Life In Christ

മഹാമാരിയ്ക്കിടെയിലും റോമില്‍ പട്ടസ്വീകരണം: 13 രാജ്യങ്ങളില്‍ നിന്നുള്ള 27 അംഗങ്ങള്‍ ഡീക്കന്‍ പട്ടം സ്വീകരിച്ചു

പ്രവാചക ശബ്ദം 23-11-2020 - Monday

റോം: മഹാമാരി രൂക്ഷമായ സാഹചര്യത്തിലും റോമില്‍ സെമിനാരി വിദ്യാര്‍ത്ഥികളുടെ ഡീക്കന്‍ പട്ട സ്വീകരണം. 13 രാജ്യങ്ങളില്‍ നിന്നുള്ള 27 ഓപുസ് ദേയി സെമിനാരി വിദ്യാര്‍ത്ഥികളാണ് നവംബര്‍ 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് റോമിലെ അന്താരാഷ്ട്ര ഓപുസ് ദേയി സെമിനാരിയായ ‘റോമന്‍ കോളേജ് ഓഫ് ദി ഹോളി ക്രോസ്’ സെമിനാരിയിലെ ‘ഔര്‍ ലേഡി ഓഫ് ദി എയ്ഞ്ചല്‍സ്’ ചാപ്പലില്‍ നടന്ന ചടങ്ങില്‍വെച്ച് ടെക്സാസ് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് സെക്രട്ടറി മോണ്‍. ജുവാന്‍ ഇഗ്നാസിയോ അരിയെറ്റായില്‍ നിന്നും ഡീക്കന്‍പട്ടം (ഡയക്കാനേറ്റ്) സ്വീകരിച്ചത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്.

പകര്‍ച്ചവ്യാധിയെ തുടര്‍ന്നു ഡീക്കന്‍പട്ടം സ്വീകരിച്ചവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചടങ്ങില്‍ സംബന്ധിക്കുവാന്‍ സാധിച്ചിരുന്നില്ല. ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഓണ്‍ലൈനിലൂടെ വീക്ഷിച്ചുകൊണ്ടിരുന്ന പട്ടസ്വീകരണാര്‍ത്ഥികളുടെ മാതാപിതാക്കളെ മോണ്‍. ജുവാന്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. വിശ്വാസത്തിന്റെ വിത്ത് എപ്രകാരം മുളപ്പിക്കണമെന്ന് മാതാപിതാക്കള്‍ക്കു അറിയാമായിരുന്നുവെന്നും, പട്ടസ്വീകരണത്തിന്റെ സന്തോഷത്തോടൊപ്പം മാതാപിതാക്കള്‍ ഒപ്പമില്ലാത്തതു ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. സ്പെയിന്‍, മെക്സിക്കോ, പെറു, ബ്രസീല്‍, കാനഡ, ഇംഗ്ലണ്ട്, ജര്‍മ്മനി, റൊമാനിയ, സ്ലോവാക്യ, ജപ്പാന്‍, കെനിയ, ലിത്വാനിയ, നൈജീരിയ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സെമിനാരി വിദ്യാര്‍ത്ഥികളാണ് ഡീക്കന്‍പട്ടം സ്വീകരിച്ചത്.

കന്യകാമറിയത്തെ ദേവാലയത്തില്‍ കാഴ്ചവെച്ചതിന്റെ ഓര്‍മ്മദിനം എന്ന പ്രത്യേകത കൂടി നവംബര്‍ 21ന് ഉണ്ടെന്ന് മോണ്‍. ജുവാന്‍ ഓര്‍മ്മിപ്പിച്ചു. ലോകത്തെ വിവിധ ആളുകളെ കാണുവാനാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും ആത്മാക്കള്‍ക്ക് വേണ്ടി വിലപേശരുതെന്നും ഇനിമുതല്‍ ‘സ്വാഗതം ചെയ്യുക, മനസ്സിലാക്കുക, അനുഗമിക്കുക, സ്നേഹിക്കുക’ തുടങ്ങിയവയുടെ ഒറ്റവാക്കായ 'സേവനം' ആയിരിക്കും 'നിങ്ങളുടെ ജീവിതത്തിന്റെ അടയാളം' എന്ന് പുതിയ ഡീക്കന്‍മാരെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് മോണ്‍. ജുവാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 1928-ൽ സ്പെയിനിൽ വിശുദ്ധ ജോസ്‌മരിയ എസ്ക്രിവയാണ് ഓപുസ് ദേയി ആരംഭിച്ചത്. വ്യക്തിപരമായ പ്രാർത്ഥനാ ജീവിതചര്യയിലൂടെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗ നിർദേശങ്ങളാണ് ഓപുസ് ദേയിലെ അംഗങ്ങളായ വൈദികരും സന്യസ്തരും അല്മായരും അനുഷ്ഠിച്ചുപോരുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 52