Life In Christ - 2025

വാര്‍ദ്ധക്യത്തില്‍ ലഭിച്ച അമൂല്യ സമ്മാനം: എണ്‍പത്തിയൊന്നുകാരിക്ക് മാര്‍പാപ്പയുടെ ഉന്നത മെഡല്‍

പ്രവാചക ശബ്ദം 21-12-2020 - Monday

ലണ്ടന്‍: നീണ്ട മുപ്പത്തിയഞ്ച് വര്‍ഷക്കാലം തിരുസഭയ്ക്കും സമുദായത്തിനും നല്‍കിയ സേവനങ്ങളെ പരിഗണിച്ച് സ്‌കോട്ട്‌ലാന്‍ഡ് സ്വദേശിനിയായ എണ്‍പത്തിയൊന്നുകാരിക്ക് മാര്‍പാപ്പയുടെ ഉന്നത ബഹുമതി. ഇക്കഴിഞ്ഞ ഡിസംബര്‍ 13ന് സ്‌കോട്ട്‌ലാന്‍ഡിലെ ലോച്ചീയിലുള്ള സെന്റ്‌ മേരി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ വെച്ച് റവ. മാര്‍ക്ക് കാസ്സിഡിയാണ് 15 പേരുടെ മുത്തശ്ശിയും രണ്ടു കുട്ടികളുടെ മുതുമുത്തശ്ശിയുമായ ആന്‍ കെല്ലിക്ക് റോമില്‍ നിന്നും അയച്ച ബെനമെറിന്റി പതക്കവും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചത്. കത്തോലിക്കാ സഭക്ക് ചെയ്യുന്ന സേവനങ്ങള്‍ക്ക് വ്യക്തികള്‍ക്ക് നല്‍കുന്ന അംഗീകാരമാണ് ബെനമെറിന്റി മെഡല്‍. പുരസ്കാരം സ്വീകരിച്ചതിന്റെ തലേദിവസം മാത്രമാണ് താന്‍ ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും, പുരസ്കാരത്തിനര്‍ഹയായതില്‍ താന്‍ സന്തോഷവതിയാണെന്നും ആന്‍ കെല്ലി പ്രതികരിച്ചു.

സഭക്ക് നല്‍കിയ സേവനങ്ങള്‍ക്ക് മാത്രമല്ല മറിച്ച്, സ്വന്തം ദൗത്യം നിറവേറ്റുവാന്‍ മറ്റുള്ളവരെ പ്രാപ്തരാക്കുവാന്‍ കെല്ലി നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ബഹുമതിയെന്നു റവ. മാര്‍ക്ക് കാസ്സിഡി പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇടവകാംഗങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാനയുടെ തത്സമയ സംപ്രേഷണം കാണുന്നതിനായി ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിക്കൊണ്ട് ഈ എണ്‍പത്തിയൊന്നാമത്തെ വയസ്സിലും താന്‍ സാങ്കേതിക വിദഗ്ദ തന്നെയാണെന്ന് കെല്ലി തെളിയിച്ചിരിന്നു. ദേവാലയത്തില്‍ ദിവ്യകാരുണ്യം നല്‍കുന്നത് സഹായിക്കുന്നതിന് പുറമേ, കഴിഞ്ഞ ഏതാനും ദശകങ്ങളായി രോഗികളായ ഇടവകാംഗങ്ങളെ ശുശ്രൂഷിക്കുന്നതിലും കെല്ലി തല്‍പ്പരയായിരുന്നു. ക്രിസ്തുമസ് അടക്കമുള്ള ഇടവകയിലെ പ്രധാന ആഘോഷങ്ങളുടെ മുഖ്യ സംഘാടകയും കെല്ലി തന്നെയായിരിന്നുവെന്നത് ശ്രദ്ധേയമാണ്.

1831-ല്‍ പയസ് ആറാമന്‍ പാപ്പയുടെ കാലത്ത് പേപ്പല്‍ ആര്‍മിയിലുള്ളവരെ ആദരിക്കുന്നതിനാണ് ബെനമെറിന്റി മെഡല്‍ നിലവില്‍ വന്നത്. എന്നാല്‍ 1925 ആയപ്പോഴേക്കും തിരുസഭക്ക് നല്‍കുന്ന സേവനങ്ങളെ പ്രതി വൈദികര്‍ക്കും അത്മായര്‍ക്കും മെഡല്‍ സമ്മാനിക്കുവാന്‍ തുടങ്ങി. വെള്ളയും മഞ്ഞയും കലര്‍ന്ന റിബ്ബണില്‍ കൈയുയര്‍ത്തി അനുഗ്രഹം ചൊരിയുന്ന യേശുവിന്റെ രൂപം ആലേഖനം ചെയ്തിട്ടുള്ള ഗ്രീക്ക് കുരിശിന്റെ മാതൃകയിലുള്ള നിലവിലെ മെഡല്‍ രൂപകല്‍പ്പന ചെയ്തത് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയാണ്. കോവിഡ് പകര്‍ച്ചവ്യാധിയുടെ അവസരത്തില്‍ പോലും പ്രായത്തെപ്പോലും അവഗണിച്ച് സഭാ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആന്‍ കെല്ലി പേപ്പല്‍ ബഹുമതിയ്ക്കു തികച്ചും അര്‍ഹയാണെന്നാണ് അവരെ അറിയുന്നവര്‍ പറയുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   

More Archives >>

Page 1 of 53