Life In Christ - 2025

ദേവാലയത്തില്‍ നിന്നും ചാവേറുകളെ തടയുവാന്‍ രക്തസാക്ഷിയായ മകന്റെ വിശുദ്ധ പദവിക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ പാക്ക് കുടുംബം

പ്രവാചക ശബ്ദം 18-12-2020 - Friday

ലാഹോര്‍: വിശ്വാസികള്‍ തിങ്ങിനിറഞ്ഞ കത്തോലിക്കാ ദേവാലയത്തില്‍ ചാവേറുകള്‍ പ്രവേശിക്കുന്നത് തടയുന്നതിനിടയില്‍ രക്തസാക്ഷിത്വം വരിച്ച മകന്റെ വിശുദ്ധ പദവിക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ പാക്ക് കുടുംബം. 2015-ല്‍ ലാഹോറിലെ ക്രിസ്ത്യന്‍ മേഖലയായ യൗഹാനാബാദിലെ കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍ക്കിടക്ക് സെന്റ്‌ ജോണ്‍സ് ദേവാലയത്തിനകത്തുണ്ടായിരുന്ന നൂറുകണക്കിന് വിശ്വാസികളുടേയും പുരോഹിതന്റേയും ജീവന്‍ രക്ഷിക്കുന്നതിനായി സ്വന്തം ജീവന്‍ ബലികഴിച്ച ഇരുപതുകാരനായ ആകാഷ് ബഷീറിന്റെ കുടുംബമാണ് തങ്ങളുടെ മകന്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിന് വേണ്ടി പ്രാര്‍ത്ഥനയുമായി കഴിയുന്നത്.

ആകാഷിന്റെ നാമകരണ നടപടികള്‍ ആരംഭിക്കുമെന്ന് ലാഹോര്‍ അതിരൂപതാ വികാര്‍ ജനറാള്‍ ഫാ. ഫ്രാന്‍സിസ് ഗുള്‍സാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആകാഷിന്റെ അമ്മ നാസ് ബാനോ പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. വൈദികന്റെയും വിശ്വാസികളുടേയും ജീവന്‍ രക്ഷിച്ചുകൊണ്ട് കര്‍ത്താവിന്റെ പാതയില്‍ മരണം വരിച്ച ലാളിത്യമുള്ള ബാലനായിരുന്നു തങ്ങളുടെ മകനെന്ന് അവര്‍ സ്മരിച്ചു. 2008-ലാണ് ആകാഷിന്റെ കുടുബം യൗഹാനാബാദില്‍ താമസമാക്കുന്നത്. 2013-ല്‍ പെഷവാറിലെ സകല വിശുദ്ധരുടെയും നാമധേയത്തിലുള്ള ദേവാലയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിനു ശേഷം തങ്ങളുടെ ദേവാലയത്തെ സംരക്ഷിക്കുന്നതിനുള്ള ആഗ്രഹം ആകാഷ് സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. 2014-ലാണ് ദേവാലയത്തിന്റെ സംരക്ഷണ ചുമതലയുള്ള സന്നദ്ധ സേവകര്‍ക്കൊപ്പം ആകാഷും ചേരുന്നത്.

പിറ്റേവര്‍ഷം യൗഹാനാബാദിലെ രണ്ടു ദേവാലയങ്ങളിലായുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും, എണ്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാവേറുകള്‍ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ചപ്പോള്‍ പ്രവേശന കവാടത്തില്‍ നിന്നിരുന്ന ആകാഷ് അവരെ തടയുന്നതിനിടയിലാണ് കൊല്ലപ്പെടുന്നത്. “ഞാന്‍ മരിക്കും, പക്ഷേ ഞാന്‍ നിങ്ങളെ ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ സമ്മതിക്കുകയില്ല” എന്നതായിരുന്നു ആകാഷിന്റെ അവസാന വാക്കുകള്‍. ആകാഷിന്റെ മരണശേഷം അവന്റെ സഹോദരനായ അര്‍സലാന്‍ ദേവാലയത്തിന്റെ സുരക്ഷാ വളണ്ടിയറായി സേവനം ആരംഭിച്ചിരിന്നു.

More Archives >>

Page 1 of 53