Life In Christ - 2025

അവര്‍ പറഞ്ഞു 'ഞാന്‍ ക്രിസ്ത്യാനി', ശേഷം മരണം ഏറ്റുവാങ്ങി: ക്രിസ്തുമസിന് തട്ടിക്കൊണ്ടുപോയ നൈജീരിയന്‍ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ പുറത്തുവിട്ട് ഐ‌എസ്

പ്രവാചക ശബ്ദം 01-01-2021 - Friday

ജോസ്, നൈജീരിയ: ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ വടക്ക് കിഴക്കന്‍ നൈജീരിയയില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിയ ക്രൈസ്തവരെ കൊലപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. ക്രൈസ്തവ വിശ്വാസം ഏറ്റുപറഞ്ഞതിന്റെ പേരില്‍ വെടിവെച്ചു കൊലപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റിന്റെ വാര്‍ത്താ ഏജന്‍സിയായ ‘അമാക്ക്’ ആണ് പുറത്തുവിട്ടത്. ഓറഞ്ച് വസ്ത്രമിട്ട് കൈകള്‍ പിന്നില്‍ ബന്ധിച്ച നിലയില്‍ മുട്ടുകുത്തി നില്‍ക്കുന്ന ക്രൈസ്തവര്‍ക്ക് പിന്നില്‍ നില്‍ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രൊവിന്‍സില്‍പ്പെട്ട (ഇസ്വാപ്) ആയുധധാരികളായ തീവ്രവാദികള്‍ പേര് പറയുവാന്‍ ഹൗസാ ഭാഷയില്‍ അജ്ഞാപിക്കുന്നതും, പേരിനോടൊപ്പം “ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്” എന്ന് ബന്ധികള്‍ പറയുന്നതും വീഡിയോയില്‍ ദൃശ്യമാണ്.

നൈജീരിയയിലും ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്കും ഇതൊരു മുന്നറിയിപ്പായിരിക്കട്ടെയെന്നും നിങ്ങളുടെ ദൈവീകമല്ലാത്ത ആചാരങ്ങള്‍ക്ക് ഈ അഞ്ചു ക്രൈസ്തവരുടെ തലകള്‍ കൂടി ഉപയോഗിച്ചോളൂ എന്നും പറഞ്ഞുകൊണ്ടാണ് വധിക്കുന്നത്. ഉകാ ജോസഫ്, സണ്ടേ, വില്‍സണ്‍, ജോഷ്വാ, മൈദുഗു, ഗര്‍ബാ യൂസഫ്‌ എന്നിവരാണ് കൊല്ലപ്പെട്ടതെന്നു മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്തുമസ് ദിനത്തില്‍ ഇസ്വാപ് തീവ്രവാദികള്‍ അഡാമാവ സംസ്ഥാനത്തില്‍ നടത്തിയ ആക്രമണത്തിലാണ് 11 ക്രിസ്ത്യാനികളും ബന്ധിയാക്കപ്പെടുന്നത്. ആറ് ക്രൈസ്തവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിന്നു. ഗാര്‍കിഡ പട്ടണത്തില്‍ നടന്ന ആക്രമണത്തില്‍ നിരവധി ക്രിസ്ത്യന്‍ ഭവനങ്ങളും ഒരു ആശുപത്രിയും അഗ്നിക്കിരയാക്കുകയും, കടകളും സ്റ്റോറുകളും, കൊള്ളയടിക്കുകയും ചെയ്തിരിന്നു.

കൊല്ലപ്പെട്ട അഞ്ചു ക്രൈസ്തവരും ക്രിസ്തുമസ് ദിനത്തില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 11 പേരില്‍ ഉള്‍പ്പെടുന്നവരാണെന്നറിയിച്ചു കൊണ്ടുള്ള പ്രദേശവാസികളുടെ സന്ദേശം ഡിസംബര്‍ 30നാണ് മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിന് ലഭിക്കുന്നത്. തന്റെ സഹോദരന്‍ ഉള്‍പ്പെടെ 4 ക്രിസ്ത്യാനികള്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടെന്ന് വടക്കന്‍ നൈജീരിയയിലെ മോസസ് അബാര്‍ഷി എന്ന ക്രിസ്ത്യന്‍ നേതാവ് തങ്ങളെ അറിയിച്ചതായി മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് പറയുന്നു. ഇസ്ലാമില്‍ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പെന്ന് പറഞ്ഞുകൊണ്ടു 5 പേരെ കൊല്ലുന്ന വീഡിയോ ഇക്കഴിഞ്ഞ ജൂലൈ 22നും ഇസ്വാപ് പുറത്തുവിട്ടിരുന്നു. ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളെ കുറിച്ച് ഓപ്പണ്‍ഡോഴ്സ് യു.എസ്.എ പുറത്തുവിട്ട പട്ടികയില്‍ പന്ത്രണ്ടാമതാണ് നൈജീരിയയുടെ സ്ഥാനം. ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക   

More Archives >>

Page 1 of 54