News
ചൈനയില്‍ നൂറ്റാണ്ട് പഴക്കമുള്ള ദേവാലയത്തിലെ കുരിശ് സുരക്ഷാസേന തകര്‍ത്തു
പ്രവാചക ശബ്ദം 06-02-2021 - Saturday
വെന്‍സോ: ചൈനയിലെ ഷേജിയാങ് പ്രവിശ്യയിലെ വെന്‍സോ നഗരത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ഷൂയിസിന്‍ ദേവാലയത്തിലെ കുരിശ് ചൈനീസ് സുരക്ഷാ സേന തകര്‍ത്തു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രാത്രിയാണ് നൂറോളം വരുന്ന സുരക്ഷാ സേന ദേവാലയ മുകളില്‍ സ്ഥാപിച്ചിരുന്ന കുരിശ് നീക്കം ചെയ്തത്. ഇത് രണ്ടാം തവണയാണ് ദേവാലയത്തിലെ കുരിശ് തകര്‍ക്കപ്പെടുന്നത്. 2014 ജൂണ്‍ മാസത്തിലും പ്രാദേശിക അധികാരികള്‍ ദേവാലയത്തിലെ കുരിശ് നീക്കം ചെയ്തിരുന്നു. തങ്ങളുടെ അപേക്ഷയെ മാനിക്കാതെ സുരക്ഷാ സേന കുരിശ് നിര്‍ബന്ധപൂര്‍വ്വം നീക്കം ചെയ്യുകയായിരുന്നെന്നു ഇടവകവിശ്വാസികള്‍ പറയുന്നു. ക്രെയിന്‍ ഉപയോഗിച്ച് കുരിശ് താഴെ ഇറക്കുന്ന വീഡിയോ ചൈനീസ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് പുറത്തുവിട്ടിട്ടുണ്ട്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.സി.പി) ലോങ്വാന്‍ ജില്ലയിലെ യാവോസി സബ്ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി ഴോ ക്വിങ്ങ്ക്വാന്‍, യൂണിറ്റ് ഫ്രണ്ട് വര്‍ക്ക് കമ്മീഷണര്‍ ഹു സിയാഡോങ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സുരക്ഷാ സേന ഗേറ്റ് കീപ്പറെ കീഴ്പ്പെടുത്തിയാണ് കുരിശ് താഴെ ഇറക്കിയത്. വൈദ്യതി ബന്ധം വിച്ചേദിക്കുകയും, ദേവാലയത്തില്‍ ജോലി ചെയ്യുന്ന ആളിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തതിനു പുറമേ, ഒരു വചനപ്രഘോഷകനെ മര്‍ദ്ദിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2014-ല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സുരക്ഷാ സേന തങ്ങളുടെ കുരിശ് നീക്കം ചെയ്തുവെന്നും പിന്നീട് നാലു വര്‍ഷം ശേഷം സ്ഥാപിച്ച കുരിശാണ് ഇപ്പോള്‍ നീക്കം ചെയ്തതെന്നും പ്രദേശവാസി കൂടിയ ലിന്‍ പറഞ്ഞു. ദേവാലയങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയും കുരിശുകള്‍ നീക്കം ചെയ്തും ചൈനയിലെ വിശ്വാസവിരുദ്ധത തുടര്‍ക്കഥയാകുകയാണ്. ആഗോള ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിദ്ധാന്തങ്ങള്‍ക്കു അനുസൃതമായി മാറ്റിയെഴുതുകയാണെന്ന ആരോപണവുമായി മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ രംഗത്തുവന്നിരിന്നു.