News
കേരളത്തിലെ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ധീര പോരാളി സൈമൺ അക്കരപറമ്പൻ വിടവാങ്ങി
പ്രവാചക ശബ്ദം 13-02-2021 - Saturday
തൃശൂര്‍: കേരളത്തിലെ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ശക്തനായ ജീവന്റെ പോരാളി തൃശൂർ അതിരൂപതയിലെ അട്ടാട്ട് ഇടവക അക്കരപറമ്പൻ വറീത് മകൻ സൈമൺ അന്തരിച്ചു. ജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുവാൻ നിരന്തരം പട പൊരുതിയിരുന്ന സൈമണ്‍ ഒന്‍പതു മക്കളുടെ പിതാവാണ്. ഭാര്യ ബിന്ദു പത്താമത്തെ കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുവാന്‍ ആരംഭിച്ചിട്ട് മൂന്നു മാസമായിരിന്നു. ഇന്നലെ മരം മുറിയ്ക്കിടെ മരത്തിൽ നിന്നും താഴെ വീണായിരിന്നു അന്ത്യം. ദൈവം വരദാനമായി നല്‍കിയ മക്കളെ ഇരുകൈയും നീട്ടി സ്വീകരിച്ച സൈമണ്‍ അവരെ നല്ല നിലയില്‍ വളര്‍ത്താന്‍ സര്‍വ്വ മേഖലയിലും തൊഴില്‍ ചെയ്തിരിന്നു. മരംമുറി, ടൈല്‍ പണി, മേസ്തിരി പണി, വെല്‍ഡിംഗ്, ട്രസ് വർക്ക്, പഴയ വീട് പൊളിച്ചു വില്‍ക്കല്‍, പ്ലംബിംഗ് പണി തുടങ്ങി നിരവധി മേഖലകളില്‍ അദ്ദേഹം തന്റെ വൈദഗ്ദ്ധ്യം തെളിയിച്ചിരിന്നു.
1999 നവംബര്‍ എട്ടിനാണ് സൈമണിന്റെ ജീവിത പങ്കാളിയായി ബിന്ദു കടന്നുവരുന്നത്. വിവാഹിതരാകുമ്പോള്‍ സൈമണിന് 21 വയസ്സും ബിന്ദുവിന് ഇരുപതുമായിരിന്നു പ്രായം. ഒമ്പതുമക്കളെ പസവിച്ച ബിന്ദു ഇപ്പോള്‍ പത്താമതു ഗര്‍ഭിണിയാണ്. മരം മുറിക്കുന്ന തൊഴിലില്‍ നാലു മക്കൾ വരെയുള്ളപ്പോൾ സൈമണൊപ്പം ഭാര്യയും സഹായിയായി പോകാറുണ്ടായിരിന്നു. വലിയ മരങ്ങളില്‍ സൈമണ്‍ കയറി ശിഖരങ്ങള്‍ മുറിക്കുമ്പോള്‍ താഴെ കയര്‍ വലിച്ചുമുറുക്കി ബിന്ദുവുമുണ്ടാകും. മരങ്ങള്‍ കഷണങ്ങളാക്കുമ്പോഴും അറക്കവാളിന്റെ മറുതലയ്ക്കല്‍ ഉണ്ടാവുന്നതു ബിന്ദു തന്നെ. മരം മുറിക്കുന്നതു യന്ത്ര സഹായത്തോടെ ആയപ്പോഴാണ് സൈമണ്‍ ഒറ്റയ്ക്ക് പോയിത്തുടങ്ങിയത്.
ഇന്നലെ ചിറ്റിലപ്പിളിയിൽ, തെങ്ങുമുറിക്കാൻ പോയതും ഒറ്റയ്ക്കായിരിന്നു. തലപോയ തെങ്ങായിരുന്നതിനാൽ അപകട സാധ്യത വീട്ടുകാര്‍ ചുൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ധൈര്യസമേതം തെങ്ങില്‍ കയറുകയായിരുന്നു സൈമണ്‍. തെങ്ങ് കടപുഴകിവീണ് ഗുരുതരമായി പരിക്കേറ്റ സൈമണെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വലിയ കുടുംബങ്ങളുടെ കൂട്ടായ്മയായ ലീജിയന്‍ ഓഫ് അപ്പസ്‌തോലിക് ഫാമിലീസിന്റെ ഒത്തുചേരലുകളിൽ സജീവ സാന്നിധ്യമായിരുന്നു സൈമണും കുടുംബവും.
2011 മുതൽ തൃശൂർ അതിരൂപത വലിയ കുടുംബങ്ങളെ എല്ലാ വർഷവും ആദരിച്ചു വരുന്നുണ്ട്. ഇതിന്റെ പ്രധാന സംഘാടകന്‍ കൂടിയായിരിന്നു സൈമണ്‍. 2015 മുതല്‍ തുടര്‍ച്ചയായ മൂന്ന് വർഷങ്ങളിൽ ബോൺ നത്താലെയിലെ ബിഗ് ഫാമിലിയായി കുടുംബത്തിന് അംഗീകാരം ലഭിച്ചിരുന്നു. സൈമണിന്റെ ആകസ്മിക വേര്‍പ്പാടില്‍ തൃശൂര്‍ അതിരൂപത പ്രോലൈഫ് സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സൈമണിന്റെ വേർപ്പാട് പ്രോലൈഫ് പ്രവർത്തകർക്ക് ഒരു തീരാ നഷ്ടമാണെന്ന്‍ അതിരൂപത പ്രോലൈഫ് സമിതി പ്രസിഡന്‍റ് ജെയിംസ് ആഴ്ച്ചങ്ങാടന്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക