News

നോമ്പുകാലത്തില്‍ പീഡിത ക്രൈസ്തവ സമൂഹത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ട്: എ‌സി‌എന്‍ പ്രതിനിധിയുടെ തുറന്നുപറച്ചില്‍

പ്രവാചക ശബ്ദം 13-02-2021 - Saturday

ബ്രസല്‍സ്: നോമ്പുകാലത്ത് പീഡിത ക്രൈസ്തവ സമൂഹത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ യൂറോപ്യൻ യൂണിയനിലേക്കും, ഐക്യരാഷ്ട്ര സംഘടനയിലേക്കുമുള്ള പ്രതിനിധി മാർസലാ സിമാൻസ്കി. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ നിന്നും വീഡിയോ വഴി നടത്തിയ പത്രസമ്മേളനത്തിലാണ് ഇത്തരമൊരു പ്രതികരണം സിമാൻസ്കി മുന്നോട്ടുവെച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ നോമ്പുകാല സന്ദേശത്തെ ആസ്പദമാക്കികൊണ്ട് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ പീഡനം ഏൽക്കുന്ന ക്രൈസ്തവരുടെ കഥകൾ മാർസലാ സിമാൻസ്കി വിവരിച്ചു. വിശ്വാസം ഉപേക്ഷിക്കുന്നതിനേക്കാളും മരിക്കാൻ സന്നദ്ധരായ ആളുകളുടെ ജീവിതം എളുപ്പത്തിൽ ഉൾക്കൊള്ളാന്‍ സാധിക്കാത്തതാണെന്നും തങ്ങളുടെ അനുഭവം പങ്കുവെക്കുമ്പോൾ അത് കേൾക്കുന്നവരോട് പ്രാർത്ഥനാ സഹായം ആവശ്യപ്പെടണമെന്ന് പീഡിത ക്രൈസ്തവസമൂഹം തന്നോട് പറഞ്ഞിരുന്നതായും മാർസലാ സിമാൻസ്കി സ്മരിച്ചു.

ബൈബിൾ വായിക്കണമെന്ന് തോന്നുമ്പോൾ അത് സ്വാതന്ത്ര്യത്തോടെ വായിക്കാനും, അനുദിനം ദേവാലയത്തിൽ പോകാനും, മറ്റുള്ളവരെ പോലെ തിരുപ്പിറവി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കണമെന്നും അവർ പറയാറുണ്ട്. എന്നാൽ നിങ്ങൾ ഞങ്ങളെപ്പോലെ ആകാനല്ല, മറിച്ച് ഞങ്ങൾ നിങ്ങളെ പോലെ ആകാനാണ് താൻ പ്രാർത്ഥിക്കുകയെന്ന് മറുപടി പറഞ്ഞതായി സിമാൻസ്കി പറഞ്ഞു. പീഡിത ക്രൈസ്തവ സമൂഹത്തിന്റെ ഉറച്ച വിശ്വാസവും, ഭാവിയെപ്പറ്റിയുള്ള പ്രത്യാശയും ബാക്കിയുള്ളവർക്കും ലഭിക്കണമെന്ന് മാർസലാ സിമാൻസ്കി കൂട്ടിച്ചേർത്തു. അന്‍പത്തിരണ്ടാമത്തെ വയസ്സിൽ കാൻസർ പിടിപെട്ട് മരണമടഞ്ഞ സിറിയയിലെ ഹോംസ്, ഹമാ പ്രദേശത്തെ സിറിയൻ ഓർത്തഡോക്സ് മെത്രാനായിരുന്ന സിൽവാനോസ് പെട്രോസ് അൽ നെമേയുടടെ സഹന ജീവിതവും എയിഡ് ടു ദി ചർച്ച് പ്രതിനിധി വിവരിച്ചു.

ഒരു അനാഥാലയത്തിൽ വളർന്ന അദ്ദേഹം ദൈവവിളി കണ്ടെത്തി സഹോദരനോടൊപ്പം വൈദികനായി. ബോംബ് ആക്രമണങ്ങൾ പ്രദേശത്ത് പതിവായി നടക്കുമ്പോൾ ബിഷപ്പ് സിൽവാനോസ് അനാഥക്കുട്ടികളെ സുരക്ഷിത സ്ഥലത്തേക്ക് എത്തിക്കാൻ തെരുവിലൂടെ ഓടി നടന്നു. 2014ൽ നടന്ന ഒരു ബോംബാക്രമണത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ കൊല്ലപ്പെട്ടു. എന്നാൽ തന്റെ ഉദ്യമവുമായി മുന്നോട്ടുപോയ മെത്രാൻ യുദ്ധം അവസാനിച്ചപ്പോൾ കുട്ടികൾക്കുവേണ്ടി കിൻഡർ ഗാർഡനും, സ്കൂളുകളും പുനരാരംഭിച്ചു.

2017-ല്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ ഒരു സ്യൂട്ട് കേസ് നിറയെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ വരച്ച ചിത്രങ്ങൾ അദേഹം ബ്രസൽസിലെ രാഷ്ട്രീയ നേതാക്കന്മാരെ കാണിക്കാൻ കൊണ്ടുവന്നിരുന്നു. ഇതിലൂടെ തങ്ങളുടെ അവസ്ഥ അദ്ദേഹം അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. ഒരുതവണ യൂറോപ്യൻ രാഷ്ട്രീയക്കാരിൽ നിന്നും മെത്രാന് അപമാനം നേരിട്ടതായും സിമാൻസ്കി ഓർത്തെടുത്തു. എന്നാൽ അദ്ദേഹം അത് ഗൗനിച്ചില്ല. അദ്ദേഹം സിറിയയിലേക്ക് മടങ്ങി അവസാനശ്വാസം വരെ നിരാലംബരായ കുട്ടികൾക്ക് വേണ്ടി ജീവിച്ചുവെന്നും മാർസലാ സിമാൻസ്കി പറഞ്ഞു. ഇറാഖ്, സിറിയ തുടങ്ങീ ക്രൈസ്തവര്‍ അതികഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വിവിധ രാജ്യങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ സഹായം നല്കി വരുന്ന സന്നദ്ധ സംഘടനയാണ് എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »