News - 2025

ഇനി 9 ദിവസം മാത്രം ബാക്കി: പാപ്പയുടെ വരവിനായി കാത്തിരിപ്പോടെ ഇറാഖി ജനത

പ്രവാചക ശബ്ദം 24-02-2021 - Wednesday

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ്സ് വിതച്ച കടുത്ത അരക്ഷിതാവസ്ഥയില്‍ നിന്നും ആഭ്യന്തര കലാപങ്ങളില്‍ നിന്നും കരകയറുന്ന ഇറാഖിലേക്ക് എത്തുന്ന മാര്‍പാപ്പയെ വരവേല്‍ക്കാന്‍ രാജ്യത്തെ ക്രൈസ്തവ സമൂഹം ഒരുങ്ങി. മാർച്ച് അഞ്ചിന് തലസ്ഥാന നഗരമായ ബാഗ്ദാദിൽ എത്തുന്ന ഫ്രാന്‍സിസ് പാപ്പ നാലു ദിവസം നീളുന്ന അപ്പസ്തോലിക സന്ദർശനമാണ് രാജ്യത്തു നടത്തുന്നത്. പാപ്പയുടെ സന്ദര്‍ശന ക്രമീകരണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വത്തിക്കാന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരിന്നു. ബാഗ്ദാദ്, അബ്രീൽ, മൊസൂൾ, നജാഫ് എന്നീ പുരാതന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അഞ്ചുദിവസങ്ങൾ നീളുന്ന പ്രേഷിതയാത്ര.

ജനുവരി 25ന് വത്തിക്കാനിലെത്തി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ഇറാഖി പ്രസിഡന്‍റ്, ബർഹാം സലേം അപ്പസ്തോലിക സന്ദർശനത്തെ സംബന്ധിച്ച ഒരുക്കങ്ങൾ നാട്ടിൽ പൂർത്തിയാകുന്നതായി അറിയിച്ചിരിന്നു. രാജ്യത്തെ പുരാതന ക്രൈസ്തവരുടെ നിലനില്‍പ്പിന് പിന്തുണയേകുക, അവരുടെ സുരക്ഷ ഉറപ്പുവരുത്തുക, രാജ്യത്തിന്റെ ഭാവിയിൽ അവർക്ക് പങ്കാളിത്തം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ മാര്‍പാപ്പയുടെ സന്ദര്‍ശന ലക്ഷ്യങ്ങളായി രാഷ്ട്രം കണക്കാക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇറാഖിലെ ക്രൈസ്തവരുടെ ആകെയുള്ള സാന്നിധ്യം നാലിലൊന്നായി കുറഞ്ഞെന്നാണ് വിവിധ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം നൂറ്റാണ്ടുമുതല്‍ക്കേ ഇറാഖില്‍ ക്രിസ്ത്യന്‍ സമൂഹം നിലവിലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് ഇറാഖി ക്രിസ്ത്യാനികളുടെ ജനസംഖ്യ പകുതിയായി കുറഞ്ഞുവെന്നാണ് വിവിധ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

1990-കളില്‍ ഏതാണ്ട് ഒരു ദശലക്ഷത്തിലധികം ക്രൈസ്തവര്‍ ഉണ്ടായിരുന്ന ഇറാഖില്‍ 2017ആയപ്പോഴേക്കും അത് 2,50,000 ആയി കുറഞ്ഞു. സദ്ദാം ഹുസ്സൈനെ തുരത്താനുള്ള അമേരിക്കയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി അധിനിവേശവും 2014-2017 കാലയളവിലുണ്ടായ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുവാന്‍ ഐ‌എസ് തീവ്രവാദികള്‍ നടത്തിയ വ്യാപക ഇടപെടലും യുദ്ധവും ലക്ഷകണക്കിന് ക്രൈസ്തവരെയാണ് സര്‍വ്വതും ഉപേക്ഷിച്ചു പലായനം ചെയ്യുവാന്‍ പ്രേരിപ്പിച്ചത്. ഇന്നു ശാന്തതയുടെ തീരത്തേക്ക് അടുക്കുവാന്‍ ശ്രമിക്കുന്ന ഇറാഖിലേക്ക് മടങ്ങുന്ന ക്രൈസ്തവരുടെ എണ്ണവും പരിമിതമാണ്. ഈ ഒരു സാഹചര്യം നിലനില്‍ക്കെയാണ് പാപ്പയുടെ സന്ദര്‍ശനം നടക്കുന്നത്.

അതേസമയം ഫ്രാൻസിസ് മാർപാപ്പയുടെ സന്ദര്‍ശനത്തോടെ രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്ന ചിന്ത തെറ്റാണെന്ന് ബാഗ്ദാദിലെ കൽദായൻ കത്തോലിക്കാ പാത്രിയർക്കീസ് ​​കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ പറഞ്ഞു. വിവിധ മേഖലകളിലേക്ക് കുടിയേറിപ്പാർത്ത ക്രൈസ്തവര്‍ മടങ്ങിവരികയോ അവരുടെ സ്വത്ത് തിരിച്ചുപിടിക്കുകയോ ചെയ്യേണ്ടത് അദ്ദേഹത്തിന്റെ കടമയല്ല. അവരുടെ തിരിച്ചുവരവിന് അനുയോജ്യമായ വ്യവസ്ഥകൾ സൃഷ്ടിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ​​കർദ്ദിനാൾ സാക്കോ ഇക്കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »