News - 2025

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ബെലാറസ് ആര്‍ച്ച് ബിഷപ്പ് സ്വദേശത്ത് തിരിച്ചെത്തി

പ്രവാചക ശബ്ദം 30-12-2020 - Wednesday

മോസ്കോ: നാലുമാസത്തെ നിര്‍ബന്ധിത നാടുകടത്തലിനു ശേഷം ബെലാറസിലേ മിൻസ്ക് & മഹ്ലിയോ ആർച്ച് ബിഷപ്പ് തദേവുസ് കോണ്ട്രൂസ്യൂവിച്ച്സ് ജന്മദേശത്ത് തിരിച്ചെത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് ബെലാറസ് മണ്ണിനെ മുട്ടുകുത്തി ചുംബിച്ച ശേഷം തലസ്ഥാന നഗരമായ മിന്‍സ്കിലെത്തിയ ആര്‍ച്ച് ബിഷപ്പ് മിന്‍സ്കിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ ക്രിസ്തുമസ്സ് കുര്‍ബാന അര്‍പ്പിച്ചു. ഫ്രാന്‍സിസ് പാപ്പയുടേയും, അപ്പസ്തോലിക ന്യൂണ്‍ഷോ മോണ്‍. ആന്റെ ജോസിക്കിന്റേയും ഇടപെടലാണ് മോണ്‍. കോണ്ട്രൂസ്യൂവിച്ച്സിന്റെ തിരിച്ചുവരവിന് കളമൊരുക്കിയത്. സ്വന്തം രാഷ്ട്രത്തിനെതിരെ വിദേശശക്തികളുമായി കൂടിയാലോചന നടത്തി എന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പുറത്താണ് ഇക്കഴിഞ്ഞ നാലു മാസങ്ങളായി അദ്ദേഹത്തെ ബെലാറസിലേക്ക് പ്രവേശിക്കുന്നത് ഭരണകൂടം തടഞ്ഞത്.

മിന്‍സ്കിലെത്തിയ ഉടന്‍തന്നെ മെത്രാപ്പോലീത്ത ‘മോസ്റ്റ്‌ ഹോളി നെയിം ഓഫ് മേരി’ കത്തീഡ്രല്‍ പരിസരത്ത് പത്രസമ്മേളനം വിളിച്ചു. “ഇതെന്റെ ദേശമാണ്‌. “ഞാന്‍ ഇവിടെയാണ് വളര്‍ന്നത്. ബെലാറസിനെതിരെ ഞാന്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ബെലാറസിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാനാണ് ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഇനിയും ഞാന്‍ അങ്ങിനെതന്നെ ചെയ്യും” നിറഞ്ഞ കണ്ണുകളോടെ വികാരാധീനനായി മെത്രാപ്പോലീത്ത പറഞ്ഞു. പോളണ്ടിലായിരുന്ന സമയത്ത് തന്റെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ധ്യാനങ്ങളും, കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കുവാന്‍ കഴിഞ്ഞുവെന്നും, തന്റെ പരിപാടികള്‍ 40,000 ആളുകള്‍ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. ബെലാറൂസ് വിദേശ മന്ത്രാലയവും, നണ്‍ഷ്യേച്ചറും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മോണ്‍. കോണ്ട്രുസിയവിക്സിന്റെ തിരിച്ചു വരവ് സാധ്യമായത്.

തന്റെ തിരിച്ചുവരവിന് കാരണക്കാരായവര്‍ക്ക് നന്ദി പറയുവാനും മെത്രാപ്പോലീത്ത മറന്നില്ല. ഡിസംബര്‍ 24ന് മെട്രോപ്പൊളിറ്റന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ ബെലാറൂസിലെ അപ്പസ്തോലിക നണ്‍സിയോ ആന്റെ ജോസി, മിന്‍സ്ക്-മോഗിലേവ് അതിരൂപതാ വികാര്‍ ജെനറാല്‍ ജുരിജ് കൊസോബുട്സ്കി തുടങ്ങിയവര്‍ പങ്കെടുക്കുകയുണ്ടായി. ഓണ്‍ലൈനിലൂടെ തത്സമയ സംപ്രേഷണം ചെയ്ത കുര്‍ബാന നാലായിരത്തോളം ആളുകളാണ് കണ്ടത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »