Arts - 2025
നാസികള്‍ കൊള്ളയടിച്ച 16ാം നൂറ്റാണ്ടിലെ പള്ളിമണി പോളണ്ടിലെ ദേവാലയത്തിലേക്ക്
പ്രവാചക ശബ്ദം 30-12-2020 - Wednesday
വാര്‍സോ: രണ്ടാം ലോകമഹായുദ്ധക്കാലത്ത് തെക്കന്‍ പോളണ്ടിലെ കത്തോലിക്ക ദേവാലയത്തില്‍ നിന്നും നാസികള്‍ കൊള്ളയടിച്ച 465 വര്‍ഷങ്ങളുടെ പഴക്കമുള്ള ഭീമന്‍ പള്ളി മണി എഴുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ലാവിസിസ് പട്ടണത്തിലെ സെന്റ് കാതറിന്‍ ദേവാലയത്തില്‍ തിരിച്ചെത്തിക്കും. 80,000ത്തോളം പള്ളിമണികള്‍ നാസികള്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുവാന്‍ ഉരുക്കിയിട്ടുണ്ടെന്ന ജര്‍മ്മനിയിലെ മുന്‍സ്റ്റര്‍ രൂപതയുടെ വെളിപ്പെടുത്തലാണ് പള്ളി മണി കണ്ടുപിടിക്കാന്‍ സഹായകമായത്.
മുന്‍സ്റ്റര്‍ രൂപതയിലെ ഒരു കത്തോലിക്കാ പള്ളിയിലെ അങ്കണത്തില്‍ നിന്നുമാണ് 1555-ല്‍ നിര്‍മ്മിക്കപ്പെട്ട 400 കിലോഗ്രാം ഭാരമുള്ള ഈ പള്ളിമണി കണ്ടെത്തിയത്. പോളിഷ് കത്തോലിക്കാ വൈദികനായ മാരിയന്‍ ബെഡ്നാരെകാണ് ദശാബ്ദങ്ങളായി മറ്റു രണ്ടുമണികള്‍ക്കൊപ്പം ആരാലും ശ്രദ്ധിക്കപ്പെടാതെ നിലയിലുണ്ടായിരിന്ന മണി കണ്ടെത്തിയത്. ഒരു റഫറന്‍സ് പുസ്തകത്തില്‍ മണിയെക്കുറിച്ച് രേഖപ്പെടുത്തിയിരുന്നതും സഹായകമായി.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉരുക്കാതെ കിടന്നിരുന്ന ചില മണികള്‍ അതാത് ദേവാലയങ്ങള്‍ക്ക് തിരിച്ചുനല്‍കിയെങ്കിലും സെന്റ് കാതറിന്‍ ദേവാലയത്തിലേതു പോലെ കിഴക്കന്‍ മേഖലകളില്‍ നിന്നും പിടിച്ചെടുത്ത നിരവധി മണികള്‍ സെമിത്തേരിയില്‍ ഇട്ടിരിക്കുകയായിരുന്നു. കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള മണികള്‍ തിരികെ കൊടുക്കുന്നത് ബ്രിട്ടീഷ് സൈന്യം വിലക്കിയിരുന്നെന്നും, ഈ മണികള്‍ അതാത് രാജ്യങ്ങളിലെ ദേവാലയങ്ങള്‍ക്ക് തിരികെ ഏല്‍പ്പിക്കുന്നതിനു പകരം പഴയ പാശ്ചാത്യ ജര്‍മ്മനിയിലെ ദേവാലയങ്ങള്‍ക്ക് കടം കൊടുക്കുകയായിരുന്നുവെന്നുമാണ് മുന്‍സ്റ്റര്‍ രൂപത പറയുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)