News - 2025

ലെബനോന്‍ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മാരോണൈറ്റ് പാത്രിയാർക്കീസിന് പാപ്പയുടെ കത്ത്

പ്രവാചക ശബ്ദം 29-12-2020 - Tuesday

ബെയ്റൂട്ട്: ബൈബിളില്‍ എഴുപതിലധികം തവണ പരാമര്‍ശിക്കപ്പെട്ട ലെബനോന്‍ സന്ദര്‍ശിക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മാരോണൈറ്റ് പാത്രിയാർക്കീസിന് പാപ്പയുടെ കത്ത്. ക്രിസ്തുമസിൻറെ തലേന്ന്, ഡിസംബർ 24ന് പാത്രിയാര്‍ക്കീസ് ബെച്ചാര ബൌട്രോസിന് അയച്ച കത്തിലാണ് ലെബനോൻ ഉടനെ സന്ദർശിക്കുന്നതിനുള്ള തൻറെ ആഗ്രഹം മാർപാപ്പ ആവർത്തിച്ചു രേഖപ്പെടുത്തിയിരിക്കുന്നത്. ദേവദാരുക്കളുടെ നാടായ ലെബനോന്റെ ഉന്മേഷത്തെയും വിഭവസമൃദ്ധിയെയും ഇല്ലാതാക്കുന്ന സഹനങ്ങളും കഷ്ടപ്പാടുകളും തന്നെ അതീവ ആശങ്കയിലാഴ്ത്തുന്നുവെന്നും, ഇത് വേദനാജനകമാണെന്നും പാപ്പ കത്തില്‍ കുറിച്ചു.

സമാധാനത്തിൽ ജീവിക്കാനും സ്വാതന്ത്ര്യത്തിൻറെ സന്ദേശവും സമാധാനപരമായ സഹജീവനത്തിന്റെ സാക്ഷ്യവും ആയിരിക്കാനുമുള്ള അമൂല്യമായ അഭിലാഷം ലെബനോൻ ജനതയ്ക്ക് നിഷേധിക്കപ്പെട്ടു കാണുന്നു. പൊതുജനത്തിന്റെ താല്പര്യം സംരക്ഷിക്കാൻ പാപ്പ ലെബനോന്റെ ഉത്തരവാദിത്വം പേറുന്നവരെ ആഹ്വാനം ചെയ്തു. സ്വാർത്ഥ താല്പര്യത്തിനു ശ്രമിക്കാതെ നാടിൻറെയും സമൂഹത്തിന്റെയും ക്ഷേമത്തിനായി പ്രവർത്തിക്കാൻ ഓർമ്മിപ്പിച്ചുകൊണ്ടും പ്രാര്‍ത്ഥന നേര്‍ന്നുകൊണ്ടുമാണ് പാപ്പ തന്റെ കത്ത് ചുരുക്കുന്നത്.

വലിയ ക്രൈസ്തവ ചരിത്രമുള്ള പശ്ചിമേഷ്യൻ രാജ്യമാണ് ലെബനോൻ. ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന നിരവധി പട്ടണങ്ങൾ ലെബനോനിലുണ്ട്. ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവ സമൂഹം നാല്‍പ്പതു ശതമാനം മാത്രമാണ്. രാജ്യത്തെ പടുത്തുയർത്തിയതിൽ ക്രൈസ്തവർ വലിയ പങ്കാണ് വഹിച്ചത്. ഇന്ന്‍ ലോകരാഷ്ട്രങ്ങളിൽ ഏറ്റവും കടമുള്ള രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള ലെബനോന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 611