India - 2025
വൈദികന്‍റെ വൃക്കദാനം ജീവനേകുന്നത് രണ്ടുപേര്‍ക്ക്
ദീപിക 02-02-2021 - Tuesday
കോഴിക്കോട്: പൗരോഹിത്യം മാനവസേവനമാണെന്ന് ജീവിതത്തിലൂടെ തെളിയിക്കുകയാണ് ഫാ. ജോജോ മണിമല എന്ന മുപ്പത്താറുകാരനായ കപ്പൂച്ചിന്‍ സഭാംഗം. ഇദ്ദേഹം വൃക്ക ദാനം ചെയ്യുന്നതോടെ ഇരുളടഞ്ഞ രണ്ടു ജീവനുകളാണ് തളിരിടുക. സാധാരണ വൃക്ക ദാനം ചെയ്യുന്നത് ഒരാള്‍ക്കാണ്. എന്നാല്‍ ഫാ. ജോജോയുടെ വൃക്കദാനം രണ്ടുപേര്‍ക്കാണ് ജീവനേകുന്നത്. പാലക്കാട് സ്വദേശിക്കാണ് ഫാ. ജോജോ വൃക്ക നല്‍കുന്നത്. ഇതിനു പകരമായി അദ്ദേഹത്തിന്റെ ഭാര്യ താമരശേരി തെയ്യപ്പാറയിലെ ഇരുപത്തിനാലുകാരന് തന്റെ വൃക്ക നല്‍കി നന്മയുടെ സ്‌നേഹച്ചങ്ങലയൊരുക്കും.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നാണ് വൃക്കദാനം. നാലുപേരും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. കണ്ണൂര്‍ പാവനാത്മ പ്രോവിന്‍സിലെ (കപ്പൂച്ചിന്‍) ഫാ. ജോജോ മണിമല ഇരിട്ടി ഡോണ്‍ ബോസ്‌കോ കോളജിലെ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിയാണ്. ജീസസ് യൂത്തിന്റെ മുന്‍നിര പ്രവര്‍ത്തകനായ ഫാ. ജോജോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
നിലമ്പൂര്‍ പാലേമാട് സെന്റ് തോമസ് ഇടവക മണിമല തോമസിന്റെയും മേഴ്‌സിയുടെയും മകനാണ്. ഏഴുവര്‍ഷം മുമ്പാണ് പൗരോഹിത്യം സ്വീകരിച്ചത്. ജോയ്‌സി കൊല്ലറേട്ട് (അധ്യാപിക,സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പരിയാപുരം), സിസ്റ്റര്‍ ടെസിന്‍ എഫ്‌സിസി, ജിജോ(സൗദി അറേബ്യ) എന്നിവര്‍ സഹോദരങ്ങളാണ്.