Life In Christ - 2025
രാഷ്ട്രത്തോടുള്ളതു പോലെ ദൈവവചനത്തോടും പ്രതിജ്ഞാബദ്ധരായിരിക്കുക: സിംബാബ്‌വെ പ്രസിഡന്‍റിന്റെ ആഹ്വാനം
പ്രവാചക ശബ്ദം 28-12-2020 - Monday
ഹരാരെ: രാഷ്ട്രത്തിന്റെ സാമ്പത്തിക വികസന അജണ്ടയില്‍ പങ്കാളികളാകുവാന്‍ ക്രിസ്ത്യന്‍ സഭകളോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് സിംബാബ്‌വെ പ്രസിഡന്റ് എമ്മേഴ്സന്‍ നാങ്ങാഗ്വാ. സിംബാബ്‌വെ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയര്‍ മൈതാനിയില്‍ ക്രൈസ്തവര്‍ക്ക് ഒപ്പം ദേശീയ കൃതജ്ഞത ആഘോഷത്തില്‍ പങ്കുകൊണ്ടു സംസാരിക്കുകയായിരിന്നു അദ്ദേഹം. അടുത്ത പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ രാഷ്ട്രത്തെ ഒരു ഉയര്‍ന്ന-ഇടത്തരം സാമ്പത്തിക ശക്തിയാക്കി മാറ്റുവാനുള്ള “വിഷന്‍ 2030” എന്ന ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി ക്രൈസ്തവ സഭകളും ഭരണകൂടവും തമ്മിലുള്ള സഹവര്‍ത്തിത്വം അഭിവൃദ്ധി പ്രാപിക്കേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തിന്റെ സാമ്പത്തിക വളര്‍ച്ച സര്‍ക്കാരും പള്ളിയും തമ്മിലുള്ള സഹകരണത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും രാഷ്ട്രത്തിന്റെ ലക്ഷ്യം നേടിയെടുക്കുവാന്‍ സഭകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ ശരിയായ ആത്മീയ പാത തന്നെയാണ് സര്‍ക്കാര്‍ എന്ന നിലയില്‍ തങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നും, ആത്മാര്‍ത്ഥതയോടും, വിശ്വസ്തതയോടും ദൈവത്തെ തങ്ങള്‍ സേവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ നിങ്ങള്‍ സ്മരിക്കണം. എന്തെന്നാല്‍ നിങ്ങളുടെ പിതാക്കന്‍മാരോട് ചെയ്ത ഉടമ്പടി ഇന്നും നിറവേറ്റുന്നതിന് വേണ്ടി സമ്പത്ത് അവിടുന്നാണ് നിങ്ങള്‍ക്ക് ശക്തി തരുന്നത്” (നിയമാവര്‍ത്തനം 8:18) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചു കൊണ്ട് തിരുവചനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളുവാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം മറന്നില്ല.
രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നു സിയോന്‍ ക്രിസ്റ്റ്യന്‍ ചര്‍ച്ച് നേതാവായ നെഹമിയ മുട്ടെണ്ടി പ്രതികരിച്ചു. ഫാമിലി ഓഫ് ഗോഡ് ചര്‍ച്ച് സ്ഥാപകനായ ആന്‍ഡ്ര്യൂ വുതാവുനാഷേ പ്രസിഡന്റിന്റെ കീഴില്‍ അണിനിരക്കുവാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിക്കുന്ന പ്രസിഡന്‍റിന് രാജ്യത്തെ ക്രൈസ്തവ സഭകള്‍ പിന്തുണ നല്കുന്നുണ്ട്. കൊറോണ പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള വിടുതലിനായി പ്രസിഡന്റ് എമ്മേഴ്സന്‍ നാങ്ങാഗ്വാ പരസ്യമായി യേശു നാമത്തില്‍ പ്രാര്‍ത്ഥിച്ചിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക