News - 2025

നൈജീരിയയില്‍ പ്രതീക്ഷിച്ചത് സംഭവിച്ചു: ക്രിസ്തുമസിന് തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 11 ക്രൈസ്തവരെ

പ്രവാചക ശബ്ദം 26-12-2020 - Saturday

അബൂജ: ബൊക്കോഹറാം തീവ്രവാദികള്‍ ക്രിസ്തുമസ് ദിനത്തില്‍ നൈജീരിയായില്‍ നടത്തിയ ഭീകരാക്രമണത്തില്‍ പതിനൊന്നു പേര്‍ കൊല്ലപ്പെട്ടു. ബോണോ സ്‌റ്റേറ്റിലെ ക്രിസ്ത്യന്‍ ഗ്രാമത്തിന് നേരെയാണ് ട്രക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും വീടുകള്‍ക്ക് തീവെക്കുകയുമായിരിന്നു. വ്യാപക ആക്രമണത്തില്‍ പതിനൊന്നു പേര്‍ കൊല്ലപ്പെടുകയും പത്തോളം വീടുകള്‍ അഗ്നിക്കിരയാകുകയും ചെയ്‌തെന്ന് അധികൃതര്‍ പറഞ്ഞു. ഒരു വൈദികനെ തട്ടിക്കൊണ്ടുപോയി. ക്രിസ്തുമസിന് വിതരണം ചെയ്യാൻ കരുതിയിരുന്ന ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചു. തീവ്രവാദികൾ പോയതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ കുറ്റിക്കാട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്.

മരണ സംഖ്യ ഇനിയും വര്‍ദ്ധിച്ചേക്കുമെന്നാണ് പ്രമുഖ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എ‌എഫ്‌പി റിപ്പോര്‍ട്ട് ചെയ്യുന്നത്. തീവ്രവാദികളെ കണ്ട് പേടിച്ച് നിരവധി പേരാണ് കുറ്റിക്കാടുകളിലും മറ്റും അഭയം തേടിയത്. ഇവരിൽ പലരേയും ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്നലെ ക്രിസ്തുമസ് ദിനത്തില്‍ രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആക്രമണം ആരംഭിച്ചതോടെ ഗ്രാമീണര്‍ കാട്ടിനുള്ളില്‍ ഒളിച്ചതിനാലാണ് മരണസംഖ്യ കുറഞ്ഞതെന്ന് സൂചനകളുണ്ട്. ചിബോക്കിന് 20 കിലോമീറ്റര്‍ അടുത്താണ് ആക്രമണത്തിനിരയായ ഗ്രാമം. വ്യാഴാഴ്ച മറ്റൊരു ക്രിസ്ത്യന്‍ ഗ്രാമത്തിലും വെടിവെപ്പുണ്ടായിരുന്നു.

ഈ വർഷവും ദൈവപുത്രന്റെ തിരുപിറവി ആഘോഷിക്കാനായി കാത്തിരിക്കുന്ന നൈജീരിയയിലെ വിശ്വാസി സമൂഹത്തെ തീവ്രവാദികളെ കുറിച്ചുള്ള ആശങ്ക അലട്ടുന്നുണ്ടെന്നും സമ്പന്ന രാഷ്ട്രങ്ങള്‍ രാജ്യത്തിന് വന്‍തുക നല്‍കിയിട്ടും തീവ്രവാദത്തെ ഉന്മൂലനം ചെയ്യാന്‍ ഭരണനേതൃത്വത്തിനായില്ലെന്നും കോൺഗ്രസ് ഓഫ് ക്രിസ്ത്യൻ ലീഡേഴ്സ് എന്ന സംഘടനയുടെ അധ്യക്ഷൻ ജോണി മൂര്‍ ഇക്കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്ക് പോസ്റ്റില്‍ എഴുതിയിരിന്നു. ഇത് സംഭവിച്ചതിന്റെ ഞെട്ടലിലാണ് ക്രൈസ്തവ സമൂഹം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 610