News - 2025
അഭയ കേസില്‍ കണ്ടില്ലെന്ന് നടിക്കുന്ന 5 യാഥാര്‍ത്ഥ്യങ്ങള്‍
വിനോദ് നെല്ലയ്ക്കല്‍ 29-12-2020 - Tuesday
സി. അഭയ ആത്മഹത്യ ചെയ്തതുതന്നെയാണെന്ന് ഞാൻ പൂർണ്ണമായും കരുതുന്നില്ലെങ്കിലും, സിബിഐ പ്രതിപ്പട്ടികയിൽ ചേർത്തിട്ടുള്ളവരും ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നവരുമല്ല പ്രതികൾ എന്ന് നൂറുശതമാനവും ഉറപ്പുണ്ട്. ഇരുപത്തെട്ട് വർഷം മുമ്പ് ചെറുപ്രായത്തിൽ മരണപ്പെട്ട സി. അഭയയ്ക്ക് സംഭവിച്ചതിനെ ഓർത്ത് ദുഃഖിക്കുന്നതോടൊപ്പം, ഇപ്പോൾ നിരപരാധികളായ രണ്ടുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നതിലും അവഹേളിക്കപ്പെടുന്നതിലും ദുഃഖിക്കുന്നു.
ഒരു അപേക്ഷ:
എന്നെങ്കിലുമൊരിക്കൽ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥിതിയുടെയും കുറ്റാന്വേഷണ സംവിധാനങ്ങളുടെയും വിശ്വാസ്യത ഏറ്റവും മോശമായ രീതിയിൽ ചോദ്യം ചെയ്യാൻ കാരണമാക്കും എന്നുറപ്പുള്ള ഈ കേസിലെ യുക്തിയുടെ വെളിച്ചത്തിലുള്ള എന്റെ വിശകലനങ്ങളെ വെറും ന്യായീകരണങ്ങളും, വർഗ്ഗീയ ചിന്തകളുടെ വെളിച്ചത്തിലുള്ളതും എന്ന് വിലയിരുത്തി മുൻവിധിയോടെ സമീപിക്കാതിരിക്കാൻ അപേക്ഷ. ഒന്നിനെയും, ആരെയും വെള്ളപൂശേണ്ട ആവശ്യം എനിക്കുണ്ടെന്ന് ഞാൻ കരുതുന്നില്ല. സാമാന്യയുക്തിയുടെ പിൻബലമില്ലാതെയുള്ള പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നും വിനയപൂർവ്വം ഓർമ്മിപ്പിക്കുന്നു.
ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നവർ കുറ്റവാളികളല്ല എന്ന് ഞാൻ കരുതാൻ അടിസ്ഥാനപരമായ അഞ്ച് കാരണങ്ങളുണ്ട്.
കന്യാത്വ പരിശോധനയും, ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയയും
സി. അഭയയുടെ കൊലപാതകത്തിന് കാരണമായി എന്ന് സിബിഐ വിശദീകരിക്കുന്ന, മൂന്നുപേർ തമ്മിലുള്ള ലൈംഗിക ബന്ധം അന്നേദിവസം സംഭവിച്ചതാണെന്ന് സ്ഥാപിക്കാൻ അവർ ഉയർത്തിയിരിക്കുന്ന വാദങ്ങളിൽ പ്രധാനമാണ് കുറ്റാരോപിതയായ സന്യാസിനി കന്യകയല്ല എന്ന വാദം. അതിനായി കന്യാത്വ പരിശോധന നടത്തപ്പെട്ടു. പതിറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു പ്രത്യേക ദിവസം ഒരു സ്ത്രീ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് സ്ഥാപിക്കാൻ പിൽക്കാലത്ത് നടത്തിയ ഒരു വിർജിനിറ്റി ടെസ്റ്റ് ലോകത്തിൽ ഒരു നീതിപീഠവും മതിയായ തെളിവായി പരിഗണിക്കില്ല എന്നുള്ളത് ഒരു കാര്യം. ഒരിടത്തും ഒരു സ്ത്രീയെ നിർബന്ധിതമായി കന്യാത്വ പരിശോധനയ്ക്ക് വിധേയയാക്കാൻ നിയമം അനുവദിക്കുകയുമില്ല. നിർബ്ബന്ധമായാണ് അത് ചെയ്തതെങ്കിൽ ആ വ്യക്തിക്ക് നിയമത്തിന്റെ വഴി സ്വീകരിക്കാവുന്നതാണ്. കാരണം, ലൈംഗികത എന്നുള്ളത് അങ്ങേയറ്റം സ്വകാര്യമായ കാര്യമാണ്... അതവിടെ നിൽക്കട്ടെ, പറഞ്ഞുവന്ന വിഷയത്തിലേക്ക് വരാം.
ഇവിടെ നിയമം നിർബ്ബന്ധിച്ചില്ലെങ്കിലും, നിഷ്പ്രയാസം ഒഴിവാക്കാമായിരുന്നിട്ടും കുറ്റാരോപിതയായ സന്യാസിനി വിർജിനിറ്റി ടെസ്റ്റ് നടത്താൻ സന്നദ്ധയായി. ഇത് വായിക്കുന്ന സ്ത്രീകൾ ചിന്തിക്കുക. ഇത്തരമൊരു സാഹചര്യവും, തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ടായാൽ നിങ്ങൾ കന്യകയല്ല എന്നുണ്ടെങ്കിൽ പരിശോധനയ്ക്ക് തയ്യാറാകുമോ? അതേസമയം, കന്യകയാണെന്ന് ഉറപ്പുണ്ടെങ്കിൽ നിരപരാധിത്വം തെളിയിക്കാൻ വൈദ്യശാസ്ത്രം തന്നെ സഹായിക്കും എന്ന് ആരും കരുതുകയും ചെയ്യും. ഇവിടെയും അതാണ് സംഭവിച്ചത് എന്ന് ന്യായമായും ചിന്തിക്കാം.
ഹൈമനോപ്ലാസ്റ്റി അഥവാ, കന്യാചർമ്മം വച്ചുപിടിപ്പിക്കൽ സർജ്ജറി നടത്തിയിട്ടുണ്ടെങ്കിൽ പരിശോധനയ്ക്ക് സധൈര്യം വരാമല്ലോ എന്നതാവാം ഒരു പ്രധാന ചോദ്യം. ഹൈമനോപ്ലാസ്റ്റി എന്നത് പ്ലാസ്റ്റിക്‌സർജ്ജറി വിഭാഗത്തിൽ പെടുന്ന സർജ്ജറിയാണ്. കഴിവുറ്റ ഒരു പ്ലാസ്റ്റിക് സർജ്ജനും മികച്ച സാങ്കേതിക സംവിധാനങ്ങളും ആ സർജറിക്ക് ആവശ്യമാണ്. കുറ്റാരോപിത അത് ചെയ്തു എന്നുപറയുന്ന കാലങ്ങളിൽ വിദേശരാജ്യങ്ങളിൽ മാത്രമേ ഹൈമനോപ്ലാസ്റ്റി ചെയ്യാനുള്ള സൗകര്യമുള്ളൂ. ഹൈമനോപ്ലാസ്റ്റി ചെയ്തിട്ടുണ്ടെങ്കിൽ ഏത് ഡോക്ടർ, എവിടെ വച്ച് ചെയ്തു എന്ന് കണ്ടെത്താൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല.
മാത്രമല്ല, അപ്രകാരം സംഭവിച്ചിട്ടുണ്ടെങ്കിൽ വിദഗ്ധരായ മെഡിക്കൽ സംഘത്തിന് അത് തിരിച്ചറിയാൻ കഴിയുമെന്നിരിക്കെ, അത്തരമൊരു വിദഗ്ധ പരിശോധന നടത്താൻ കോടതി തയ്യാറായിട്ടില്ല. ആദ്യ ടീം ആലപ്പുഴ മെഡിക്കൽകോളേജിൽ വച്ച് നടത്തിയ കന്യാത്വ പരിശോധനയ്ക്കപ്പുറം മറ്റൊരു പരിശോധനയും നടന്നിട്ടില്ല. ആദ്യ പരിശോധനയെ തുടർന്ന് സിബിഐ മുന്നോട്ടുവച്ച ഹൈമനോപ്ലാസ്റ്റി എന്ന ആശയത്തെ 2009 ലെ ജസ്റ്റിസ് ഹേമയുടെ വിധിന്യായം പൂർണ്ണമായും തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്. കോടതിയുടെ മേൽനോട്ടത്തിൽ ഇക്കാര്യത്തിന്റെ അടിസ്ഥാന രാഹിത്യം വെളിപ്പെടുത്താൻ കഴിയുന്ന വിദഗ്ധ പരിശോധനയ്ക്ക് താൻ സന്നദ്ധയാണെന്ന് കുറ്റാരോപിത കോടതിയെ അറിയിച്ചിട്ടുള്ളതായും വിധിന്യായത്തിൽ പറയുന്നുണ്ട്.
ഹൈമനോപ്ലാസ്റ്റി ആരുടെ ആവശ്യമാണ്?
ഒരു സ്ത്രീ കന്യകയാണെന്ന് തെളിയിക്കാൻ കന്യാചർമ്മം ആവശ്യഘടകമല്ല എന്ന് സാമാന്യവിവരമുള്ള സ്ത്രീകൾ എങ്കിലും മനസിലാക്കിയിരിക്കും. കാരണം, ഒരു സ്ത്രീയുടെ കന്യാചർമ്മം നഷ്ടപ്പെടാൻ പല കാരണങ്ങളുണ്ട്. കഠിനാധ്വാനമോ, സ്പോർട്ട്സ് ആക്ടിവിറ്റികളോ, ചില മെഡിക്കൽ പരിശോധനകളോ, സ്വയംഭോഗമോ ഒരു സ്ത്രീയുടെ കന്യാചർമ്മത്തിന് പരിക്കേൽപ്പിക്കാം. അങ്ങനെയിരിക്കെ, താൻ കന്യകയല്ല എന്ന് സ്ഥാപിക്കാൻ കന്യാചർമ്മം ഇല്ല എന്നുള്ള ഒരു കാരണം കൊണ്ട് ആർക്കും സാധിക്കില്ല എന്ന് ഏതൊരാൾക്കും ചിന്തിക്കാവുന്നതേയുള്ളൂ. മറിച്ചുള്ള വാദം ഇന്ത്യയിലെന്നല്ല ലോകത്ത് ഒരിടത്തുള്ള കോടതികളിലും നിലനിൽക്കുകയുമില്ല. മാത്രവുമല്ല, അത്തരത്തിൽ ഹൈമനോപ്ലാസ്റ്റി ചെയ്തു എന്നിരിക്കട്ടെ, അത് വിദഗ്ധനായ ഒരു ഫൊറൻസിക്ക് സർജ്ജന് കണ്ടെത്താൻ കഴിയുകയും ചെയ്യും. ചില വിദേശരാജ്യങ്ങളിലെ കുലസ്ത്രീകൾ മണ്ടന്മാരായ തങ്ങളുടെ പുതു ഭർത്താക്കന്മാരെ താൽക്കാലികമായി പറ്റിക്കാൻ ചെയ്യുന്ന പൊടിക്കൈ ആണ് ഹൈമനോപ്ലാസ്റ്റി എന്നാണ് കേട്ടിട്ടുള്ളത്.
ഇവിടെ മൂന്ന് പ്രതികളെ ഒത്തുകിട്ടിയ സിബിഐ മൂവരെയും ചേർത്ത് അനാശാസ്യം എന്ന ഒരു തിയറിയുണ്ടാക്കി അത് കോടതിയിൽ അവതരിപ്പിക്കാൻ പറ്റിയരീതിയിൽ പൊലിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി കുറ്റാരോപിതയുടെ കന്യാത്വം എന്നത് ഒരു ചർച്ചാവിഷയമാക്കി മാറ്റി. കന്യാത്വ പരിശോധന എന്ന ആവശ്യം മുന്നോട്ടുവച്ചപ്പോൾ സ്വപ്നത്തിൽപ്പോലും കുറ്റാന്വേഷകർ ചിന്തിച്ചിട്ടുണ്ടാവില്ല, അവർ അതിന് സന്നദ്ധയാകുമെന്ന്. എങ്കിലും അന്ന് നാല്പത്തഞ്ച് വയസ് പ്രായമുണ്ടായിരുന്ന കുറ്റാരോപിതയ്ക്ക് കന്യാചർമ്മം ഉണ്ടാവില്ല എന്ന് അവർ കരുതി. എന്നാൽ, മറിച്ചാണ് സംഭവിച്ചത്. അവർ കന്യാചർമ്മം ഉൾപ്പെടെയുള്ള എല്ലാ അടയാളങ്ങളോടും കൂടിയ കന്യകയായിരുന്നു.
തോൽവി സമ്മതിക്കുക മാത്രമായിരുന്നു സിബിഐക്ക് മുന്നിലുണ്ടായിരുന്ന മാന്യമായ ഒരേയൊരുവഴി. പക്ഷെ ആ തോൽവിക്ക് വലിയ വില കൊടുക്കേണ്ടിവരുമായിരുന്നു. മുമ്പ് രണ്ട് സിബിഐ സംഘങ്ങൾ വന്ന് തോറ്റുമടങ്ങിയശേഷം പിന്നീട് വന്ന ടീം അതിലും ദയനീയമായി തോൽക്കുന്നു എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ അവർക്ക് എളുപ്പമായിരുന്നില്ല എന്നാണ് ഞാൻ കരുതുന്നത്. തോൽവി സമ്മതിക്കാതിരിക്കാൻ അവരിൽ ആരുടെയോ കുബുദ്ധിയിൽ തെളിഞ്ഞ ആശയമായിരിക്കണം ഹൈമനോപ്ലാസ്റ്റി. ഹൈമനോപ്ലാസ്റ്റി നടന്നിരിക്കുക എന്നുള്ളത് സിബിഐയുടെ മാത്രം ആവശ്യമായിരുന്നു എന്ന് ഉറപ്പ്. അല്ലാത്തപക്ഷം അവർ മെനഞ്ഞെടുത്ത തിയറി പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് തുറന്ന് സമ്മതിച്ച് കുറ്റാരോപിതരെ സ്വതന്ത്രരാക്കി കേരളം വിടേണ്ടി വരുമായിരുന്നു.
എന്നാൽ, ഇതേ ചോദ്യം തിരിച്ചു ചോദിക്കാവുന്നതുമാണ്. സിബിഐ കൊണ്ടുവന്ന തിയറി വാസ്തവ വിരുദ്ധമെന്ന് സ്ഥാപിക്കാൻ കുറ്റാരോപിത കന്യകയാണെന്ന് വരുത്തിത്തീർക്കുന്നതുവഴി സാധിക്കുകയില്ലേ, എന്ന്. അങ്ങനെയൊരു വിദൂര സാധ്യതയുണ്ട്. എന്നാൽ, അക്കാലത്ത് ഇന്ത്യയിൽ ഇത്തരം സങ്കീർണ്ണമായ പ്ലാസ്റ്റിക്ക് സർജ്ജറി നടത്താൻ സാധിക്കുമായിരുന്നില്ല എന്നിരിക്കെ, വിദേശയാത്ര നടത്തിയിട്ടില്ലാത്ത കുറ്റാരോപിത എങ്ങനെ അത് ചെയ്തു എന്ന് വെളിപ്പെടുത്താൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. വിദഗ്ധ പരിശോധനകൾക്ക് കുറ്റാരോപിത സന്നദ്ധത അറിയിച്ചിട്ടും, പ്രതിഭാഗം വക്കീൽ അത് ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാൻ പ്രോസിക്ക്യൂഷനോ കോടതിയോ തയ്യാറാകാത്തതിനുള്ള കാരണവും അവർ യഥാർത്ഥ കന്യകയാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പിടിച്ചുനിൽക്കാനാവില്ല എന്നതുകൊണ്ടാവണം.
സിബിഐയുടെ കൽപ്പിത കഥയിലെ ഏറ്റവും വലിയ മിഥ്യയാണ് ഹൈമനോപ്ലാസ്റ്റി എന്ന തിരിച്ചറിവാണ് കുറ്റാരോപിതർ നിരപരാധികളാണ് എന്നുറപ്പിക്കാൻ പ്രധാന കാരണം. കഴിഞ്ഞ ദിവസം ഇതേ ആശയം ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാർ അവതരിപ്പിച്ചിരുന്നു. കത്തോലിക്കാ സഭയോടും, ക്രൈസ്തവ സന്യാസത്തോടും യാതൊരു മമതയുമില്ലാത്ത അനേകർ ഈ ദിവസങ്ങളിൽ ഹൈമനോപ്ലാസ്റ്റി എന്ന സാങ്കൽപ്പിക സിദ്ധാന്തത്തെ പരസ്യമായി ചോദ്യം ചെയ്തുകൊണ്ട് രംഗത്ത് വരുന്നത് ശ്രദ്ധിച്ചു. കോടതിയെയും സിബിഐയെയും ഇത്രമാത്രം അവിശ്വസിക്കാമോ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. നീതിന്യായ വ്യവസ്ഥിതിയിലും കേന്ദ്ര കുറ്റാന്വേഷണ ഏജൻസികളിലും തികഞ്ഞ വിശ്വാസമുണ്ടായിരുന്ന ഞാൻ അതെല്ലാം മിഥ്യയാണെന്ന് എന്റെ മനസിനെത്തന്നെ പറഞ്ഞുപഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചില സ്വാർത്ഥ ലക്ഷ്യങ്ങൾക്കുവേണ്ടി ആരെ കുരുതികൊടുക്കാനും മടിയില്ലാത്ത കാട്ടാളന്മാരായി നമുക്കിടയിൽ പലരും മാറിക്കഴിഞ്ഞിരിക്കുന്നു.
ഒരുകാര്യം ഉറപ്പ്, ഞാൻ ഉറച്ചുവിശ്വസിക്കുന്നതുപോലെ, കുറ്റാരോപിതർ നിരപരാധികളാണെങ്കിൽ അവരുടെയും അവർക്കുവേണ്ടിയും ഈ ദിവസങ്ങളിൽ ഭൂമിയിൽ വീണുകൊണ്ടിരിക്കുന്ന കണ്ണീർ സമീപഭാവിയിൽ അനേകരുടെ ജീവിതത്തിൽ കനത്ത തിരിച്ചടികൾ സമ്മാനിക്കും.
NB: ഈ ഒരു കാരണംകൊണ്ടുമാത്രമല്ല അഭയ കേസിലെ കുറ്റാരോപിതർ നിരപരാധികളെന്ന് ഞാൻ കരുതുന്നത്. എന്റെ യുക്തിക്ക് മുന്നിൽ ഉയർന്നുനിൽക്കുന്ന മറ്റു ചില ചോദ്യചിഹ്നങ്ങൾകൂടിയുണ്ട്. ആവശ്യമെങ്കിൽ വഴിയേ അവയും വിശദീകരിക്കുന്നതാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക