Life In Christ - 2025
സഭാ ജീവിതത്തിലും കൗദാശിക ജീവിതത്തിലും വൈകല്യമുള്ളവരെ തഴയരുത്: പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
പ്രവാചക ശബ്ദം 05-12-2020 - Saturday
വത്തിക്കാന്‍ സിറ്റി: സാധാരണ വിശ്വാസികളേപ്പോലെ സഭാ ജീവിതത്തിലും കൗദാശിക ജീവിതത്തിലും വൈകല്യമുള്ളവരെ പരിഗണിക്കണമെന്നും വിശ്വാസത്തില്‍ ജീവിക്കുവാന്‍ അവര്‍ക്കു അവകാശമുണ്ടെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. വികലാംഗര്‍ക്കും സഭാപരമായ കൂദാശകള്‍ സ്വീകരിക്കുവാനുള്ള സൗകര്യമുണ്ടായിരിക്കണമെന്നും, മാമ്മോദീസയാല്‍ ക്രിസ്തുവിന്റെ പ്രേഷിതരാക്കപ്പെട്ട വികലാംഗരും കത്തോലിക്ക ഇടവക ജീവിതത്തില്‍ സജീവമാകാനുള്ള കഴിവുള്ളവരാണവരെന്നും ഓര്‍മ്മിപ്പിച്ചു ലോക ഭിന്നശേഷി ദിനം സന്ദേശം നല്കുകയായിരിന്നു പാപ്പ. ഇടവകയിലെ എല്ലാ തിരുക്കര്‍മ്മങ്ങളും വികലാംഗര്‍ക്കും പ്രാപ്യമായിരിക്കണമെന്നും സഹോദരീ സഹോദരന്‍മാര്‍ക്കൊപ്പം ആരാധനകളില്‍ പങ്കെടുക്കുവാനും തങ്ങളുടെ വിശ്വാസത്തില്‍ ജീവിക്കുവാനും അവര്‍ക്കും അവകാശമുണ്ടെന്നും പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി.
സഭയിലെ പദവിയോ, വിശ്വാസ പ്രബോധന നിലയോ എന്തു തന്നെയായാലും മാമ്മോദീസ മുങ്ങിയ എല്ലാവരും തന്നെ സുവിശേഷത്തിന്റെ പ്രതിനിധികളാണെന്ന് 2013-ലെ തന്റെ അപ്പസ്തോലിക ലേഖനമായ ‘ഇവാഞ്ചെലി ഗോഡിയ’ത്തെ ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു. ഇതുവരെ ക്രിസ്തീയ ജീവിതത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും, കൂദാശകള്‍ സ്വീകരിക്കുന്നതിനു വേണ്ട പരിശീലന പരിപാടികളിലും, മതബോധനത്തിലും അവരെ സ്വാഗതം ചെയ്യുകയും അവരെ ഉള്‍പ്പെടുത്തുകയും വേണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. പൂര്‍ണ്ണമായും അവരെ ഉള്‍പ്പെടുത്തുക ശ്രമകരമാണെങ്കിലും ഓരോരുത്തരുടേയും കഴിവനുസരിച്ചു വേണം ഇത്. മതബോധനത്തില്‍ വികലാംഗരെ പങ്കെടുപ്പിക്കുന്നത് ഇടവക ജീവിതത്തെ പരിപോഷിപ്പിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.
പകര്‍ച്ചവ്യാധിയുടേതായ ഈ കാലഘട്ടത്തില്‍ സാങ്കേതിക വിദ്യയെ ഉപയോഗിച്ചുകൊണ്ട് മതബോധനത്തിനുള്ള ഉറവിടങ്ങള്‍ സൗജന്യമായി ലഭ്യമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വൈദികര്‍, സെമിനാരി വിദ്യാര്‍ത്ഥികള്‍, മതബോധകര്‍, അജപാലക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് വികലാംഗരെ സ്വീകരിക്കുന്നതിനുള്ള പ്രത്യേക പരിശീലനം നല്‍കണമെന്നും, ഇടവക സമൂഹം വികലാംഗരെ സ്വീകരിക്കുവാനുള്ള മനോഭാവം വളര്‍ത്തണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ പാപ്പ തന്റെ സന്ദേശത്തിലൂടെ മുന്നോട്ട് വെച്ചു. വൈകല്യമുള്ളവരോടും അവരുടെ കുടുംബങ്ങളോടും ഐക്യദാര്‍ഢ്യവും സഹകരണവും വളര്‍ത്തണമെന്ന്‍ പറഞ്ഞുകൊണ്ട് വൈകല്യമുള്ളവരെ മാനിക്കുന്ന ഒരു സംസ്കാരം പ്രചരിപ്പിക്കുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യമെന്നും പാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക