Life In Christ - 2025
മാഫിയ സംഘത്താല്‍ രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയന്‍ ജഡ്ജി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്
പ്രവാചക ശബ്ദം 23-12-2020 - Wednesday
വത്തിക്കാന്‍ സിറ്റി: "നീതിയുടെ രക്തസാക്ഷി, പരോക്ഷമായി വിശ്വാസത്തിന്റേയും" എന്ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വിശേഷണം നല്‍കിയ ഇറ്റാലിയന്‍ മജിസ്ട്രേറ്റ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ദൈവവിശ്വാസത്തിന്റെ പേരില്‍ ഇറ്റാലിയന്‍ മാഫിയയാല്‍ കൊല്ലപ്പെട്ട “ബോയ് ജഡ്ജ്” എന്നറിയപ്പെട്ടിരുന്ന റൊസാരിയോ ആഞ്ചെലോ ലിവാറ്റിനോയുടെ രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ട് വാഴ്ത്ത്പ്പെട്ട പദവിയിലേക്ക് ഉയര്‍ത്താന്‍ പരിശുദ്ധ പിതാവ് വത്തിക്കാന്‍ നാമകരണ തിരുസംഘത്തെ ചുമതലപ്പെടുത്തിയതായി വത്തിക്കാന്‍ പ്രസ്സ് ഓഫീസ് അറിയിച്ചു.
1953 ഒക്ടോബര്‍ 3ന് സിസിലിയിലെ കാനിക്കാട്ടിയില്‍ ജനിച്ച ലിവാറ്റിനോ 1990 സെപ്റ്റംബര്‍ 21നാണ് വിശ്വാസവിരോധികളായ മാഫിയയാല്‍ കൊല്ലപ്പെടുന്നത്. സത്യപ്രതിജ്ഞയെടുത്ത അവസരങ്ങളില്‍ അടക്കം നിരവധി തവണ തന്റെ ആഴമായ ദൈവ വിശ്വാസം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയായിരിന്നു അദ്ദേഹം. ഒരു പ്രോസിക്യൂട്ടര്‍ എന്ന നിലയില്‍ മന്ത്രിയും രാഷ്ട്രീയക്കാരും അടങ്ങുന്ന മാഫിയ സംഘത്തെക്കുറിച്ച് അദ്ദേഹം ശക്തമായ അന്വേഷണം നടത്തിയിരിന്നു. തന്റെ വാഹനത്തില്‍ കോടതിയിലേക്ക് പോകവേയാണ് നാലുപേരടങ്ങുന്ന കൊലയാളി സംഘം അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പിന്നീട് അറസ്റ്റിലായി.
1993 മെയ് 9ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ആഞ്ചെലോ ലിവാറ്റിനോ വീട് സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് വിശുദ്ധന്‍ അദ്ദേഹത്തെ “നീതിയുടെ രക്തസാക്ഷി, പരോക്ഷമായി വിശ്വാസത്തിന്റേയും” എന്ന് വിശേഷിപ്പിച്ചത്. 2019-ല്‍ മജിസ്ട്രേറ്റുകള്‍ക്ക് മാത്രമല്ല നീതിന്യായ രംഗത്ത് ജോലിചെയ്യുന്നവര്‍ക്കെല്ലാം മാതൃകയാണെന്ന്‍ ആഞ്ചെലോ ലിവാറ്റിനോയെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരിന്നു. ജോലിയിലായിരുന്ന കാലം മുഴുവനും അഴിമതിക്കെതിരെ പോരാടിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നാന്‍ഡോ ഡല്ല ചിയസ എഴുതിയ “ഇല്‍ ഗിയുഡിസ് റഗ്ഗാസിനോ” (ദി ബോയ് ജഡ്ജ്) എന്ന നോവല്‍ പിന്നീട് അലെസ്സാന്‍ഡ്രോ ഡി റോബിലന്റിന്റെ സംവിധാനത്തില്‍ സിനിമയാക്കിയിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക