News - 2025

ക്രൈസ്തവ ദേവാലയം ആക്രമിക്കപ്പെട്ട സംഭവം: അധികാരികളുടെ മൗനത്തിനെതിരെ ബംഗ്ലാദേശി ക്രിസ്ത്യന്‍ സമൂഹം

പ്രവാചക ശബ്ദം 17-02-2021 - Wednesday

ദിനാജ്പൂര്‍, ബംഗ്ലാദേശ്: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ ദിനാജ്പൂരില്‍ നിന്നും 70 മൈല്‍ ദൂരെയുള്ള ക്രൈസ്തവ ദേവാലയം ആക്രമിച്ച് കൊള്ളയടിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പ്രാദേശിക അധികാരികള്‍ നിസ്സംഗത പാലിക്കുന്നതിനെതിരെ ബംഗ്ലാദേശി ക്രിസ്ത്യന്‍ സമൂഹം. ഇക്കഴിഞ്ഞ ഫെബ്രുവരി 10 നാണ് മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ നാലു അക്രമികള്‍ അഡിട്ട്മാരി ഉപാസിലയിലെ ഇമ്മാനുവല്‍ ദേവാലയം ആക്രമിച്ച് കൊള്ളയടിക്കുകയും ദേവാലയത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തത്. ഫെബ്രുവരി 14ന് പ്രാദേശിക പ്രൊട്ടസ്റ്റന്റ് പാസ്റ്ററായ ലോവ്ലു എസ്. ലെവി പ്രാദേശിക പോലീസില്‍ പരാതി സമര്‍പ്പിച്ചില്ലെങ്കിലും ഇതുവരെ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ലെന്നാണ് ക്രിസ്ത്യന്‍ സമൂഹം ഒന്നടങ്കം പറയുന്നത്.

ദേവാലയത്തിന്റെ പേരെഴുതിയ ബോര്‍ഡിന് കേടുപാടുകള്‍ വരുത്തുകയും, മരങ്ങള്‍ വെട്ടി നശിപ്പിക്കുകയും ചെയ്ത ശേഷം ദേവാലയത്തിന്റെ പൂട്ട്‌ തകര്‍ത്ത് അകത്തു പ്രവേശിച്ച അക്രമികള്‍ ദേവാലയത്തിലെ കസേരകളും തറവിരികളും മോഷ്ടിച്ചു. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട ആക്രമണമാണിതെന്നാണ് പോലീസ് ഭാഷ്യമെങ്കിലും, പ്രാദേശിക മുസ്ലീങ്ങളുടെ ഒരു യോഗത്തില്‍ നിന്നുമാണ് ദേവാലയം ആക്രമിക്കുവാനുള്ള പ്രേരണ ഉണ്ടായതെന്ന്‍ പാസ്റ്റര്‍ ലെവി വെളിപ്പെടുത്തിയതായി യു.സി.എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗത്തില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളും ഉണ്ടായതായി പാസ്റ്റര്‍ വെളിപ്പെടുത്തി. ഇതിനുമുന്‍പും ദേവാലയത്തിന് നേര്‍ക്ക് മതപരമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നു പാസ്റ്റര്‍ ലെവി പറയുന്നു.

ഇസ്ലാമിക തീവ്രവാദം കൊടുമ്പിരിക്കൊണ്ടിരുന്ന 2015-ല്‍ തനിക്ക് വധഭീഷണിവരെ ഉണ്ടായിരുന്നുവെന്നും, 2019-ല്‍ തനിക്ക് നേര്‍ക്ക് ആക്രമണമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സംഭവങ്ങള്‍ക്ക് ശേഷം തങ്ങളുടെ സമൂഹാംഗങ്ങളായ 46 ക്രൈസ്തവരും ഭയത്തോടെയാണ് കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പു തരുന്നുണ്ടെങ്കിലും രാജ്യത്തെ ഇസ്ലാമിക മൗലീകവാദികള്‍ മതസ്വാതന്ത്ര്യത്തെ ഭീഷണിയുടെ നിഴലിലാക്കിയിരിക്കുകയാണെന്ന് പാസ്റ്റര്‍ ആരോപിച്ചു. വാസ് മഹഫിലുകളില്‍ ഉന്നത മുസ്ലീം പണ്ഡിതന്‍മാര്‍ നടത്തുന്ന വിദ്വേഷപരമായ പ്രസംഗങ്ങള്‍ക്കെതിരെ ബംഗ്ലാദേശി സര്‍ക്കാര്‍ രംഗത്തുവന്നെന്ന് ഇക്കഴിഞ്ഞ ജനുവരിയില്‍ ‘ഡെയിലി സ്റ്റാര്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. ലോകത്ത് ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളെ കുറിച്ചുള്ള പട്ടികയില്‍ മുപ്പത്തിയൊന്നാം സ്ഥാനത്താണ് ബംഗ്ലാദേശ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 625