾപ്പെടെ ഏതാനും മാധ്യമപ്രവർത്തകരും ചേർന്ന ഒരു സംഘത്തിന്, ക്രിസ്മസിന്റെ തലേരാത്രിയിലെ ഈ കർശനനിയന്ത്രണം, നേരിട്ട് അനുഭവിക്കാൻ അവസരം ഉണ്ടായി.

ജില്ലാ കളക്ടർ കൃഷ്ണകുമാറും പോലീസ് സൂപ്രണ്ട് പ്രവീൺകുമാറും സംയുക്തമായി നയിച്ച അരഡസനോളം വരുന്ന സുരക്ഷിതത്വ വാഹന വ്യൂഹം, തിരിച്ചറിയൽ പാസില്ലാത്ത ഞങ്ങളുടെ വാഹനം വളഞ്ഞു. അന്നു സന്ധ്യയോടെ നുവാഗാമിലെ അഭയാർത്ഥി കേന്ദ്രത്തിൽ എത്തിച്ചേരുന്നതിനുള്ള വഴിതിരക്കി റൈക്കിയയിലെ കത്തോലിക്കാ ദേവാലയത്തിനു മുന്നിൽ വണ്ടി നിറുത്തിയപ്പോഴായിരുന്നു അത്. ഞങ്ങളുടെ ജോലി സംബന്ധമായി രേഖകൾ പരിശോധിച്ചതിനു ശേഷമേ, അവർ ഞങ്ങളെ മുന്നോട്ടുപോകാൻ അനുവദിച്ചുള്ളൂ. അങ്ങനെയാണ് ഭവന രഹിതരായ ക്രിസ്ത്യാനികളോടൊത്ത് സ്മരണാർഹമായ ക്രിസ്മസിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യമുണ്ടായത്.

കേന്ദ്രസേനകളുടെ വഴി മുടക്കുവാൻ മരം മുറിച്ചിടുകയാണെന്ന് ക്രിസ്‌മസ്‌ ഉച്ചയ്ക്ക് വാർത്ത പരന്നപ്പോൾ ഒരു ഹെലികോപ്റ്റർ ആ ഭാഗങ്ങളിൽ ചുറ്റിപ്പറക്കുന്നതു കാണാമായിരുന്നു. ക്രിസ്‌മസ്‌ ദിനത്തിലെ സദ്യ അഭയാർത്ഥി ക്യാമ്പുകളിൽ ഉത്സവ പ്രതീതി ഉണർത്തി. എന്നാൽ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുവാൻ ചെന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം, ക്രിസ്ത്യാനികൾ ബഹുഭൂരിപക്ഷമുള്ള ഗുർപാകിയയിലെ ഗ്രാമത്തിലെ ദാരിദ്ര്യാർത്തിപൂണ്ട മുഖങ്ങൾ കണ്ടതോടെ ഞങ്ങളുടെ ക്രിസ്‌മസ്‌ സന്തോഷം മങ്ങി.

വിജനഗ്രാമത്തിൽ തങ്ങളുടെ തകർക്കപ്പെട്ട വീടുകൾക്കു മുമ്പിൽ വെറുതെ സമയം കളയുന്ന പുരുഷന്മാരെയാണ് ക്രിസ്‌മസ്‌ രാവിലെ ഞങ്ങൾ കണ്ടുമുട്ടിയത്. സ്ത്രീകളാകട്ടെ ഭാഗികമായി തകർത്ത പെന്തക്കോസ്ത പള്ളിയുടെ പരിസരത്ത് പൊട്ടിപ്പൊളിഞ്ഞ പ്ലാസ്റ്റിക് വിരികളും ഇലകളും ഉപയോഗിച്ചു പണിത കുടിലുകളും മുമ്പിൽ അരി വേവിക്കാനായി പുകയോട് മല്ലിടുന്ന തത്രപ്പാടിലായിരുന്നു.

ഗുർപ്പാക്കിയയിലെ വിശ്വാസികൾ ആ ക്രിസ്‌മസ്‌ ദിനത്തിൽപോലും മ്ലാനവദനരായിരുന്നു. തകർത്ത് അഗ്നിക്കിരയാക്കപ്പെട്ട വീടുകൾക്കു ചുറ്റും പിതബാഷ് ഡിഗൾ എന്ന പാസ്റ്റർ എന്നെ കൊണ്ടുപോകുമ്പോൾ പറഞ്ഞു: "ക്രിസ്‌മസ്‌ ആഘോഷിക്കുവാൻ ഞങ്ങൾക്ക് ഒന്നുമില്ല. എന്തെങ്കിലും വാങ്ങിക്കാൻ ചില്ലിക്കാശുപോലും ഇല്ലാതെ ഞങ്ങൾ എന്ത് ചെയ്യാനാണ്?" "എങ്കിലും ഞങ്ങൾ നിരാശരല്ല. യേശു എങ്ങനെയാണ് ഈ ലോകത്തിലേക്കു വന്നതെന്ന് ഓർമ്മിക്കുവാൻ ദൈവം ഞങ്ങൾക്ക് തന്ന സന്ദർഭമാണിത്," അദ്ദേഹം കൂട്ടിച്ചേർത്തു.

ആ ഗ്രാമത്തിലെ 90 ക്രൈസ്തവ ഭവനങ്ങളും കലാപകാരികളുടെ ആക്രമണത്തിൽ ഒന്നുകിൽ അഗ്നിക്കിരയായി. അല്ലെങ്കിൽ തകർത്ത് തരിപ്പണമായി നവംബർ മധ്യത്തോടെ അവിടത്തെ അഭയാർത്ഥികേന്ദ്രം സർക്കാർ അടച്ചുപൂട്ടി. അതോടെ അവർക്കു ലഭിച്ചിരുന്ന സൗജന്യഭക്ഷണം റദ്ദാക്കപ്പെട്ടത് ആ ഹതഭാഗ്യരെ സംബന്ധിച്ച് കൂനിന്മേൽ കുരുവെന്നപോലെയായി. ഗുർപാക്കിയായിലെ ക്രൈസ്തവ കുടുംബങ്ങൾക്ക് ക്രിസ്‌മസ്‌ ദിനത്തിൽ നേരിട്ട ദുരിതങ്ങൾ ഞങ്ങളിൽനിന്ന് കേട്ടറിഞ്ഞ സഭാ ശുശ്രൂഷകർ രണ്ടു ദിവസങ്ങൾക്കുശേഷം കോഴിയും മറ്റു പ്രത്യേക ഭക്ഷണ പദാർത്ഥങ്ങളുംകൊണ്ട് അവിടെ എത്തി. ക്രിസ്‌മസ്‌ സദ്യ ഒരുക്കുന്നതിന് പുറമെ ആ വിജനഗ്രാമത്തിൽ കഴിഞ്ഞിരുന്നവരുടെ നേരമ്പോക്കിനായി കളികളും കലാപരിപാടികളും സംഘടിപ്പിച്ചതിനുശേഷം മാത്രമാണ് മിഷണറീസ് ഓഫ് ചാരിറ്ററി സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലുള്ള ശുശ്രൂഷകർ തിരിച്ചുപോയത്.

തുടരും... (അടുത്ത ബുധനാഴ്ച: കന്ധമാലിലെ നിറം മങ്ങിയ ക്രിസ്തുമസ് )

➤ [ 2008ൽ ഒഡിഷയിലെ കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പത്രപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്ന് എടുത്തിട്ടുള്ളതാണ്' ഈ പരമ്പര]

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »