Arts
പതിനായിരങ്ങള്‍ക്ക് ക്രിസ്താനുഭവം പകര്‍ന്ന 'ദി ചോസൺ' പരമ്പര ഇനി ട്രിനിറ്റി നെറ്റ്‌വർക്കിലും
പ്രവാചക ശബ്ദം 15-02-2021 - Monday
വാഷിംഗ്ടണ്‍ ഡിസി: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസി സമൂഹം ഇരുകൈകളും നീട്ടി സ്വീകരിച്ച ക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച 'ദി ചോസൺ' പരമ്പര ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കിൽ സംപ്രേഷണം ആരംഭിച്ചു. പരമ്പരയുടെ ആദ്യത്തെ സീസണിൽ എട്ട് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ഫെബ്രുവരി എട്ടാം തീയതിയാണ് ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കിൽ ആദ്യത്തെ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഓരോ എപ്പിസോഡുകളും യേശുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ സഹായകമായ വിധത്തില്‍ ഹൃദയസ്പര്‍ശിയായ വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മുന്നോട്ടുള്ള എട്ടാഴ്ച എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലുമാണ് 'ചോസണ്‍' സംപ്രേഷണം ചെയ്യുക.
ദി ചോസൺ തങ്ങളുടെ മാധ്യമത്തിലൂടെ കാഴ്ചക്കാരിൽ എത്തിക്കുക വഴി മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത ഒരു ക്രിസ്താനുഭവം അവർക്ക് നൽകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ട്രിനിറ്റി ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്ക് ചെയർമാൻ മാറ്റ് ക്രൗച്ച് പ്രതികരിച്ചു. പരമ്പരയുടെ ആദ്യത്തെ സീസൺ 180 രാജ്യങ്ങളിലായി അഞ്ചുകോടിയോളം ആളുകളാണ് വീക്ഷിച്ചത്. 50 ഭാഷകളിലായി പരമ്പര ഡബ്ബ് ചെയ്യപ്പെട്ടു. ഇതിനോടകം തന്നെ രണ്ടാമത്തെ സീസണിന്റെ ചിത്രീകരണവും ആരംഭിച്ചിട്ടുണ്ട്. ആളുകൾ നൽകുന്ന സംഭാവനയിലൂടെ ചിത്രീകരണം നടത്തുന്ന ഏറ്റവും വലിയ മാധ്യമ സംരംഭമായി ദി ചോസൺ മാറിയിരിന്നു. 20 മില്യൻ ഡോളറാണ് പരമ്പരക്ക് വേണ്ടി ഇതിനോടകം സംഭാവനയായി ലഭിച്ചിട്ടുള്ളത്.