News - 2025

ഭീഷണിയെ തുടര്‍ന്നു വീട് ഉപേക്ഷിച്ച് കൂട്ട പലായനം: ക്രിസ്തുമസ് ആഘോഷിക്കാന്‍ കഴിയാതെ പാക്ക് ക്രൈസ്തവര്‍

പ്രവാചക ശബ്ദം 28-12-2020 - Monday

ലാഹോര്‍: ക്രിസ്തുമസിന് മുസ്ലീങ്ങളുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന്‍ പാക്കിസ്ഥാനിലെ ലാഹോറിലെ ചരാറില്‍ നിന്നും നൂറുകണക്കിന് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി റിപ്പോര്‍ട്ട്. ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ഇന്റര്‍നാഷ്ണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ വാരിസ് എന്ന പ്രാദേശിക സുവിശേഷ പ്രഘോഷകന്റെ ഡിസംബര്‍ 22ലെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ക്രിസ്ത്യന്‍ ഭവനങ്ങള്‍ കത്തിക്കുമെന്ന ഭീഷണിയുമായി മുസ്ലീങ്ങള്‍ രംഗത്തെത്തുകയായിരിന്നുവെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഐ‌സി‌സി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാദ പോസ്റ്റ്‌ തങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തിയെന്നാണ് മുസ്ലീങ്ങള്‍ പറയുന്നത്. എന്നാല്‍ പോസ്റ്റിന്റെ പേരില്‍ പാസ്റ്റര്‍ ക്ഷമാപണം നടത്തിയിട്ടുപോലും മുസ്ലീങ്ങള്‍ തങ്ങളുടെ ഭീഷണിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് പലായനം ചെയ്ത സലിം കൊഖാര്‍ എന്ന ക്രൈസ്തവ വിശ്വാസി വെളിപ്പെടുത്തി. ഭീഷണിയെത്തുടര്‍ന്ന്‍ പാസ്റ്ററും അദ്ദേഹത്തിന്റെ കുടുംബവും ഒളിവിലാണ്. ക്ഷമാപണം നടത്തിയതോടെ പ്രശ്നത്തിനു പരിഹാരമായെങ്കിലും വാരിസിന്റെ തലയറുക്കണമെന്ന ഒരു സംഘം മുസ്ലീങ്ങളുടെ കടുത്തനിലപാടാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്.

ക്രൈസ്തവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുവാനുള്ള മുസ്ലീങ്ങളുടെ ശ്രമം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ക്രൈസ്തവര്‍ പലായനം ചെയ്യാന്‍ ആരംഭിച്ചത്. ക്രിസ്തുമസ് ആഘോഷിക്കേണ്ട സമയത്ത് സ്വഭവനം ഉപേക്ഷിച്ചു പലായനം ചെയ്തതിന്റെ വിഷമത്തിലാണ് ചരാറിലെ ക്രൈസ്തവര്‍. പോലീസ് തമ്പടിക്കുന്നുണ്ടെങ്കിലും ക്രൈസ്തവരുടെ പലായനം തുടരുകയാണെന്നാണ്‌ വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ കുപ്രസിദ്ധമായ മതനിന്ദാനിയമം മതന്യൂനപക്ഷങ്ങളോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനുള്ള ഉപകരണമായി മാറിയിരിക്കുന്നുവെന്ന ആരോപണം ആഗോളതലത്തില്‍ ശക്തമാണ്.

മതനിന്ദയുടെ പേരില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വന്ന ജനക്കൂട്ട ആക്രമണങ്ങളും, കൊലപാതകങ്ങളും അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്റെ പ്രതിച്ഛായ മോശമാക്കിയിരിക്കുകയാണെങ്കിലും നിയമം റദ്ദാക്കുവാനോ, ഭേദഗതി വരുത്തുവാനോ ഭരണകൂടങ്ങള്‍ തയ്യാറാകാത്തതാണ് ഖേദകരമായ വസ്തുത. മതനിന്ദാനിയമത്തിന്റെ ഇരകളില്‍ പകുതിയിലധികം പേരും (54%) മതന്യൂനപക്ഷങ്ങളില്‍പ്പെടുന്നവരാണ്. പാക്ക് ജനസംഖ്യയില്‍ 1.6 ശതമാനം മാത്രമാണ് ക്രൈസ്തവ സമൂഹം. നിലവില്‍ 238 ക്രിസ്ത്യാനികള്‍ക്കെതിരേയാണ് മതനിന്ദ ആരോപിക്കപ്പെട്ടിരിക്കുന്നത്. നിലവില്‍ 24 ക്രൈസ്തവര്‍ മതനിന്ദയുടെ പേരില്‍ ജയിലില്‍ തടവ് അനുഭവിക്കുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക    

More Archives >>

Page 1 of 611